തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാന്‍ റെയില്‍വേ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദു റഹിമാന്‍ അറിയിച്ചു. വേളാങ്കണ്ണി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് എറണാകുളത്തുനിന്ന് പത്തും തിരുവനന്തപുരത്തു നിന്ന് നാലും സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ടെന്നും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും റെയില്‍വേ അറിയിച്ചു.
ആലപ്പുഴ-കായംകുളം റൂട്ടില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്തു. ഈ റൂട്ടിലെ സിംഗിള്‍ ലൈനില്‍ ഓഗ്മെന്റേഷന്‍ നടത്തിയിട്ടുണ്ടെന്നും ഡബിള്‍ ലൈന്‍ വരുമ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും റെയില്‍വേ അറിയിച്ചു.
കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ എറണാകുളം-കൊല്ലം മെമു പുനരാരംഭിക്കണമെന്നും നിലവിലെ ട്രെയിനുകളില്‍ കൂടുതല്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍ അനുവദിക്കണമെന്നുമുള്ള മന്ത്രിയുടെ ആവശ്യം പരിഗണിക്കാമെന്ന് റെയില്‍വേ അറിയിച്ചു.
വര്‍ക്കല കാപ്പില്‍ റെയില്‍വേ ലൈന്‍ വളരെ ഉയരത്തിലായതിനാല്‍ അവിടെ റെയില്‍വേ അണ്ടര്‍ പാസ്സേജ് നിര്‍മ്മാണത്തിന് പൊതുമാരാമത്ത് വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കാന്‍ ധാരണയായി.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണ പ്രവര്‍ത്തനം അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും.
















