തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വീണ്ടും മിന്നല്‍ പരിശോധനകള്‍ നടത്തി. 7 ജില്ലകളില്‍ നിന്നായി 4513 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി. ഒന്നര ആഴ്ച മുമ്പ് നടത്തിയ പരിശോധനകളില്‍ 16,565 ലിറ്റര്‍ പിടികൂടിയിരുന്നു. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഓണക്കാല പരിശോധനകള്‍ക്ക് പുറമേ പ്രത്യേക പരിശോധനകള്‍ കൂടി നടത്തിയത്.
വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. പത്തനംതിട്ട 300 ലിറ്റര്‍, ഇടുക്കി 107 ലിറ്റര്‍, തൃശൂര്‍ 630 ലിറ്റര്‍, പാലക്കാട് 988 ലിറ്റര്‍, മലപ്പുറം 1943 ലിറ്റര്‍, കാസര്‍ഗോഡ് 545 ലിറ്റര്‍ എന്നിങ്ങനെയാണ് സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തത്.
പൊതുജനങ്ങള്‍ക്ക് വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 1125 ലേക്ക് അറിയിക്കാം.
















