മീന്‍ പലരുടേയും വീക്ക്‌നെസാണ്. പ്രത്യേകിച്ചും മലയാളികളുടെ. ഇതുപോലെ തന്നെയാണ് മീന്‍ വറുത്തതും. നല്ല കുരുമുളുകും ചെറിയുളളിയുമെല്ലാം അരച്ചു ചേര്‍ത്ത് പൊരിച്ചെടുക്കുന്ന മീന്‍ മിക്കവാറും പേരുടെ ഇഷ്ട വിഭവം തന്നെയാണ്.പലരുടേയും പ്രധാന പരാതി വിചാരിച്ച രീതിയില്‍ മീന്‍ കറിയ്‌ക്കു രുചി കിട്ടുന്നില്ലെന്നതാണ്. ഒപ്പം അടുത്ത ദിവസത്തേയ്‌ക്ക് മീൻ കറി ചീത്തയാകാതെ എങ്ങനെ സൂക്ഷിക്കണമെന്നുമാണ്.
നല്ല നാടന്‍ രുചി മീന്‍ കറിയ്‌ക്കു ലഭിയ്‌ക്കുവാന്‍ ഉപയോഗിയ്‌ക്കാവുന്ന പല വഴികളുമുണ്ട്.അതും യാതൊരു കൃത്രിമ ചേരുകളും ചേര്‍ക്കാതെ, തികച്ചും ആരോഗ്യകരമായ പ്രകൃതിദത്ത വസ്തുക്കള്‍ ചേര്‍ത്ത് . മീന്‍ ഇഷ്ടമാണെങ്കിലും മീനിന്റെ ഉളുമ്പു നാറ്റം പലപ്പോഴും പലര്‍ക്കു പിടിക്കില്ല. ഇതിന് നല്ലൊരു വഴിയാണ് അല്‍പം ഉപ്പും നാരങ്ങാനീരും കലര്‍ത്തിയ വെള്ളത്തില്‍ മീന്‍ കഴുകിയെടുക്കുക എന്നത്. മീന്‍ കഷ്ണങ്ങളാക്കിയ ശേഷം ഇതില്‍ ഇട്ടു വച്ച് വെള്ളം കളഞ്ഞെടുക്കാം. മീന്‍ നല്ല രീതിയില്‍ വൃത്തിയാകാനും ഈ വഴി നല്ലതാണ്.
മീന്‍ കറി തലേന്നു രാത്രി ഉണ്ടാക്കി വച്ചാല്‍ രുചിയേറും. അതായത് അല്‍പം പഴകിയാല്‍ എന്നു വേണം, പറയുവാന്‍. ഇതു പോലെ മണ്‍ചട്ടിയില്‍ ഉണ്ടാക്കുന്ന മീന്‍ കറിയാകും, രുചിയില്‍ മികച്ചത്. വലിയ തരം മീനുകളും മത്തി, അയില പോലുള്ളവയുമെല്ലാം കുടംപുളി ചേര്‍ത്തു തയ്യാറാക്കിയാല്‍ കൂടുതല്‍ നല്ലതാണ്. നത്തോലി പോലുള്ളവയ്‌ക്ക് നാടന്‍ പുളിയാകും, നല്ലത്. വ്യത്യസ്ത പുളി രുചി വേണമെങ്കില്‍ ഇലുമ്പന്‍ പുളി, തക്കാളി എന്നിവ പരീക്ഷിയ്‌ക്കാം.
ഇതുപോലെ മീന്‍ കറിയില്‍ അത്യാവശ്യം ചേര്‍ക്കേണ്ടവയാണ് വെളിച്ചെണ്ണയും കറിവേപ്പിലയും. മീന്‍ കറിയ്‌ക്കു നാടന്‍ രുചി നല്‍കാന്‍ ഇവ രണ്ടും ഏറെ അത്യാവശ്യമാണ്. കറി തയ്യാറാക്കിയ ശേഷം മുകളില്‍ കറിവേപ്പിലയിട്ടു ലേശം വെളിച്ചെണ്ണ തൂകുന്നത് നാടന്‍ രുചി നല്‍കും. ഇതു പോലെ ഉലുവ പൊടിച്ചത് മീന്‍ കറിയില്‍ ചേര്‍ക്കുന്നതും സ്വാദിന് മികച്ചതാണ്. സവാളയ്‌ക്കു പകരം ചെറിയ ഉള്ളി അരിഞ്ഞു ചേര്‍ക്കാം. വലിയ തരം മീനുകളില്‍ ചെറിയുളളി വറുത്തു ചേര്‍ക്കുന്നതും നല്ലതാണ്.













