കോട്ടയം: ശബരിമല ആചാരലംഘനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ആഗോള അയ്യപ്പ സംഗമത്തിന് സര്‍ക്കാര്‍ വകുപ്പുകളെ ദുരുപയോഗം ചെയ്യുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്. ബിജു ആരോപിച്ചു.
ശനിയാഴ്ച പമ്പ ദേവസ്വം ഗസ്റ്റ് ഹൗസില്‍ നടന്ന സ്വാഗതസംഘം യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടര്‍-പോലീസ് സൂപ്രണ്ടുമാരെയും ഡിപ്പാര്‍ട്ട്‌മെന്റ് ഓര്‍ഡര്‍ പ്രകാരം വിളിച്ചു വരുത്തി സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സ്വാഗത സംഘമാണ് രൂപീകരിച്ചത്.
അയ്യപ്പഭക്ത സംഘടനകള്‍, ശബരിമല ആചാരവുമായി ബന്ധപ്പെട്ട പ്രതിനിധികള്‍, അയ്യപ്പന്റെ പിതൃ സ്ഥാനിയരായപന്തളം കൊട്ടാരം, പെരിയ സ്വാമിമാര്‍, തന്ത്രി സമൂഹം, മേല്‍ശാന്തിമാരുടെ പ്രതിനിധികള്‍ എന്നിവരെ വിളിച്ചു ചേര്‍ക്കാതെ സര്‍ക്കാര്‍ സ്വാഗതസംഘം രൂപീകരിക്കുന്നത് ആചാരലംഘനത്തിനുള്ള ആസൂത്രിതമായ പദ്ധതി നടപ്പിലാക്കാനാണ്. അതിനായി ബിന്ദു അമ്മിണിയെയും കനകദുര്‍ഗ്ഗയെയും, അയ്യപ്പ സംഗമത്തില്‍ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ സുരക്ഷയില്‍ സന്നിധാനത്തു എത്തിക്കുന്നതിനാണ് പരിശ്രമിക്കുന്നത്.
അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ പമ്പയില്‍ എത്തുമെന്ന് ബിന്ദു അമ്മിണിയുടെ പ്രഖ്യാപനം ഇതിന്റെ അടിസ്ഥാനത്തിലാണെന്ന് ബിജു ആരോപിച്ചു.
പിണറായി വിജയന്‍ സര്‍ക്കാര്‍ ഹിന്ദുക്കളെ പ്രകോപിതരാക്കി അതുവഴി മതസംഘര്‍ഷം സൃഷ്ടിച്ച് ഭരണ പരാജയം മറച്ചു വയ്‌ക്കാനും ന്യൂനപക്ഷ വോട്ടും ഹിന്ദു വിരുദ്ധ വോട്ടും നേടി വീണ്ടും അധികാരത്തിലേറാമെന്ന വ്യാമോഹമാണ് ഇതിന് പിന്നില്‍.
ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാനുള്ള സര്‍ക്കാര്‍ ഗൂഢാലോചനക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ അയ്യപ്പഭക്ത സമൂഹം തയാറാകുമെന്ന് ഇ.എസ്. ബിജു മുന്നറിയിപ്പ് നല്കി.
















