പാട്ന: ബീഹാറിലെ ബക്സറിൽ മഹർഷി വിശ്വാമിത്ര പാർക്ക് 24.42 കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാർ നിർമ്മിക്കുന്നു. ബക്സറിൽ മഹാനായ സംന്യാസിയുടെ പേരിൽ ഒരു മഹത്തായ സാംസ്‌കാരിക പാർക്ക് നിർമ്മിക്കാനുള്ള പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയതായി ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി പറഞ്ഞു.
ആദ്യഘട്ടത്തിൽ 8.11 കോടി രൂപ ചെലവിടും. പരിസ്ഥിതി ടൂറിസം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക, പ്രാദേശിക തലത്തിൽ ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകുക എന്നിവയാണ് പാർക്ക് നിർമ്മാണത്തിന്റെ ലക്ഷ്യമായി ഉപമുഖ്യമന്ത്രി പറഞ്ഞത്. ഗായത്രി മന്ത്രത്തിന്റെ ആശയത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ആയിരിക്കും മഹർഷി വിശ്വാമിത്ര പാർക്ക് വികസിപ്പിക്കുകയെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.

‘ധ്യാന കേന്ദ്രങ്ങൾ, വേദ ശൈലിയിലുള്ള പാതകൾ, സമാധാനത്തെ പ്രതീകപ്പെടുത്തുന്ന ഹരിത ഘടനകൾ, സാംസ്‌കാരിക,ധാർമ്മിക വാക്യങ്ങൾ പ്രചരിപ്പിക്കുന്ന മതിലുകൾ, പ്രകൃതിക്കിണങ്ങുന്ന ഇടങ്ങൾ എന്നിവ പാർക്കിൽ നിർമ്മിക്കും. സന്ദർശകർക്ക് പ്രകൃതിയുമായി ഇണങ്ങി, ആത്മീയ അനുഭവം നേടാൻ ഇത് സഹായിക്കുമെന്നാണ് സങ്കൽപ്പ’മെന്ന് അദ്ദേഹം പറഞ്ഞു. തൈകൾ നടീൽ, ഔഷധ സസ്യങ്ങളുടെ നഴ്‌സറി, പ്രാദേശിക, ദേശാടന പക്ഷികൾക്കുള്ള സംരക്ഷിത പ്രദേശങ്ങൾ എന്നിവയ്‌ക്കുള്ള ക്രമീകരണങ്ങൾ ചെയ്യും. മഹർഷി വിശ്വാമിത്രന്റെ ‘തപോഭൂമി’ ആയി ബക്‌സറിനെ കണക്കാക്കുന്നുവെന്ന് ചൗധരി പറഞ്ഞു. പുരാണ വിശ്വാസമനുസരിച്ച്, അദ്ദേഹം തന്റെ ആശ്രമം സ്ഥാപിച്ചതും ശ്രീരാമനും ലക്ഷ്മണനും ആയുധശാസ്ത്രങ്ങളും വേദങ്ങളും മറ്റു വിജ്ഞാനങ്ങളും പഠിപ്പിച്ചതും ഇവിടെയാണ്. ഈ പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർക്കിന്റെ നിർമ്മാണമെന്ന് സമ്രാട് ചൗധരി പറഞ്ഞു.
















