മുണ്ഡകോപനിഷത്തില്‍ അംഗിരസ്സ് രണ്ടു തരത്തിലുള്ള വിദ്യകളെക്കുറിച്ചു പറയുന്നു – പരാവിദ്യയും അപരാവിദ്യയും. പരാവിദ്യയും അപരാ വിദ്യയും പരസ്പര വിരുദ്ധങ്ങളല്ല, മറിച്ചു പരസ്പര പൂരകങ്ങളാണ്. മാത്രമല്ല, അപരാവിദ്യയുടെ തുടര്‍ച്ചയും പരമോന്നത പര്യവസാനവുമാണ് പരാവിദ്യ.
ഇന്ദ്രിയങ്ങള്‍ മുഖ്യമായി പ്രവര്‍ത്തിച്ചിരുന്ന വിദ്യയുടെ ആദ്യ കാലഘട്ടത്തില്‍ ഭയഭക്തി ബഹുമാനങ്ങളോടെ പ്രകൃതിയെ നേരിട്ട് കാണുകയും, കേള്‍ക്കുകയും, സ്പര്‍ശിക്കുകയും, മണക്കുകയും രുചിക്കുകയുമൊക്കെ ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളാണ് മന്ത്ര – സംഹിതകളില്‍ കാണുന്നത്. പിന്നീടവയുടെ രഹസ്യങ്ങളെ തേടി മനസ്സ് വീണ്ടും വിശകലനം ചെയ്തപ്പോള്‍ യജ്ഞ – യാഗങ്ങള്‍ നടത്തുന്ന രീതികളെ വിശദീകരിക്കുന്ന ബ്രാഹ്‌മണങ്ങള്‍ ഉണ്ടായി. അതിനു ശേഷം ബുദ്ധിയുപയോഗിച്ചു ചിന്തിച്ചപ്പോള്‍, കാല ദേശ – കാരണങ്ങളുടെ തികവോടെ സത്യത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും അങ്ങനെ ആരണ്യക – ദര്‍ശനങ്ങള്‍ ഉണ്ടാവുകയും ചെയ്തു. അവസാനം ബുദ്ധിക്കും അതീതമായി പ്രപഞ്ച ബോധതലത്തിലേക്കുയര്‍ന്ന ഭാരതീയ ചിന്ത ആത്യന്തികമായ സത്യ സാക്ഷാത്ക്കാരത്തിന്റെ അഥവാ ആത്മജ്ഞാനത്തിന്റെ മാര്‍ഗ്ഗങ്ങള്‍ നല്‍കിയ ഉപനിഷത്തുകള്‍ ലോകത്തിനു പ്രദാനം ചെയ്തു. അതുകൊണ്ടാണ് ഇന്ദ്രിയങ്ങളെയും, മനസ്സിനെയും, ബുദ്ധിയെയും പ്രയോഗിച്ചു നേടിയ ബാഹ്യമായിട്ടുള്ള ലൗകിക വിജ്ഞാനം അഥവാ അപരാ വിദ്യയില്‍ നില്‍ക്കാതെ വീണ്ടും വീണ്ടും പുറമെ നിന്ന് ഇന്ദ്രിയങ്ങളെ പിന്‍വലിച്ചു, അകമേ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, പരാവിദ്യയെ അഥവാ ആത്മജ്ഞാനത്തെ ലക്ഷ്യമാക്കി ജീവിതം നയിച്ചത്.
പരാവിദ്യ പരമ സത്യത്തെ സാക്ഷാത്കരിക്കുമ്പോള്‍, ചിന്തകള്‍ക്ക് അപ്രാപ്പ്യമാണ് ആ അവസ്ഥ. വാക്കുകള്‍ കൊണ്ട് അതിനെ വിശദീകരിക്കാന്‍ സാധ്യമല്ല, ഇന്ദ്രിയങ്ങള്‍ കൊണ്ടനുഭവിക്കാനും കഴിയില്ല. ഇന്ദ്രിയങ്ങള്‍ക്കധീനമായ പല അനുഭവങ്ങള്‍ പോലും ചിലപ്പോള്‍ നമുക്ക് വിശദീകരിക്കാന്‍ കഴിയുന്നതല്ല. ഉദാഹരണത്തിന് ശ്രീരാമകൃഷ്ണ ദേവന്‍ ചോദിക്കുന്നു.
‘നിങ്ങള്‍ ശര്‍ക്കര കഴിച്ചിട്ടുണ്ടോ?’
ഉത്തരം: ‘ഉണ്ട്’
ശ്രീരാമ: ‘എന്താണ് ശര്‍ക്കരയുടെ സ്വാദ്?’
ഉത്തരം: ‘മധുരം’
ശ്രീരാമ : ‘എന്താണ് മധുരം?’
മധുരം എന്താണെന്ന് ആര്‍ക്കും നിര്വചിക്കാനോ വിശദീകരിക്കാനോ സാധ്യമല്ല. അത് വാക്കുകള്‍ക്കതീതമാണ്. വെറുമൊരു ഇന്ദ്രിയത്തിന്റെ അനുഭവമായ മധുരത്തെ നിര്‍വ്വചിക്കാന്‍ സാധിക്കാത്ത മനുഷ്യന് എങ്ങിനെയാണ് മധുരത്തിന്റെ അനേക കോടി മടങ്ങു ആനന്ദം തരുന്ന, പരാ വിദ്യയിലൂടെ നേടുന്ന, ബ്രഹ്‌മ നിര്‍വൃതിയെ നിര്‍വ്വചിക്കാന്‍ കഴിയുക? അതുകൊണ്ടു പരാ വിദ്യയില്‍ ഇന്ദ്രിയങ്ങളും, മനസ്സും, ബുദ്ധിയുമൊക്കെ ബ്രഹ്‌മാനന്ദത്തിനു വട്ടമിട്ടു പറക്കുന്നതല്ലാതെ അവിടെയെത്തിച്ചേരാന്‍ കഴിയാറില്ല. എത്തിച്ചേരുന്നവരാകട്ടെ അത് വിശദീകരിക്കാന്‍ ശ്രമിച്ചു സമയം പാഴാക്കാറുമില്ല.അപാരമായ ജിജ്ഞാസയും, അതുല്യമായ ഏകാഗ്രതയും, അസാമാന്യമായ അര്‍പ്പണ ബോധവും ജന്മവാസനയായി ലഭിച്ചിട്ടുള്ള, പൂര്‍വ്വ ജന്മാര്‍ജ്ജിത പുണ്യം കൈമുതലായുള്ള, അപൂര്‍വ്വത്തിലപൂര്‍വ്വം വ്യക്തികള്‍ക്ക് മാത്രമേ പരാ വിദ്യയെ പ്രാപിക്കാന്‍ കഴിയൂ എന്നുള്ളത് കൊണ്ട്, ഇതത്ര ജനകീയമല്ല, ആകുകയുമില്ല.
ജീവിതത്തില്‍ അപാരമായ ജിജ്ഞാസയുള്ള ആളുകള്‍ (ഋഷിമാര്‍) തങ്ങളുടെ ജീവിതം മുഴുവന്‍ സത്യാന്വേഷണത്തിനു വേണ്ടി അര്‍പ്പിച്ചു എത്തിയിട്ടുള്ള അവസ്ഥയാണ് പരാവിദ്യ. ഈ സത്യം പൂര്‍ണമാണ്. പൂര്‍ണമായതുകൊണ്ടു തന്നെ അത് മാറ്റമില്ലാത്തതാണ്. സ്ഥലത്തിനനുസരിച്ചും, കാലത്തിനനുസരിച്ചും ഈ സത്യം മാറുകയില്ല. സദാ മാറിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തിന്റെ മാറ്റമില്ലാത്ത സത്ത അഥവാ സത്യമാണ് പരാവിദ്യയില്‍ കൂടി കണ്ടെത്തിയ ശാശ്വത സത്യം. ആത്മവിദ്യ അല്ലെങ്കില്‍ ആധ്യാത്മികവിദ്യയെന്നും ഇതിനെ പറയുന്നു. ആധ്യാത്മികവിദ്യക്ക് അതിന്റേത് മാത്രമായ അന്വേഷണ (ഗവേഷണ) രീതികളും മാര്‍ഗ്ഗങ്ങളുണ്ട്. ഇവയനുസരിച്ചു മുന്നോട്ടു പോയാല്‍ മാത്രമേ സത്യത്തെ സാക്ഷാത്കരിക്കാനാകൂ.
മുണ്ഡകോപനിഷത്തില്‍ ഗൃഹസ്ഥനായ ശൗനകന്‍ അംഗിരസ്സ് മുനിയോട് ചോദിക്കുന്നു,
‘കസ്മിന്നു ഭഗവോ വിജ്ഞാതേ
സര്‍വ്വമിദം വിജ്ഞാതം ഭവതീതി’
(‘യാതൊന്നറിഞ്ഞാല്‍ എല്ലാമറിയാമോ ആ അറിവേതാണ്?’. ഈയറിവിന്റെ മാര്‍ഗ്ഗം മറ്റു ഭൗതിക വിഷയങ്ങളുടേതുപോലെ അത്ര എളുപ്പമുള്ളതല്ല. ഇന്ദ്രിയ സുഖത്തിനും, മാനസിക സന്തോഷത്തിനും, ബൗദ്ധികാഹ്ളാദത്തിനും അതീതമായ ശാശ്വത ആനന്ദമാണ് പാരാ വിദ്യയുടെ ഫലം. ഇതിലേക്കുള്ള മാര്‍ഗ്ഗമാകട്ടെ വാള്മുനയിലൂടെ നടക്കുന്നതിനേക്കാള്‍ പ്രയാസമേറിയതാണെന്ന് ഋഷിമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ സാധാരണക്കാര്‍ക്ക് ഇത് ലഭിക്കുക വളരെ ബുദ്ധിമുട്ടാണ്.
‘മനുഷ്യാണാം സഹസ്രേഷു കശ്ചിദ് യതതി സിദ്ധയേ’ ആയിരക്കണക്കിനാള്‍ക്കാരില്‍ വെറും ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം പാരാ വിദ്യയുടെ സായൂജ്യം ലഭിച്ചാല്‍ ഭാഗ്യം!
ഛാന്ദോഗ്യോപനിഷത്തില്‍ സനത്കുമാരനോട് നാരദന്‍ പറയുന്നതും ഇതുതന്നെയാണ്. വേദ – വേദാീഗ – ഉപവേദ- ഇതിഹാസ – പുരാണങ്ങളെല്ലാം പഠിച്ചിട്ടും ദുഖത്തെ മറികടക്കാന്‍ സാധിക്കുന്നില്ലായെന്ന്. അതിനുള്ള മാര്‍ഗ്ഗമെന്താണെന്നു ചോദിക്കുമ്പോള്‍ സനത്കുമാരന്‍ പറയുന്നത്, പരാവിദ്യ അഥവാ ബ്രഹ്‌മജ്ഞാനമാണ് നിത്യാനന്ദത്തിനുള്ള മാര്‍ഗ്ഗമെന്നാണ്. ഗ്രന്ഥങ്ങളേയും, ഗുരോപദേശങ്ങളെയും മാര്‍ഗ്ഗങ്ങളായി കണക്കാക്കി, അവയിലൂടെ തന്നെ അവക്കതീതമായി വളര്‍ന്നാല്‍ മാത്രമേ പരമാര്‍ഥ പൊരുളിനെ അറിയാന്‍ കഴിയൂ.
ചിന്മയാനന്ദ സ്വാമിജി അദ്ദേഹത്തിന്റെ ഗീതാജ്ഞാന യജ്ഞങ്ങളില്‍ ഒരുദാഹരണം പറയാറുണ്ട്. ഒരു പോള്‍വാള്‍ട് നടത്തുന്നയാളിന്, കുറുകെ വച്ചിരിക്കുന്ന കമ്പ് മറികടക്കുന്നിടം വരെ മാത്രമേ കുത്തിച്ചാടുന്ന, നീളമുള്ള കമ്പിന്റെ ആവശ്യമുള്ളു. എപ്പോള്‍ ക്രോസ്സ് ബാര്‍ മറികടക്കുന്നുവോ അപ്പോള്‍ അയാള്‍ കയ്യില്‍ നിന്ന് പോള്‍ ദൂരെയെറിയുന്നു. അതേപോലെ എപ്പോള്‍ നമുക്ക് ബ്രഹ്‌മജ്ഞാനം ലഭിക്കുന്നുവോ അപ്പോള്‍ വരെ മാത്രമേ ഈ അപരാ വിദ്യകളാകുന്ന ഭൗതിക – ലൗകിക ജ്ഞാനത്തിനു പ്രസക്തിയുള്ളൂ. പക്ഷെ ലോകത്തിലെ ബഹുഭൂരിപക്ഷം പേരും പരാവിദ്യയുടെ നാലയലത്തു പോലും എത്തുന്നില്ലായെന്നുള്ളതാണ് വാസ്തവം. എന്നുവെച്ചു അത് അപ്രധാനമാണെന്നു കരുതേണ്ട ആവശ്യമില്ല. അത് നേടാന്‍ പൂര്‍വ്വജന്മാര്‍ജ്ജിത യോഗ്യതയും ഭാഗ്യവുമുള്ളവര്‍ ഇന്നും ലോകത്തുണ്ട്. അവര്‍ ഈ ലോകത്തിലെ സാധാരണക്കാരുടെ തിക്കിലും, തിരക്കിലും, ആര്‍ത്തിയിലും, അധികാരത്തിലും, സമ്പത്തിലും, സുഖത്തിലും, ദുഖത്തിലും, അസൂയയിലും, പരദൂഷണത്തിലും,സ്ഥാനമാനങ്ങളിലും ഭ്രമിക്കാതെ, ആരാലും ശ്രദ്ധിക്കപ്പെടാതെ, ആരെയും അവര്‍ നോവിക്കാതെ കഴിഞ്ഞുകൂടുന്നുണ്ട്.ഹിമാലയ സാനുക്കളിലെ ഗിരി ശൃംഗങ്ങളിലും താഴ്വാരങ്ങങ്ങളിലും മാത്രമല്ല, മഹാനഗരങ്ങളുടെ നടുക്കും ശാന്തരായി,സത്യാന്വേഷികളായി കഴിഞ്ഞു കൂടുന്നു.
പരാവിദ്യയില്‍ ഗുരുക്കന്മാരും ഗ്രന്ഥങ്ങളുമെല്ലാം ചൂണ്ടുപലകകള്‍ മാത്രം.ലക്ഷ്യത്തിലെത്താന്‍ ചൂണ്ടുപലകകള്‍ കേവലം സഹായികളാണ്. അവയല്ല ലക്ഷ്യം. അവ ചൂണ്ടുന്ന ലക്ഷ്യത്തിലേക്കു നാം ഓരോരുത്തരും തനിയെ യാത്ര ചെയ്യണം. ‘ഏട്ടിലെ പശു പുല്ലു തിന്നുകയല്ലെ’ന്നു സാരം. ചൂണ്ടു പലകകളുടെ സമീപം നിന്ന് അവയെ നന്ദിയോടെ ഒന്ന് നോക്കാം, സ്മരിക്കാം, വേണമെങ്കില്‍ ഒരു ഹാരാര്‍പ്പണവും നടത്താം. അവിടെ തീരണം ആദരവിന്റെ പ്രകടനം. അതിനു ശേഷം ചൂണ്ടിക്കാണിച്ച വഴിയിലെ ‘മുള്ളു മുരട് മൂര്‍ഖന്‍ പാമ്പിനെയും, കല്ല് കരട് കാഞ്ഞിരക്കുറ്റിയെയും’ മറികടക്കേണ്ടത് നമ്മുടെ ശരീരവും, മനസ്സും, ബുദ്ധിയും ഒരുമിച്ചു പ്രവര്‍ത്തിച്ചുകൊണ്ടാണ്. ആധ്യാത്മിക പാതയിലെ വിഘ്‌നങ്ങള്‍ താണ്ടാനുള്ള സൂത്രങ്ങള്‍ മാത്രമാണ് ഗുരുക്കന്മാര്‍ പറഞ്ഞു തരുന്നത്.പക്ഷെ ദൂരം താണ്ടി ലക്ഷ്യമാകുന്ന ഏകത്വ ബോധത്തില്‍ ലയിക്കേണ്ടത് ഓരോ വ്യക്തിയുമാണ്.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം, അപരാ വിദ്യയില്‍ ആവുന്നിടത്തോളം അവഗാഹം നേടിയതിനു ശേഷം വീണ്ടും സത്യാന്വേഷണത്തിനായി താല്‍പ്പര്യമുള്ളവര്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണ്, പരാവിദ്യ. എന്നാല്‍, ശങ്കരാചാര്യരെ പോലെ അപൂര്‍വ്വം ചിലര്‍ തങ്ങളുടെ മുജ്ജന്മ സുകൃതം കൊണ്ട് നൈഷ്ഠിക ബ്രഹ്‌മചാരികളായി,ചെറുപ്പത്തിലേ തന്നെ ബ്രഹ്‌മ വിദ്യ സ്വായത്തമാക്കുന്നവരുമുണ്ട്. ആധുനിക വിദ്യാഭ്യാസത്തിലും അങ്ങനെയുണ്ടല്ലോ. അതിമിടുക്കരായ ചില വിദ്യാര്‍ത്ഥികള്‍ക്ക് ഡബിള്‍ പ്രൊമോഷനും ത്രിബിള്‍ പ്രൊമോഷനും ഒക്കെ നല്‍കി തങ്ങളുടെ സഹപാഠികളേക്കാള്‍ വളരെ മുന്‍പേ തന്നെ ഡിഗ്രിയും, ഗവേഷണ ബിരുദവുമൊക്കെ നേടാന്‍ കഴിയുന്നുണ്ടല്ലോ.
ആത്മവിദ്യ ഒരിക്കലും ആധുനിക സിലബസ്സില്‍ പെടുത്തി, അധ്യാപകരെ വച്ച്, ടൈം ടേബിളിനനുസൃതമായി, ടെസ്റ്റു പേപ്പറും നടത്തി, ഫല പ്രഖ്യാപനം നടത്താവുന്ന വിഷയമല്ല. ആധുനിക വിദ്യാഭ്യാസ രീതിയിലെ ഫലാധിഷ്ഠിത രീതിശാസ്ത്രത്തിനും (Outcome Based Education) ഇവിടെ കാര്യമായിട്ടൊന്നും ചെയ്യാനില്ല. കാരണം, ബ്രഹ്‌മവിദ്യ വ്യക്തിയുടെ അനുഭവത്തിനും (Experience) അപ്പുറമുള്ള അനുഭൂതി അധിഷ്ഠിതമായ ആനന്ദത്തിലാണ് (Realization) സ്ഥിതി ചെയ്യുന്നത്. ഇത് പാശ്ചാത്യ സര്‍വ്വകലാശാലാ വിദ്യാഭ്യാസ രീതിക്കതീതമാണ്. എന്നാലും ഇങ്ങനെയൊരു ഭാരതീയ ജ്ഞാന ശാഖയുണ്ടെന്നുള്ള അറിവ് ആധുനിക വിദ്യാഭ്യാസത്തിലൂടെ പുതിയ തലമുറയ്‌ക്ക് പകര്‍ന്നു നല്‍കേണ്ടതാണ്.
പുണ്യവും ഭാഗ്യവുമുള്ളവര്‍ അതന്വേഷിച്ചുപോയി സായൂജ്യമടയട്ടെ.
















