ന്യൂദല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഭാരതത്തിന്റെ ഇലക്ട്രോണിക്‌സ് കയറ്റുമതി പ്രധാന നാഴികക്കല്ലു പിന്നിട്ടു. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 47 ശതമാനത്തിലധികം വര്‍ധനയോടെ ഇലക്ട്രോണിക്‌സ് കയറ്റുമതി 12.4 ബില്യണ്‍ ഡോളറിലെത്തിയെന്ന് കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു.
’47 എന്ന വിജയ ശതമാനം ഭാരതത്തിന്റെ സ്വാശ്രയത്വത്തിലേക്ക് ഉയരുന്നതിന്റെ വലിയ തെളിവാണ്, ഗോയല്‍ പറഞ്ഞു. 2014 ല്‍ വെറും രണ്ട് മൊബൈല്‍ നിര്‍മാണ യൂണിറ്റുകളില്‍ നിന്ന് ഇന്ന് 300 ലധികമായി ഭാരതം വളര്‍ന്നുവെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
മൊബൈല്‍ ഫോണ്‍ മേഖലയില്‍ ഭാരതം ഇന്ന് ലോകത്തെ രണ്ടാമത്തെ വലിയ നിര്‍മാതാക്കളായി മാറി. കഴിഞ്ഞ ദശകത്തില്‍ ഇലക്ട്രോണിക് വസ്തുക്കളുടെ കയറ്റുമതി എട്ടു മടങ്ങ് വര്‍ദ്ധിച്ചുവെന്നും 2014-15 ല്‍ 38,000 കോടിയില്‍ നിന്ന് 2024-25 ല്‍ 3.27 ലക്ഷം കോടിരൂപയായി വര്‍ദ്ധിച്ചുവെന്നും മന്ത്രി പങ്കിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
















