കേരളത്തിലെ കര്‍ണാടക സംഗീതലോകത്തെ സംബന്ധിച്ചിടത്തോളം ഒരു സുവര്‍ണ്ണ യുഗത്തിന്റെ ദീപ്ത സ്മരണകളാണ് പ്രമുഖ മൃദംഗ വിദ്വാന്‍മാരും മാവേലിക്കര സ്വദേശികളായിരുന്നുവെങ്കിലും തിരുവനന്തപുരം കര്‍മ്മഭൂമിയാക്കിയ സമുന്നത കലാകാരന്‍മാരുമായിരുന്ന മാവേലിക്കര കൃഷ്ണന്‍കുട്ടി നായരും മാവേലിക്കര വേലുക്കുട്ടി നായരും. ആദ്യന്‍ പഴനി ശൈലി സ്വാംശീകരിച്ച് സൗഖ്യം തൊടുകുറിയാക്കിയ മൃദംഗവാദന ശൈലിയ്‌ക്ക് കാറ്റും വെളിച്ചവും പകര്‍ന്നപ്പോള്‍ ദ്വിതീയന്‍ കറകളഞ്ഞ തഞ്ചാവൂര്‍ ശൈലിയുടെ ഉപാസകനായി മൃദംഗവാദനകലയെ പുതു ഉയരങ്ങളില്‍ കൊണ്ടെത്തിച്ചു.
ആലപ്പുഴ ജില്ലയുടെ ഹൃദയഭാഗത്ത് ക്ഷേത്രങ്ങളും ക്ഷേത്രകലകളും കഥകളിയും കര്‍ണാടക സംഗീതവും മറ്റ് സുകുമാരകലകളും കളിമ്പമേറ്റിയ ചെറു പട്ടണമെന്നോ വലിയ ഗ്രാമമെന്നോ വിശേഷിപ്പിക്കാവുന്ന മാവേലിക്കരയില്‍ 1920 ഒക്ടോബര്‍ ഒന്നാം തീയതിയായിരുന്നു മാവേലിക്കര കൃഷ്ണന്‍കുട്ടിനായരുടെ ജനനം. നാടകമേടയില്‍ സജീവസാന്നിദ്ധ്യമായിരുന്ന മാവേലിക്കര നാരായണപിള്ളയായിരുന്നു അഛന്‍; അമ്മ പാറുക്കുട്ടിയമ്മ. ഇന്നത്തെ തലമുറയ്‌ക്ക് തീരെ അപരിചിതരായ ആലപ്പുഴ വെങ്കപ്പന്‍ പിള്ളയും വെച്ചൂര്‍ കൃഷ്ണയ്യരുമായിരുന്നു കൃഷ്ണന്‍ക്കുട്ടി നായരുടെ ആദ്യ ഗുരുക്കന്‍മാര്‍. മാവേലിക്കര കൊട്ടാരത്തില്‍ പഠിപ്പിച്ചിരുന്ന വെങ്കപ്പന്‍ പിള്ള കൃഷ്ണന്‍ക്കുട്ടി നായരുടെ താത്പര്യവും അഭിരുചിയും കണ്ടറിഞ്ഞ് കൊട്ടാരം ക്‌ളാസ്സുകളില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ക്കുകയാണ് ഉണ്ടായത്.
പിന്നീട് പഴനി സുബ്രഹ്‌മണ്യ പിള്ളയുടെ അടുത്ത് കൂടുതല്‍ പരിശീലനമര്‍ത്ഥിച്ചു ചെന്ന കൃഷ്ണന്‍ക്കുട്ടി നായരോട് വിരലുകളുടെ വിന്യാസമോ കൈയുടെ സ്ഥാനമോ ഗുമുക്കി സൃഷ്ട്ടിക്കുന്ന സങ്കേതമോ ഒന്നും മാറ്റേണ്ടതില്ല എന്നായിരുന്നൂ പഴനിയുടെ ഉപദേശം. കൃഷ്ണന്‍കുട്ടി നായര്‍ക്ക് മാനസ്സ ഗുരു മറ്റാരുമായിരുന്നില്ല, മൃദംഗത്തില്‍ തനതായ വാദനശൈലി ഉരുത്തിരിച്ചെടുത്ത പഴനി തന്നെയായിരുന്നു. പഴനിയുടെ വായനാശൈലിയോട് സ്വന്തം ഗുരുക്കന്‍മാരില്‍ നിന്നും പകര്‍ന്നു കിട്ടിയ നന്‍മകളും ഇഴചേര്‍ത്ത് വ്യതിരിക്തമായ കൃഷ്ണന്‍കുട്ടിക്കൂറ് വളര്‍ത്തിയെടുത്തതും മാവേലിക്കര കൃഷ്ണന്‍കുട്ടി നായരുടെ കിടയറ്റ സംഭാവനയാണ്.
ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍ വഴി എം.എസ്. സുബ്ബലക്ഷ്മിയും കുടുംബവുമായി സൗഹൃദത്തിലായ കൃഷ്ണന്‍കുട്ടി നായരായിരുന്നു എട്ട് വര്‍ഷത്തോളം എം.എസ്സിന് സ്ഥിരം മൃദംഗം പക്കം വായിച്ചിരുന്നത്. ന്യൂ ഡല്‍ഹിയില്‍ എം.എസ്സിന്റെ കച്ചേരി കേള്‍ക്കാന്‍ വന്ന ജവാഹര്‍ലാല്‍ നെഹ്‌റു ‘ഏവരേയും പോലെ ഓരോ കൈയിലും അയ്യഞ്ചു വിരലുകള്‍ മാത്രമുള്ള അങ്ങ് വിരലുകള്‍ കൊണ്ട് മായാജാലം തീര്‍ക്കുകയാണല്ലോ ചെയ്യുന്നത്’ എന്ന് കൃഷ്ണന്‍കുട്ടി നായരെ പ്രത്യേകം അഭിനന്ദിച്ചതും ചരിത്രം.
1960-കളില്‍ എപ്പോഴോ എം.എസ.് കച്ചേരികളില്‍ നിന്നും കുറച്ചു കാലം വിട്ടു നിന്നിരുന്നു. ആ ഇടവേള കഴിഞ്ഞ് മദ്രാസ് മ്യൂസിക്ക് അക്കാദമിയില്‍ ആദ്യ കച്ചേരി അവതരിപ്പിക്കാന്‍ എം.എസ.് ഒരു നിബന്ധനയേ വച്ചുള്ളു എന്ന് കൃഷ്ണന്‍കുട്ടി നായരുടെ പൗത്രനും മൃദംഗവിദ്വാനും സംഗീതസംവിധായകനുമായ മാവേലിക്കര ആര്‍.വ.ി രാജേഷ് അനുസ്മരിയ്‌ക്കുന്നു – ആ നിബന്ധന മറ്റൊന്നുമായിരുന്നില്ല; ‘കച്ചേരിക്ക് മൃദംഗം കൃഷ്ണന്‍കുട്ടി നായര്‍ തന്നെ വായിക്കണം.’
യേശുദാസുമായിട്ടും വളരെ ദീര്‍ഘകാലത്തെ അടുപ്പമാണ് കൃഷ്ണന്‍കുട്ടി നായര്‍ പുലര്‍ത്തിപ്പോന്നത്. യേശുദാസിന്റെ കച്ചേരികള്‍ക്ക് കൃഷ്ണന്‍കുട്ടി നായരുടെ മൃദംഗത്തിന്റെ ചാപ്പ് – ശ്രുതി നിബദ്ധമായ ശബ്ദവിശേഷം – വിജയവൈജയന്തിയായിരുന്നു എന്നതിന് കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ നിരവധി കച്ചേരികള്‍ തന്നെ സാക്ഷി
കോഴിക്കോട്ട് വല്ലപ്പോഴും കച്ചേരിക്കു വരാറുണ്ടായിരുന്ന കൃഷ്ണന്‍കുട്ടി നായര്‍ ഒരിക്കല്‍ മൃദംഗത്തെ കുറിച്ചും കച്ചേരികള്‍ക്ക് വായിക്കേണ്ട രീതിശാസ്ത്രത്തെ കുറിച്ചും ദീര്‍ഘനേരം സംസാരിച്ചത് ഞാന്‍ അത്യാദരപൂര്‍വ്വം ഓര്‍ക്കുന്നുണ്ട്. സ്വന്തം കച്ചേരിയനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഊന്നി അദ്ദേഹം അന്ന്, തികച്ചും അനൗപചാരികമായി, ഹോട്ടല്‍ മുറിയിലിരുന്നു പറഞ്ഞ കാര്യങ്ങളില്‍ തെളിഞ്ഞു നിന്ന ആത്മാര്‍ത്ഥതയും തീക്ഷ്ണമായ സത്യസന്ധതയും അവിസ്മരണീയം തന്നെയാണ്.
മൃദംഗത്തിന്റെ ശബ്ദം – വോള്യം അഥവാ തീക്ഷ്ണത – വായ്‌പ്പാട്ടുകാരനും വയലിന്‍ വാദകനും അനുയോജ്യമായി കൂട്ടിയും കുറച്ചും ക്രമീകരിക്കുക, എടഞ്ചിലില്ലാതെ പാട്ടിന് വായ്‌ക്കുമ്പോള്‍ വല്ലിനങ്ങളും മെല്ലിനങ്ങളും ഉപയോഗിച്ച് വൈചിത്ര്യം ഉറപ്പാക്കുക, വലിയ കണക്കുകളൊന്നും വായിക്കാതെ മൃദംഗത്തിന്റെ നാദസൗഭഗം ഉപയോഗിച്ച് വലുപ്പത്തിന്റെ, സമഗ്രതയുടെ ഇഫക്റ്റ് ഉണ്ടാക്കുക തുടങ്ങി പല കാര്യങ്ങളും തികഞ്ഞ ബോധ്യത്തോടെ അദ്ദേഹം പറഞ്ഞു തന്നത് പുതിയൊരു കാഴ്‌ച്ചപ്പാടിലേയ്‌ക്ക് ഞങ്ങളുടെ മിഴി തുറപ്പിച്ചു.
1960-ല്‍ ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി ചേര്‍ന്ന കൃഷ്ണന്‍കുട്ടി നായര്‍ സ്വന്തം വ്യക്തിത്വവും കലനൈപുണിയും കാരണം നിലയത്തിന് മുതല്‍ക്കൂട്ടായി മാറി. കൃഷ്ണന്‍കുട്ടി നായര്‍ നിലയത്തിലേയ്‌ക്ക് എപ്പോഴും കൊണ്ടു വന്നിരുന്ന ശുദ്ധിയുടെയും സാത്വികതയുടെയും ചന്ദനസുഗന്ധത്തെ പറ്റി ദീര്‍ഘകാലം അവിടെ ജീവനക്കാരനായിരുന്ന സദാശിവന്‍ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. ‘കൃഷ്ണന്‍കുട്ടി ചേട്ടന്റെ പക്കവദ്യത്തിന്റെ സ്വാദിനെ’ കുറിച്ച് പറഞ്ഞാല്‍ നാദസ്വരവിദ്വാനും ആകാശവാണി കലാകാരനുമായ തിരുവിഴ ജയശങ്കറിന് നാക്ക് നൂറാണ്. സംഗീതം എന്ന കലാരൂപത്തെയും കച്ചേരി എന്ന കലാപ്രകടനത്തേയും കാര്യക്ഷമമായും സംസ്‌ക്കാരസമ്പന്നമായും എങ്ങനെ ഇണപിരിയാതെ കൈകാര്യം ചെയ്യണം എന്നതിന് ഉത്തമോദാഹരണമായിരുന്നൂ കൃഷ്ണന്‍കുട്ടി നായര്‍.
മാവേലിക്കര എസ്.ആര്‍. രാജു, സ്വന്തം മരുമകന്‍ ചേര്‍ത്തല എ.കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രമുഖരാണ്. രാമചന്ദ്രന്റെ രണ്ട് ആണ്‍മക്കളും – രാജീവ്, രാജേഷ് – മൃദംഗവിദ്വാന്‍മാരാണ്. രാജേഷിന്റെ പത്‌നി മഞ്ജുള തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ വയലിന്‍ വിദുഷിയാണ്.
കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പും അവാര്‍ഡും ലഭിച്ചിട്ടുള്ള കൃഷ്ണന്‍കുട്ടി നായരെ രാഷ്‌ട്രം 1984-ല്‍ പത്മശ്രീ നല്‍കി ആദരിച്ചൂ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കലാരത്‌ന അവാര്‍ഡും എന്‍എസ്എസ് കലാഭൂഷണം അവാര്‍ഡും നല്‍കി അദ്ദേഹത്തെ സമാദരിച്ചിട്ടുണ്ട്.
1988-ല്‍ മധുരയില്‍ യേശുദാസിന്റെ കച്ചേരിക്ക് മൃദംഗം വായിച്ചു കഴിഞ്ഞ് സുഖമില്ലായ്‌മ അനുഭവപ്പെട്ട മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍ അതേ വര്‍ഷം ജനുവരി 13ന്, അറുപത്തിയെട്ടാം വയസ്സില്‍ വിഷ്ണുപദം പൂകി.
















