ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മണ്‍സൂണ്‍ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മേഘവിസ്‌ഫോടനത്തിലും 300 ലധികം പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി.
വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലാണ് രണ്ട് ദിവസങ്ങളിലായി ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ മാത്രം 157 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അതേസമയം, ദുരന്ത മേഖലയായ ബജൗറിലേക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നാണ് അപകടം.
കനത്ത മഴയെത്തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകിയതിനാല്‍ ആയിരക്കണക്കിന് ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് ക്യാമ്പുകളില്‍ അഭയം പ്രാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്.
മന്‍സെഹ്ര ജില്ലയിലെ ഗ്രാമങ്ങളില്‍ കുടുങ്ങിക്കിടന്ന രണ്ടായിരത്തോളം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. മണ്ണിലും ചെളിയിലും പുതഞ്ഞു കിടക്കുന്ന പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ലെന്നും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും ദുരന്ത നിവാരണ സേന അറിയിച്ചു. ആഗസ്ത് 21 വരെ പാകിസ്ഥാനില്‍ കനത്ത മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.











