തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെ മുൻ ഡിജിപി ഷെയ്‌ക്ക് ദർവേസ് സാഹിബ് നൽകിയ അന്വേഷണ റിപ്പോർട്ട് തിരിച്ചയച്ച് സർക്കാർ. അജിത് കുമാറിനെതിരായ ഈ റിപ്പോർട്ടുകൾ പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്താൻ പോലീസ് മേധാവി രവദ ചന്ദ്രശേഖരിനോട് സർക്കാർ ആവശ്യപ്പെട്ടു.
മുൻ ഡിജിപി ഷെയ്‌ക്ക് ദർവേസ് സാഹിബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകളാണ് സർക്കാർ മടക്കിയത്. പൂരം റിപ്പോർട്ട്, പി. വിജയന്റെ പരാതിയിന്മേലുള്ള ശുപാർശ എത്തിവയാണ് മടക്കി അയച്ചത്. സീനിയറായ ഡിജിപി നൽകിയ റിപ്പോർട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്. അതേസമയം, അഴിമതിക്കേസിൽ ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതിക്കെതിരായ ഹർജി അജിത് കുമാർ തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും.
വസ്തുതകൾ വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി. കീഴുദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചുവെന്ന വാദം നിലനില്‍ക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അതിന് പ്രാപ്തനാണോ എന്ന് നോക്കിയാല്‍ മതിയെന്നുമാണ് അജിത്കുമാറിന്റെ വാദം. ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീൽ നല്‍കുന്നുണ്ട്.
ഓഗസ്റ്റ് 14-നാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന് വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചിറ്റ് വിജിലന്‍സ് കോടതി തള്ളിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത്കുമാറിനെതിരേ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജു ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരഗിണിക്കുന്ന വേളയിലാണ് വിജിലന്‍സ് നേരത്തേ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അജിത്കുമാറിനെതിരേ നടത്തിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം വിജിലന്‍സ് കോടതി അന്വേഷണം പൂര്‍ണമല്ലെന്ന് കാട്ടി തള്ളുകയായിരുന്നു.
















