പെരിയ: വിവിധ ഇനം കള്ളിമുള്‍ച്ചെടികളുടെ മരുപ്പച്ചയൊരുക്കി കേരള കേന്ദ്ര സര്‍വകലാശാല. സര്‍വകലാശാലയിലെ കാസര്‍കോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് സെന്ററാണ് (കെബിജിആര്‍സി) മുപ്പതിലേറെ ഇനങ്ങളിലുള്ള കള്ളിമുള്‍പ്പെടികള്‍ ഒരുക്കിയത്. ഇന്ത്യ, മെക്‌സിക്കോ, സൗദി അറേബ്യ, മധ്യ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്ന പ്രധാന ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്‌ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും ഇവ വരുത്തിച്ചു. വിവിധ രൂപത്തിലുള്ളതും പുഷ്പിക്കുന്നതുമായ കള്ളിമുള്‍ച്ചെടികള്‍ ഇതിലുണ്ട്.
മരുഭൂമികള്‍ ഉള്‍പ്പെടെ വരണ്ട പ്രദേശങ്ങളിലാണ് കള്ളിമുള്‍ച്ചെടികള്‍ കാണാറുള്ളത്. മഴവെള്ളം വീഴാതെ, അത്തരത്തിലുള്ള ചുറ്റുപാടുകള്‍ സൃഷ്ടിച്ചാണ് ഇവ സംരക്ഷിക്കുന്നത്. ബയോളജിക്കല്‍ സയന്‍സില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി പ്രയോജനപ്പെടുത്താന്‍ സാധിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ആര്‍. ജയപ്രകാശ്, പ്ലാന്റ് സയന്‍സ് വകുപ്പ് അധ്യക്ഷന്‍ പ്രൊഫ. കെ. അരുണ്‍ കുമാര്‍, കെബിജിആര്‍സി ജോയിന്റ് ഡയറക്ടര്‍ ഡോ. എം. ജാസ്മിന്‍ ഷാ, ഡോ. പ്രമോദ് കെ. കണ്ടോത്ത്, ഡോ. ജിന്നി ആന്റണി, ഡോ. അജയ് കുമാര്‍, ഡോ. ചിത്ര മനിശ്ശേരി എന്നിവര്‍ സംബന്ധിച്ചു.
















