എല്ലിനേക്കാള്‍ ഉറപ്പാണ് സ്വപ്‌നത്തിന്റെ കരുത്തിനെന്ന് തെളിയിക്കുകയാണ് അമൃതവര്‍ഷിണിയും ലതാനായരും. ഒരു സ്വപ്‌നത്തിന് ആയിരം തീപ്പൊരികള്‍ ചിതറാനാകും. ഒത്തിരിയൊത്തിരി പ്രകാശം ചൊരിയാനാകും. അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കേണ്ട. അവ സ്വയം വന്നണയും. ഓരം ചേര്‍ന്ന് സ്‌നേഹം ചൊരിഞ്ഞാല്‍ മാത്രം മതി. അമൃതവര്‍ഷിണി ചാരിറ്റബിള്‍ സൊസൈറ്റി സ്ഥാപക ലതാ നായര്‍ക്ക് അനുഭവത്തില്‍ നിന്ന് ഉറപ്പോടെ പറയാനാകുന്ന പാഠമാണിത്.
നിരന്തരം അസ്ഥിപൊട്ടുന്ന ജനിതക രോഗമായ ഓസ്റ്റിയോജെനെസിസ് ഇംപെര്‍ഫെക്റ്റ (ഒഐ) ബാധിച്ച കുട്ടികള്‍ക്ക് സഹായഹസ്തം നീട്ടി അവരെ പരിപാലിക്കുകയാണ് ലതാനായര്‍. താനൊരു വലിയ കാര്യമാണ് ചെയ്യുന്നതെന്ന ചിന്തയല്ല, മറിച്ച് തന്റെ കടമകള്‍ നിര്‍വഹിക്കുന്ന ഒരമ്മയുടെ വാത്സല്യമാണ് ലതാ നായര്‍ പങ്കിടുന്നത്.
മത്സ്യഫെഡ് സൂപ്രണ്ട് എന്ന നിലയില്‍ നിന്ന് അമൃതവര്‍ഷിണി ചാരിറ്റബിള്‍ സൊസൈറ്റി സ്ഥാപക എന്ന നിലയിലേക്ക് വളരാന്‍, ആശയറ്റവര്‍ക്ക് പ്രത്യാശയായും വേദന തിന്നുന്നവര്‍ക്ക് കാരുണ്യമായും മാലാഖയെപ്പോലെ പറന്നിറങ്ങാന്‍ ലതാനായര്‍ക്ക് സാധിച്ചതിനുപിന്നിലെ ശക്തി സ്വന്തം അച്ഛനായിരുന്നു. അദ്ദേഹം വളര്‍ത്തിയെടുത്ത മൂല്യങ്ങളോട് ആഴത്തില്‍ നന്ദിയുണ്ട്. തത്വങ്ങളില്‍ അടിയുറച്ച് ജീവിച്ചുകാണിച്ച അഭിഭാഷകനായ അച്ഛന്‍ ലതാ നായര്‍ക്ക് വെറുമൊരു രക്ഷിതാവ് മാത്രമായിരുന്നില്ല, ഗുരുവുമായിരുന്നു. ആരും കാണുന്നില്ലെങ്കിലും ശരിയായത് ചെയ്യണമെന്ന് പഠിച്ചത് അദ്ദേഹത്തില്‍ നിന്നായിരുന്നു.
വ്യക്തിജീവിതത്തിലെ നിരവധി പ്രതിസന്ധികള്‍ അനുഭവത്തിന്റെ കരുത്ത് വര്‍ധിപ്പിച്ചു. ബലമുള്ള ചിറകുകളുമായി സ്വപ്‌നത്തിന്റെ പാതയിലൂടെ പറക്കാന്‍ കരുത്തേറി. വിവാഹത്തിന് തൊട്ടുമുമ്പ് പ്രതിശ്രുത വരന് അപകടം. അതേത്തുടര്‍ന്ന് അദ്ദേഹത്തിനുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍, ഭര്‍ത്താവിന്റെ അകാലത്തിലുള്ള മരണം ഇതെല്ലാം തരണം ചെയ്ത് മുന്നേറുകയാണ്. തീരാവേദന അനുഭവിക്കുന്ന കുരുന്നുകളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ നിറദീപം തെളിയിക്കാനും സ്വപ്‌നത്തിന്റെ നിറച്ചാര്‍ത്തൊരുക്കാനും കര്‍മപഥത്തിലെ അര്‍പ്പണബോധം കരുത്തുപകരുന്നു.
അമൃതവര്‍ഷിണി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജീവനാഡിയാണ് ഇന്ന് ലതാനായര്‍. ഓസ്റ്റിയോജെനെസിസ് ഇംപെര്‍ഫക്റ്റ എന്ന അപൂര്‍വ ജനിതകരോഗം ബാധിച്ചവരുടെ കൂട്ടായ്‌മയാണ് അമൃതവര്‍ഷിണി. തിരുവനന്തപുരം കവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ വരദ, എ-50 ലെ ലതാനായരാണ് ഇതിന്റെ രക്ഷാധികാരി. അമൃതവര്‍ഷിണിയിലെ ഓരോ കുഞ്ഞിന്റെയും ചേച്ചിയമ്മയും ആന്റിയുമാണ് ഇവര്‍.
എന്താണ് ഓസ്റ്റിയോജെനെസിസ് ഇംപെര്‍ഫെക്റ്റ
ശരീരത്തിന്റെ അസ്ഥികള്‍ ബലപ്പെടുന്നത് തടയുന്ന ജനിതക വൈകല്യമാണ് ഓസ്റ്റിയോജെനെസിസ് ഇംപെര്‍ഫെക്റ്റ അഥവാ ഒഐ. എല്ലുകള്‍ നിരന്തരമായി പൊട്ടുക എന്നതാണ് ഇതിന്റെ ലക്ഷണം. ഇതേത്തുടര്‍ന്ന് അസഹ്യമായ വേദനയായിരിക്കും അനുഭവപ്പെടുക. ഒഐ അവസ്ഥയെ ബ്രിറ്റില്‍ ബോണ്‍ ഡിസീസ് എന്നും വിളിക്കാറുണ്ട്. പലരിലും പലതോതിലാണ് ഇതിന്റെ ആഘാതം. ചിലര്‍ക്ക് അസ്ഥിയുടെ രൂപമാറ്റം പോലും ഉണ്ടാകാറുണ്ട്.
അസ്ഥികളുടെ പ്രധാന നിര്‍മാണ ഘടകമായ കൊളാജന്റെ കുറവുമൂലം ജീനില്‍ ഉണ്ടാകുന്ന മാറ്റമാണ് ഒഐക്ക് കാരണമാകുന്നത്. ഗര്‍ഭാവസ്ഥയുടെ പ്രാരംഭ ഘട്ടത്തില്‍ കുഞ്ഞ് രൂപപ്പെടുന്ന സമയത്താണ് ഈ മാറ്റം സംഭവിക്കുന്നത്. അസ്ഥികളില്‍ ആവശ്യത്തിന് കൊളാജന്‍ ഇല്ലാതെവരികയോ കൊളാജന്‍ ശരിയായി പ്രവര്‍ത്തിക്കാതെ വരികയോ ചെയ്യുന്നതോടെ ഇവരുടെ അസ്ഥികള്‍ ദുര്‍ബലമാകുകയും പൊട്ടുകയും ചെയ്യുന്നു.
അമൃതവര്‍ഷിണിയുടെ തുടക്കം
സുഹൃത്തിന്റെ മകന്‍ സൂരജ് ആവശ്യപ്പെട്ടതനുസരിച്ച് 2001 ല്‍ സുല്‍ത്താന്‍ബത്തേരിയിലുള്ള ബിനു ദേവസ്യ എന്ന പത്തുവയസുകാരന് സഹായം നല്‍കിയതാണ് ഈ രംഗത്തെ തുടക്കം. പഠിക്കാനുള്‍പ്പെടെ വീടിനു പുറത്തിറങ്ങാത്ത, കവിതകളെഴുതുന്ന കുട്ടിക്ക് കടലുകാണാന്‍ വലിയ മോഹമായിരുന്നു. ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുകയും ലതാ നായര്‍ കടലിനു സമീപത്തു നിന്ന് ദൃശ്യം ഫോണിലൂടെ കാട്ടിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ബിനു ദേവസ്യയുമായി മാനസികമായി അടുത്തു. തന്നാലാവുന്ന സഹായങ്ങള്‍ ചെയ്തു. തുടര്‍ന്ന് പലപ്പോഴായി ഇതേ അവസ്ഥയിലുള്ള എട്ടുപത്ത് കുട്ടികള്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയപ്പോള്‍ ഇത് തന്റെ നിയോഗമെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഒഐ അവസ്ഥയെക്കുറിച്ച് കൂടുതല്‍ പഠിച്ചു. ഇന്ന് അമൃതവര്‍ഷിണി കൂട്ടായ്‌മയില്‍ ഒഐ ബാധിതരായ 250 ലേറെ അംഗങ്ങളുണ്ട്. സാമൂഹ്യസുരക്ഷാ വകുപ്പിനുപോലും സംസ്ഥാനത്ത് ഇത്തരത്തിലുള്ള എത്ര കുട്ടികളുണ്ടെന്ന് ധാരണയില്ല. ഒഐ ബാധിതരായവരുടെ നിസഹായാവസ്ഥയും അമൃതവര്‍ഷിണിയുടെ പ്രവര്‍ത്തനവും നേരില്‍ക്കണ്ടറിഞ്ഞ മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍കൈയെടുത്ത് നാഷണല്‍ റെയര്‍ ഡിസീസ് പോളിസിയില്‍ ഒഐ ബാധിതരെയും ഉള്‍പ്പെടുത്തി.
ഭാവി പ്രവര്‍ത്തനം
എല്ലാവര്‍ഷവും അമൃതവര്‍ഷിണിയിലെ അംഗങ്ങള്‍ എല്ലാവരും ഒരിടത്ത് ഒത്തുകൂടും. അത് അവര്‍ക്ക് നല്‍കുന്ന മാനസിക ഉന്മേഷവും പ്രചോദനവുമാണ് കര്‍മ രംഗത്ത് തുടരാനുള്ള പ്രേരണ. ഇന്ന് ഭാരതത്തിലാകമാനം നിരവധിപേര്‍ക്ക് അമൃതവര്‍ഷിണി സഹായഹസ്തം നീട്ടുന്നു. രജതജൂബിലിയില്‍ ‘വാത്സല്യവര്‍ഷം’ എന്ന പേരില്‍ വലിയൊരു ഒത്തുചേരലിന് തയ്യാറെടുക്കുകയാണ് അമൃതവര്‍ഷിണിയിലെ അംഗങ്ങള്‍. ഒഐ മൂലം അവശതയനുഭവിക്കുന്ന എല്ലാവര്‍ക്കും സഹായമെത്തിക്കണമെന്നതാണ് ലതാനായരുടെ ആഗ്രഹം. ഒപ്പം വീട്ടുജോലിയും മറ്റും നോക്കി ജീവിച്ച് ഇപ്പോള്‍ നോക്കാനാരുമില്ലാതായവര്‍ക്ക് തന്നാലാകും വിധം സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. ഇതും വര്‍ധിപ്പിക്കണമെന്നാണ് ആഗ്രഹം.
വിധിയെ തിരുത്തിയ കര്‍മപഥം
രോഗമേതെന്നുപോലുമറിയാതെ വിധിയെന്നുകരുതി വീട്ടിനുള്ളില്‍ തളച്ചിടപ്പെട്ടിരുന്ന നിരവധിപേരെയാണ് ആത്മവിശ്വാസം പകര്‍ന്ന് സമൂഹത്തിന്റെ മുന്‍നിരയിലേക്കെത്തിക്കാനായത്. ഒന്നിനും സാധിക്കാത്തവരെന്ന് എഴുതിത്തള്ളപ്പെട്ടിരുന്നവരില്‍ പലരും ഇന്ന് ഉന്നത വിദ്യാഭ്യാസം നേടി ജീവിത വിജയം കരസ്ഥമാക്കി. രോഗബാധിതരെ മാത്രമല്ല ആകെത്തളര്‍ന്നുപോയ മാതാപിതാക്കളെയും മുഖ്യധാരയിലേക്കെത്തിക്കാനായത് വലിയൊരു നേട്ടമാണ്. പിഎച്ച്ഡി കരസ്ഥമാക്കിയ അതുല്യയും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് കരസ്ഥമാക്കിയ സാന്ദ്രാ സോമനും ഉള്‍പ്പെടെ അദ്ധ്യാപകരായും ടാക്‌സ് പ്രാക്ടീഷണര്‍മാരായും ഗ്രാഫിക് ഡിസൈനര്‍മാരായും വിജയിച്ച ഒഐ ബാധിതരുടെ പിന്നിലെ ശക്തി ലതാനായരായിരുന്നു. ഇതുതന്നെയാണ് ലതാനായരുടെ സംതൃപ്തിയും.
അംഗീകാരങ്ങള്‍
അച്ഛന്‍ നല്‍കിയ ആയിരം രൂപയുമായാണ് ഈ രംഗത്തേക്ക് ചുവടുവച്ചതെങ്കിലും പിന്നീട് സുഹൃത്തുക്കളും പരിചയക്കാരും സഹായിച്ചു. കൊവിഡ് മഹാമാരിക്കാലത്തിനുശേഷം സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ടെങ്കിലും പതറാതെ മുന്നോട്ടുപോകുകയാണ് ലതാ നായരും അമൃതവര്‍ഷിണിയും. 2025 ലെ ഇന്റര്‍നാഷണല്‍ സമതാ അവാര്‍ഡ്, 21 ലെ നോര്‍ത്ത് അമേരിക്കന്‍ മലയാളി അസോസിയേഷന്‍ അവാര്‍ഡ്, 2018 ലെ ലയണ്‍സ്‌ക്ലബ് ഇന്റര്‍നാഷണല്‍ അവാര്‍ഡ്, 2020 ലെ വേള്‍ഡ് മലയാളി ഫൗണ്ടേഷന്‍ അവാര്‍ഡ്, 2020 ലെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ അവാര്‍ഡ്, 2021 ലെ സായിബാബ ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങി കരുണാര്‍ദ്രമായ സേവനത്തിന് ലതാനായര്‍ക്ക് പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
കുടുംബം
അഭിഭാഷകനായ കെ. അപ്പുക്കുട്ടന്‍നായരുടെയും എം. സരളാദേവിയുടെയും മകളായി 1955 ല്‍ തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരത്തും മുംബൈയിലും അദ്ധ്യാപക വൃത്തി. തുടര്‍ന്ന് മത്സ്യഫെഡിലെ ജോലിയിലേക്ക്. അവിടെ 20 വര്‍ഷം. സൂപ്രണ്ടായി ജോലി നോക്കി വിരമിച്ചു. ഭര്‍ത്താവ് പരേതനായ കെ.ജി.ഗോപാലകൃഷ്ണന്‍. ഏക മകള്‍ ദിവ്യ ഗോപാല്‍ അമേരിക്കയില്‍ കുടുംബസമേതം താമസിക്കുന്നു.











