രണ്ടു ദിവസം മുമ്പ് മലയാളികള്‍ പൊന്നിന്‍ ചിങ്ങപ്പിറവി ആഘോഷിച്ചല്ലോ. ഇംഗ്‌ളീഷ് വര്‍ഷ ക്രമം അനുസരിച്ച് 2025 ആഗസ്ത് 17ന് ആയിരുന്നു 1201 ചിങ്ങം ഒന്ന്. തമിഴ് സമ്പ്രദായ പ്രകാരം 1435 ആവണി ഒന്ന്. ശകവര്‍ഷ പ്രകാരം 1946 ഭാദ്രപഥം 26 എന്നിങ്ങനെയായിരുന്നു ഇതേദിനത്തിലെ ഇതര കലണ്ടര്‍ തീയതികള്‍.
കേരളീയര്‍ക്ക് നവവത്സരാരംഭം ചിങ്ങം ഒന്നിനാണല്ലോ. അതിനാല്‍ ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും ചിങ്ങം ഒന്ന് ഉത്സവത്തിന്റെയും ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായി കൊണ്ടാടപ്പെട്ടു. ഒന്നാംതിയതി എങ്ങനെയോ അതുപോലെയാകും വര്‍ഷം മുഴുവന്‍ എന്നാണ് വിശ്വാസം. മലയാളികള്‍ക്ക് പുതുവര്‍ഷം തുടങ്ങുന്നത് ഒരു ദിവ്യമായ അനുഭവമായതില്‍ ഈ വിശ്വാസത്തിനും പങ്കുണ്ടാകാം. കാര്‍ഷിക വര്‍ഷമായും ഐശ്വര്യത്തിന്റെ ആഗമനാരംഭമായും ഒക്കെ പണ്ടുമുതലേ ചിങ്ങം ഒന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ കേരളത്തിനു പുറത്ത് പല ദേശങ്ങളിലും വിഷുവിന് സമമായ ബിഹു ആണ് നവവത്സരാരംഭമായി ആഘോഷിക്കുന്നത്.
ഹിന്ദുക്കള്‍ക്ക് വിശേഷ വസ്ത്രധാരണം, ക്ഷേത്രദര്‍ശനം, ഗൃഹത്തില്‍ മൃഷ്ടാന്ന ഭോജനം, പലക്ഷേത്രങ്ങളിലും പ്രത്യേക വിശേഷാല്‍ പൂജ തുടങ്ങിയവയെല്ലാം ആണ്ടുപിറപ്പിന് പതിവാണല്ലോ.
കര്‍ക്കടകം പഞ്ഞമാസമായിട്ടായിരുന്നു പണ്ട് കുരുതപ്പെട്ടിരുന്നത്. മുന്‍കാലങ്ങളില്‍ തോരാത്ത മഴയും ദാരിദ്ര്യവും പഞ്ഞവും മറ്റും കാരണം കേരളത്തിലെ ജനജീവിതം ദുരിതമയമാകുമായിരുന്നു. ഇപ്പോള്‍ കാലംമാറി അന്തരീക്ഷം പരിവര്‍ത്തിതമായി. മുന്‍കാലത്തെ ദാരിദ്ര്യമോ പട്ടിണിയോ വര്‍ഷക്കെടുതിയോ ഒന്നും പൊതുവെ പറയാനില്ല. മുമ്പ് ക്‌ളേശങ്ങള്‍ കാരണം ‘മുശേട്ട പോ ശീപോതി വാ’ (ദുര്‍ദേവതകള്‍ പോകട്ടെ ഐശ്വര്യ പ്രതീകമായ ശ്രീഭഗവതി വരട്ടെ)എന്നായിരുന്നു എല്ലാവരും പ്രാര്‍ത്ഥിച്ചത്. ഏറെക്കാലമായി മലയാളികള്‍ കര്‍ക്കടകം രാമായണ മാസമായി ആചരിക്കു ന്നു. തുഞ്ചത്തെഴുത്തച്ഛന്റെ വിശിഷ്ട ഗ്രന്ഥമായ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് എല്ലാ ഗൃഹങ്ങളിലും നിത്യപാരായണം ചെയ്യുന്നു. സീതാരാമ ഭക്തിയും ആദര്‍ശ പുരുഷനായ ശ്രീരാമചന്ദ്രന്റെ മഹത്വവും ഗൃഹാന്തരീക്ഷങ്ങളില്‍ പ്രസരിക്കുന്ന കാലമാണ് കര്‍ക്കടക മാസം. സമീപ കാലത്ത് മാധ്യമങ്ങളും ക്ഷേത്രങ്ങളും ഗൃഹങ്ങളുംസാമൂഹിക സ്ഥാപനങ്ങളുമെല്ലാം ഓരോപ്രകാരത്തില്‍ അദ്ധ്യാത്മരാമായണം പഠിക്കാനും പ്രചരിപ്പിക്കാനും അവസരമൊരുക്കുന്നു.
കര്‍ക്കടകം കഴിഞ്ഞാല്‍ പൊന്നിന്‍ ചിങ്ങവും പൊന്നോണവുമൊക്കെ ആഗതമാകുന്നു. ഏതോ ഒരു പൂര്‍വകാലത്ത്, മഹാബലി സ്വന്തം പ്രജകളുടെ ക്ഷേമം അന്വേഷിച്ച് ചിങ്ങത്തിരുവോണ നാളില്‍ കേരളം സന്ദര്‍ശിക്കുന്നു എന്ന ഐതീഹ്യം ഇവിടെ രൂഢമൂലമായി. ബലിയുടെ കഥയുമായി ബന്ധപ്പെട്ട വാമനാവതാരത്തെ സൂചിപ്പിക്കുന്ന വാമനമൂര്‍ത്തി ക്ഷേത്രങ്ങളും കേരളത്തിലുണ്ടല്ലോ.
1201 ചിങ്ങം പിറന്നതോടെ കേരളീയര്‍ ഓണാഘോഷത്തിന്റെ പ്രതീക്ഷയിലാണ്. സമീപകാലത്ത് ഓണാഘോഷം ഗാര്‍ഹികപരിവേഷത്തില്‍ ഒതുങ്ങാത്ത ഔദ്യോഗിക ആഘോഷം കൂടിയായി മാറിയിട്ടുണ്ട്. ടൂറിസ്റ്റുകള്‍ക്ക് ഒരു ഉല്ലാസ സമയം കൂടിയാണ് അത്തം തൊട്ട് പത്തോണം എന്ന തിരുവോണ ആഘോഷ ദിനങ്ങള്‍. ഓണം ഒരു ദേശീയയോത്സവമായി വികസിച്ചിരിക്കുന്നു. ശുഭ പ്രതീക്ഷകളോടെ നമുക്ക് 1201 നെ വരവേല്‍ക്കാം. എല്ലാമലയാളികള്‍ക്കും നവവത്സരം ശോഭനമാകട്ടെ.
















