തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസംകൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.വടക്കൻ ജില്ലകളിലെ മലയോര പ്രദേശത്തുള്ളവരും നദിതീരങ്ങളിലും താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.
തെക്കൻ ഛത്തിസ്ഗഢിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി കുറഞ്ഞ്, ചക്രവാതച്ചുഴിയായി നാളെയോടെ ഗുജറാത്തിന് മുകളിൽ എത്തിച്ചേരാൻ സാദ്ധ്യതയുണ്ട്. വടക്കു പടിഞ്ഞാറൻ – മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ നാളെയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. ഈ സാഹചര്യത്തിൽ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും.
നാളെയും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
















