അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ 30 ദിവസത്തിലേറെ ജയില്‍വാസം അനുഭവിക്കുന്ന പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും സ്ഥാനം നഷ്ടമാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് വലിയ കോലാഹലം സൃഷ്ടിക്കുകയുണ്ടായി. ഭരണഘടനയുടെ നൂറ്റി മുപ്പതാം ഭേദഗതിയാണിത്. പ്രതീക്ഷിച്ചതു പോലെ തന്നെ പ്രതിപക്ഷ കക്ഷികള്‍ ഈ ബില്ലിനെതിരെ രംഗത്തുവന്നു. ബില്ല് ഭരണഘടനാ വിരുദ്ധവും കാടത്തവുമാണെന്നും മറ്റും ആക്ഷേപിച്ച പ്രതിപക്ഷ നേതാക്കള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ മുഖ്യമന്ത്രിമാരെ ജയിലിലടയ്‌ക്കാനും, സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുമുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് കുറ്റപ്പെടുത്തുകയുണ്ടായി. ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇത് നിയമമായെന്ന മട്ടിലാണ് പ്രതിപക്ഷം ബഹളംവച്ചത്. ബില്ല് വിശദമായി പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടിരിക്കുകയാണ്.
വിചിത്രമായ പെരുമാറ്റമാണ് ബില്ലിനെതിരെ കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. കെ.സി. വേണുഗോപാലിനെപ്പോലുള്ള ഒരാള്‍ നാഷണല്‍ ഹെറാള്‍ഡ് അഴിമതി കേസില്‍ പ്രതികളായ പാര്‍ട്ടിയിലെ യുവരാജാവിനെയും അമ്മയെയും പ്രീതിപ്പെടുത്താന്‍ കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിക്കുന്നത് മനസ്സിലാക്കാം. പക്ഷേ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിച്ച് എന്‍. കെ. പ്രേമചന്ദ്രന്‍ എംപി പാര്‍ലമെന്റില്‍ വല്ലാതെ ധാര്‍മിക രോഷം കൊണ്ടത് എന്തിനാണാവോ? പൊതുരംഗത്ത് അഴിമതി ഇല്ലാതാക്കണമെന്ന് ചാനല്‍ ചര്‍ച്ചകളിലും മറ്റും ഈ നേതാവ് ഘോരഘോരം പ്രസംഗിക്കുന്നത് മലയാളികള്‍ കണ്ടിട്ടുണ്ട്. എന്നിട്ടാണ് അഴിമതിയുടെ സംരക്ഷകനെപ്പോലെ പെരുമാറിയത്. ഭരണഘടനാ ഭേദഗതി ബില്ലായതിനാല്‍ അത് പാസാകണമെങ്കില്‍ പാര്‍ലമെന്റിലെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഇപ്പോഴത്തെ നിലയ്‌ക്ക് എന്‍ഡിഎക്ക് അതില്ല. എന്നിട്ടും പ്രതിപക്ഷം ബഹളംവച്ചത് അഴിമതിയോടുള്ള അവരുടെ ആസക്തിയാണ് കാണിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ തങ്ങളുടെ ഭരണാധികാരികള്‍ ഭാവിയിലും ശിക്ഷിക്കപ്പെടരുതെന്ന് പ്രതിപക്ഷം ഉറപ്പാക്കുകയാണോയെന്ന് ആരും സംശയിച്ചു പോകും.
രാജ്യത്തെ രാഷ്‌ട്രീയ- ഭരണരംഗം അഴിമതി മുക്തമാക്കി ധാര്‍മികമായി ഉയര്‍ത്താനുള്ള ലക്ഷ്യമാണ് ഈ ബില്ലിനുള്ളത്. ഇങ്ങനെയൊരു സ്ഥിതിവിശേഷം നിലവില്‍ വരാന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല. അഴിമതി ജന്മാവകാശമായി കാണുന്നവരാണ് അവര്‍. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഈ ബില്ലിലൂടെ ബിജെപി ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് എംപി പ്രിയങ്ക വാദ്ര പറഞ്ഞത്. എങ്കില്‍ പിന്നെ എന്തിനാണ് രോഷപ്രകടനം?
പ്രതിപക്ഷത്തെ ചില കക്ഷികള്‍ ഈ ബില്ല് നിയമമാക്കാന്‍ സര്‍ക്കാരിനെ പിന്തുണയ്‌ക്കുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. യുപിഎ ഭരണകാലത്ത് ആകാശത്തും ഭൂമിയിലും പാതാളത്തിലും ഒരുപോലെ അഴിമതി നടത്തിയ കോണ്‍ഗ്രസും കൂട്ടാളികളും ഇനിയും അക്കാലം തിരിച്ചുവരുമെന്ന് വ്യാമോഹിക്കുന്നുണ്ടാവും.
അഴിമതി കേസുകളില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും ജയിലില്‍ കിടന്നും ഭരണം നടത്തുന്ന രീതി ഒഴിവാക്കപ്പെടേണ്ടതുണ്ട്. ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിന്റെയും മന്ത്രിമാരുടെയും കാര്യത്തില്‍ രാജ്യം ഇത് കണ്ടതാണ്. കുറ്റക്കാരായി കണ്ടെത്തുന്നതുവരെ അയോഗ്യത പാടില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അധികാരം ഉപയോഗിച്ച് അഴിമതി കേസുകളില്‍ നിന്ന് രക്ഷപ്പെടാനാണിത്. ഇതിന് അന്ത്യം കുറിക്കേണ്ടതുണ്ട്. ബില്ല് നിയമമായാല്‍ പോലും കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണ്. അതിനു നില്‍ക്കാതെ പരാക്രമം കാണിക്കുന്നത് കോണ്‍ഗ്രസിന്റെയും മറ്റും തനിനിറം ഒരിക്കല്‍കൂടി പുറത്തുകൊണ്ടുവരുന്നു.
















