കൊച്ചി: യുവ രാഷ്‌ട്രീയ നേതാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമുള്ള പുതുമുഖ നടി റിനി ആന്‍ ജോര്‍ജിന്‌റെ വെളിപ്പെടുത്തലില്‍ വെട്ടിലായി കോണ്‍ഗ്രസ് നേതൃത്വം. ആരോപണ വിധേയന്‌റെ പേരു പറയാതെയുളള നടിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിലെ യുവ നേതാക്കളെയെല്ലാം തന്നെ സംശയ നിഴലിലാക്കി. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ പാര്‍ട്ടിക്ക് ഇത് വലിയ ആഘാതമാണ്. പരാതി പറഞ്ഞിട്ടും പ്രതിപക്ഷ നേതാവ് നടപടിയെടുത്തില്ലെന്നുളള ആരോപണവും നടി പരോക്ഷമായി ഉന്നയിക്കുന്നുണ്ട്. ഈ നടിയുമായി കൂടിക്കാഴ്ച നടത്തിയ ഒരു ചാനല്‍ ലേഖകന്‍ ഒരു പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാവിന്‌റെ പേര് പറഞ്ഞിട്ട് അയാളാണോ വില്ലനെന്ന് ആരായുന്നുണ്ട്. എന്നാല്‍ ആ പേര് കൊളളാതെയും തള്ളാതെയുമാണ് നടി ആ ചോദ്യത്തോട് പ്രതികരിച്ചത്. ഈ വ്യക്തി ഉള്‍പ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും നടി പറഞ്ഞു.
















