ബെംഗളൂരു: ധര്‍മസ്ഥല ക്ഷേത്രത്തിനെതിരായ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മുന്‍ ശുചീകരണത്തൊഴിലാളി ചിന്നയ്യ ഹാജരാക്കിയ തലയോട്ടിയിലുണ്ടായിരുന്ന മണ്ണ് ധര്‍മസ്ഥലയിലേതല്ലെന്നാണ് ഫോറന്‍സിക് പരിശോധനയിെല കണ്ടെത്തല്‍. തലയോട്ടി 40 വര്‍ഷം മുമ്പു മരിച്ച പുരുഷന്റേതാണെന്നു വ്യക്തമായി. തലയോട്ടി ആരുടേതെന്നു കണ്ടെത്താനാണ് എസ്‌ഐടി തീരുമാനം. കേസില്‍ വ്യാജ തെളിവുകള്‍ നല്കിയതിനു പിന്നാലെ ചിന്നയ്യയെ എസ്‌ഐടി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 2023 ഡിസംബറില്‍ ഒരു സംഘം രണ്ടു ലക്ഷം രൂപ നല്കിയെന്ന് ചിന്നയ്യ അന്വേഷണ സംഘത്തിനു മൊഴി നല്കിയതായാണ് വിവരം.
ഒരു സംഘം ആളുകള്‍ ചിന്നയ്യയെ വീട്ടില്‍ വന്നു കണ്ട് ധര്‍മസ്ഥലയെ അധിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴത്തെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന് ചിന്നയ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രശസ്തി ആഗ്രഹിച്ചാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് ചിന്നയ്യയുടെ ഭാര്യ നേരത്തേ എസ്‌ഐടിക്ക് മൊഴി കൊടുത്തിരുന്നു. ചിന്നയ്യയുടെ മൊഴിയിലെ വൈരുധ്യമാണ് ധര്‍മസ്ഥല കേസില്‍ വഴിത്തിരിവായത്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതെന്ന പേരിലാണ് ചിന്നയ്യ തലയോട്ടി പോലീസില്‍ ഹാജരാക്കിയത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി ചിന്നയ്യ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങള്‍ കുഴിച്ചു നോക്കുന്നതിനൊപ്പം ഇയാളുടെ താമസ സ്ഥലത്തും പോലീസ് അന്വേഷിച്ചിരുന്നു.
കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ യുവതിയുടേതെന്നു പറഞ്ഞ് കൈമാറിയ തലയോട്ടി, മറ്റൊരിടത്തു നിന്നു സംഘടിപ്പിച്ചതാണെന്ന് ചിന്നയ്യ വെളിപ്പെടുത്തി. മനുഷ്യാവശിഷ്ടങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ചിന്നയ്യയുടെ വാദങ്ങള്‍ക്കെതിരായിരുന്നു. 1998-2014ല്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന ചിന്നയ്യയുടെ വെളിപ്പെടുത്തലില്‍ ജൂലൈ മൂന്നിനാണ് കോടതി നിര്‍ദേശ പ്രകാരം അന്വേഷണം ആരംഭിച്ചത്. ജൂലൈ 19ന് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. 17 സ്ഥലങ്ങളില്‍ കുഴിച്ചു നോക്കിയതില്‍ രണ്ടിടത്തു നിന്നാണ് അസ്ഥിഭാഗങ്ങള്‍ കിട്ടിയത്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.
















