തൃശൂര്‍: സിപിഐ സമ്മേളനങ്ങളില്‍ തെരഞ്ഞെടുപ്പ് അനുവദിക്കില്ലെന്ന് പാര്‍ട്ടി പെരുമാറ്റച്ചട്ടം കൊണ്ടുവന്നിരുന്നു. സമവായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ജില്ലാ സമ്മേളനങ്ങളില്‍ സമവായത്തിന്റെ പേരില്‍ നടന്നത് ഔദ്യാഗിക വിരുദ്ധ ചേരിയെ പൂര്‍ണമായി വെട്ടിനിരത്തലായിരുന്നു. ഇത് തന്നെ ആലപ്പുഴയില്‍ സപ്തംബറില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലും ഉണ്ടാകുമെന്നാണ് കെ.ഇ. ഇസ്മയില്‍ ചേരി പറയുന്നത്.
എറണാകുളം, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളില്‍ വിരുദ്ധ ചേരിയില്‍ നിന്നുളളവര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ പെരുമാറ്റച്ചട്ടം അനുസരിച്ച് മത്സരം ഒഴുവാക്കുകയായിരുന്നു. ഇവിടങ്ങളില്‍ സമവായത്തിന്റെ പേരില്‍ വെട്ടിനിരത്തലാണ് നടന്നതെന്ന് ഔദ്യോഗികപക്ഷ വിരുദ്ധര്‍ പറയുന്നു. ഇതു തന്നെയാകും സംസ്ഥാന സമ്മേളനത്തിലും ഉണ്ടാകാന്‍ പോകുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പാലക്കാട് ജില്ലയില്‍ ഇസ്മയില്‍ അനൂകൂലികള്‍ സേവ് സിപിഐ ഫോറം രൂപീകരിച്ച് പുറത്തുപോയിരുന്നു.
ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. കാനം രാജേന്ദ്രന്‍ മരിച്ചതിനെ തുടര്‍ന്നാണ് ബിനോയ് വിശ്വം സെക്രട്ടറി ആയത്. രണ്ട് അസി. സെക്രട്ടറിമാരില്‍ ഇ. ചന്ദ്രശേഖരന് പ്രായപരിധി കഴിഞ്ഞതിനാല്‍ ഒഴിവാകേണ്ടി വരും. പി.പി. സുനീര്‍ അസി. സെക്രട്ടറിയായി തുടരും. ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങളില്‍ 65 വയസുവരെയാണ് പ്രായപരിധി. അഖിലേന്ത്യ സെക്രട്ടറിക്ക് 75 വയസും.
ചന്ദ്രശേഖരന്റെ ഒഴിവിലേക്ക് വി.എസ്. സുനില്‍കുമാറിനെ കൊണ്ടുവരാന്‍ ഇസ്മയില്‍ അനുകൂലികള്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ സുനില്‍കുമാര്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. തൃശൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സുരേഷ് ഗോപിക്കെതിരെ വ്യാജവേട്ട് ആരോപണം ഉന്നയിച്ച് സുനില്‍ കുമാര്‍ രംഗത്ത് വന്നെങ്കിലും പാര്‍ട്ടി പിന്തുണ ലഭിച്ചില്ല.
മുല്ലക്കര രത്‌നാകരനെ അസി. സെക്രട്ടറിയാക്കാനാണ് ബിനോയി വിശ്വത്തിന്റെ നീക്കം. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ദേശീയ സമ്മേളനത്തില്‍ നിലവിലെ അഖിലേന്ത്യ സെക്രട്ടറി ഡി. രാജ 75 വയസ് കഴിഞ്ഞതിനാല്‍ സ്ഥാനം ഒഴിയും. സെക്രട്ടറി സ്ഥാനത്തേക്ക് നിലവില്‍ രണ്ടു പേരുകളാണ് ഉളളത് അതില്‍ ഒന്ന് ബിനോയ് വിശ്വത്തിന്റെതാണ്. എഐടിയുസി അഖിലേന്ത്യ സെക്രട്ടറി പഞ്ചാബില്‍ നിന്നുള്ള അമൃത്ജിത്ത് കൗര്‍ ആണ് മറ്റൊരു പേര്. സിപിഐയില്‍ ഇതുവരെ ഒരു വനിത അഖിലേന്ത്യ സെക്രട്ടറി ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ അമൃത്ജിത്ത് കൗറിന് സാധ്യത കൂടുതലാണ്. 65 വയസ് പിന്നിട്ട അവര്‍ തയ്യാറായില്ലെങ്കില്‍ ബിനോയ് വിശ്വം അഖിലേന്ത്യാ സെക്രട്ടറിയാകും. അങ്ങനെ വന്നാല്‍ മുല്ലക്കര രത്‌നാകരനെ സംസ്ഥാന സെക്രട്ടറിയാക്കാനാണ് ബിനോയ് വിശ്വത്തിന്റെ നീക്കം.
എന്നാല്‍ ബിനോയ് വിശ്വം അഖിലേന്ത്യാ സെക്രട്ടറിആയാല്‍ സംസ്ഥാന സെക്രട്ടറിയാകാന്‍ മന്ത്രി കെ.രാജനും കരുക്കള്‍ നീക്കുന്നുണ്ട്.
മന്ത്രിമാരായ കെ. രാജന്‍, സി. പ്രസാദ്, അസി. സെക്രട്ടറി പി.പി. സുനീര്‍ എന്നിവരടങ്ങുന്ന മൂവര്‍ സംഘത്തിന്റെ നിയന്ത്രണത്തിലാണ് ബിനോയ് വിശ്വം എന്നാണ് വിരുദ്ധച്ചേരിയുടെ ആരോപണം.
ആലപ്പുഴയില്‍ നടക്കാന്‍ പോകുന്ന സംസ്ഥാന സമ്മേളനത്തോടെ കെ.ഇ. ഇസ്മയിലിനെ അനുകൂലിച്ചിരുന്ന വിരുദ്ധ ചേരി പൂര്‍ണമായും വെട്ടി നിരത്തപ്പെടുമെന്നാണ് സൂചന.സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ അനുകൂലികളാണ് ഇപ്പോഴത്തെ ഔദ്യോഗിക പക്ഷമെന്നറിയപ്പെടുന്നത്.















