ബെംഗളൂരു: ലോകപ്രശസ്തമായ ധര്‍മസ്ഥല ക്ഷേത്രത്തിനെതിരായ വന്‍ഗൂഢാലോചന പൊളിഞ്ഞു. പരാതിക്കാരനായിരുന്ന മുന്‍ ശുചീകരണത്തൊഴിലാളി ഹാജരാക്കിയ മുഴുവന്‍ തെളിവുകളും വ്യാജമാണെന്ന് അന്വേഷണം സംഘം (എസ്ഐടി) വ്യക്തമാക്കി. ഇതോടെ ശുചീകരണ തൊഴിലാളിയായ എന്‍. ചിന്നയ്യയെ എസ്‌ഐടി അറസ്റ്റു ചെയ്തു. ഇയാള്‍ക്ക് നല്‍കിയ തെളിവ് സംരക്ഷണം പിന്‍വലിച്ചു. കഴിഞ്ഞദിവസംവരെ സാക്ഷിയെന്ന പരിരക്ഷയുണ്ടായിരുന്നതിനാല്‍ മുഖംമറച്ചാണ് ഇയാളെ അന്വേഷണസംഘം തെളിവെടുപ്പിന് എത്തിച്ചിരുന്നത്. തെറ്റായ ആരോപണമുന്നയിക്കുകയും വ്യാജ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തതിനാല്‍ ഇയാളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അന്വേഷണ സംഘം പുറത്തുവിട്ടു. മാണ്ഡ്യ ജില്ലയിലെ ചിക്കാബെല്ലി സ്വദേശിയാണ്. 45 വയസുണ്ട്.
വ്യാജ പരാതി നല്‍കല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെല്‍ത്തങ്ങാടി എസ്ഐടി ഓഫീസിലാണ് ഇയാള്‍. ഐപിഎസ് ഉദ്യോഗസ്ഥന്‍ പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ചയാണ് പരാതിക്കാരനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ, മൊഴികളിലും നല്‍കിയ രേഖകളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തി. ക്ഷേത്രത്തിനെതിരായ ഗൂഢാലോചനയ്‌ക്ക് പിന്നിലുള്ളവരെ കണ്ടെത്തുമെന്ന് മന്ത്രി ജി. പരമേശ്വര വ്യക്തമാക്കി.
1995 നും 2014 നും ഇടയില്‍ ധര്‍മ്മസ്ഥലയില്‍ ജോലി ചെയ്തിരുന്നുവെന്നും സ്ത്രീകളുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും ഉള്‍പ്പെടെ നിരവധി മൃതദേഹങ്ങള്‍ തന്നെ സംസ്‌കരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമായിരുന്നു ശുചീകരണ തൊഴിലാളിയുടെ ആരോപണം. നിരവധി പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്നുവെന്നും അവരില്‍ പലരെയും കൊന്നു കുഴിച്ചുമൂടിയെന്നും ഇയാള്‍ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് മജിസ്‌ട്രേറ്റിന് മുമ്പാകെയും മൊഴി നല്‍കി. ഇതിനുപിന്നാലെയാണ് എസ്ഐടി അന്വേഷണം ആരംഭിച്ചത്. അരക്കോടി ചെലവഴിച്ച് നദിക്കരയില്‍ കുഴിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല.
പരാതി നല്‍കാനെത്തിയപ്പോള്‍ ഹാജരാക്കിയ തലയോട്ടി വ്യാജമാണെന്ന് നേരത്തേ തന്നെ എസ്ഐടി കണ്ടെത്തിയിരുന്നു. ഇയാളുടെ മൊഴിയനുസരിച്ച് ധര്‍മസ്ഥലയിലെ വിവിധയിടങ്ങളില്‍ എസ്‌ഐടി കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും ഒരിടത്തുനിന്ന് മാത്രമാണ് ചില അസ്ഥികള്‍ കണ്ടെടുത്തത്. ഇത് പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം.
















