ന്യൂദൽഹി : ഈ വർഷം ദീപാവലി, ഛാത്ത് പൂജ സീസണിൽ രാജ്യത്തുടനീളം 12,000-ത്തിലധികം പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ച പറഞ്ഞു. ഇതിനുപുറമെ ബീഹാറിനായി പുതിയ വന്ദേ ഭാരതും നാല് പുതിയ അമൃത് ഭാരത് ട്രെയിനുകളും റെയിൽവേ മന്ത്രി പ്രഖ്യാപിച്ചു.
പൂർണിയയിൽ നിന്ന് ബീഹാറിലെ പട്നയിലേക്ക് മറ്റൊരു വന്ദേ ഭാരത് ട്രെയിൻ ആരംഭിക്കുമെന്നും ഗയാജിയിൽ നിന്ന് ഡൽഹിയിലേക്കും, സഹർസയിൽ നിന്ന് അമൃത്സറിലേക്കും, ഛപ്രയിൽ നിന്ന് ദൽഹിയിലേക്കും, മുസാഫർപൂരിൽ നിന്ന് ഹൈദരാബാദിലേക്കും യഥാക്രമം നാല് പുതിയ അമൃത് ഭാരത് ട്രെയിനുകൾ ഓടുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നയം പ്രകാരം ഒക്ടോബർ 13 മുതൽ 26 വരെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഈ ഉത്സവ സീസണിൽ നവംബർ 17 നും ഡിസംബർ 1 നും ഇടയിൽ യാത്ര ചെയ്താൽ അവരുടെ റിട്ടേൺ നിരക്കിൽ 20 ശതമാനം കിഴിവുള്ള സ്ഥിരീകരിച്ച ടിക്കറ്റ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇതിനു പുറമെ സൗത്ത് വെസ്റ്റേൺ റെയിൽവേ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തും. ഗണേശ ചതുർത്ഥി, ദസറ, ദീപാവലി, ഛാത്ത് ഉത്സവങ്ങൾ എന്നിവയോടനുബന്ധിച്ച് യാത്രക്കാരുടെ അധിക തിരക്ക് കണക്കിലെടുത്ത് യശ്വന്ത്പൂരിൽ നിന്നും ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്താനാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.
സാധാരണ ട്രെയിനുകളിലെ തിരക്ക് കുറയ്‌ക്കുന്നതിനും ഉത്സവ യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്രാ ഓപ്ഷനുകൾ നൽകുന്നതിനും ഈ സർവീസുകൾ സഹായിക്കും.
















