ന്യൂദല്‍ഹി: ഇക്കഴിഞ്ഞ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ഫലപ്രദമായ ആക്രമണം നടത്തിയ മിസൈല്‍ ആണ് റാംപേജ്. ഇസ്രയേലില്‍ നിന്നും ഇന്ത്യ വാങ്ങിയ ഈ മിസൈല്‍ പാകിസ്ഥാന്റെ പല കേന്ദ്രങ്ങളിലും സര്‍വ്വനാശം വിതച്ചതോടെ പാകിസ്ഥാന്‍ സൈന്യത്തിന് പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. സുഖോയ് 30 എംകെ1 യുദ്ധവിമാനത്തില്‍ ഘടിപ്പിച്ച റാംപേജ് മിസൈലുകളാണ് പാകിസ്ഥാന്റെ ചില കേന്ദ്രങ്ങളില്‍ ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടാക്കിയത്. ദീര്‍ഘദൂരത്തിലുള്ള ശത്രുകേന്ദ്രങ്ങളില്‍ നാശം വിതയ്‌ക്കാനുള്ള ആയുധങ്ങള്‍ സ്വരുക്കൂട്ടുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ വ്യോമസേന റാംപേജ് മിസൈല്‍ കൂടുതലായി വാങ്ങാന്‍ ഒരുങ്ങുന്നത്.
എതിരാളിയുടെ വ്യോമാക്രമണ സംവിധാനങ്ങളുടെ കണ്ണുവെട്ടിക്കുമ്പോള്‍ തന്നെ ശത്രുകേന്ദ്രങ്ങളില്‍ കടന്നുകയറി ആഴത്തില്‍ നാശം വിതക്കാന്‍ റാംപേജിന് പ്രത്യേകം കഴിവുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ഉപയോഗിച്ച ചൈനയുടെ എച്ച് ക്യു 9 എന്ന വ്യോമപ്രതിരോധസംവിധാനത്തെ ഭേദിച്ചാണ് റാംപേജ് മിസൈല്‍ പാകിസ്ഥാന്റെ ചില കേന്ദ്രങ്ങളില്‍ നാശം വിതച്ചത്. റാംപേജ് മിസൈല്‍ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയനുസരിച്ച് ഇന്ത്യയില്‍ നിര്‍മ്മിക്കാനും ശ്രമമുണ്ട്.
ആകാശത്ത് നിന്നും ഭൂമിയിലേക്ക് തൊടുക്കാവുന്ന മിസൈല്‍. അതാണ് ഇസ്രയേലിന്റെ റാംപേജ് എന്ന മിസൈല്‍. ഇന്ത്യയുടെ സുഖോയ് എംകെ1ന് മേല്‍ ഈ റാംപേജ് മിസൈല്‍ ഘടിപ്പിക്കാന്‍ കഴിയും. ഇന്ത്യയുടെ മറ്റ് യുദ്ധവിമാനമായ ജാഗ്വാറിലും റാംപേ ജ് മിസൈല്‍ ഘടിപ്പിച്ചിരുന്നു.
ഹൈസ്പീഡ് ലോ ഡ്രാഗ് മാര്‍ക് 2 മിസൈല്‍ ആണിത്. ശത്രുവിന്റെ ലക്ഷ്യസ്ഥാനത്ത് റാംപേജ് മിസൈല്‍ നല്‍കുന്ന ആഘാതം ചെറുതല്ല. ശബ്ദത്തിന്റെ വേഗതയില്‍ കുതിക്കാനുള്ള കഴിവുണ്ട്. സെക്കന്‍റില്‍ 350 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെയാണ് ഇതിന്റെ ആഘാതശേഷി. മുന്നോട്ട് വേഗതയില്‍ കുതിക്കുമ്പോള്‍ വായുവിന്റെ തടസ്സം ഉണ്ടാകുന്നത് തടയുന്ന രീതിയിലുള്ള ഡിസൈന്‍ ആണ് റാംപേജ് മിസൈലിന്‍റേത്. ഇതിന്റെ മുഖ്യശരീരഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ചിറക് റാംപേജിനെ വായുവിലൂടെ തടസ്സമില്ലാതെ കുതിക്കാന്‍ കഴിയും. റാംപേജ് മിസൈലിനെ മാര്‍ക് 2 എന്നാണ് വിശേഷിപ്പിക്കുന്നത്. നേരത്തെ ഉള്ള ഒരു മിസൈലിന്റെ പുതിയ പതിപ്പാണ് ഇത് എന്നാണര്‍ത്ഥം.
കൂടുതല്‍ റാംപേജ് മിസൈലുകള്‍ ഇസ്രയേലില്‍ നിന്നും വാങ്ങാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിനുള്ള ഉത്തരവ് അന്തിമഘട്ടത്തിലാണെന്നും വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്നും അറിയുന്നു. 2020-21 കാലത്താണ് ആദ്യമായി ഇസ്രയേലില്‍ നിന്നും ഇന്ത്യ റാംപേജ് മിസൈല്‍ സ്വന്തമാക്കിയത്.
















