ന്യൂദൽഹി: ‘വീണ്ടുവിചാരമില്ലാത്ത, യുദ്ധക്കൊതിയുള്ള, വിദ്വേഷം നിറഞ്ഞ പ്രസ്താവനകൾ’ നിയന്ത്രിച്ചില്ലെങ്കിൽ ‘വേദനാകരമായ പ്രത്യാഘാതങ്ങൾ’ ഉണ്ടാകുമെന്ന് ഭാരതം പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. സ്വാതന്ത്ര്യദിനത്തലേന്ന് ഇത്തരത്തിൽ അയൽ രാജ്യത്തോട് ഭാരതം സംസാരിച്ചത് ഏറെ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങൾ വീക്ഷിക്കുന്നത്. പാകിസ്ഥാന്റെ ഭാരതവിരുദ്ധ വാചകമിയെ വിദേശകാര്യ മന്ത്രാലയമാണ് ഇത്ര രൂക്ഷമായി വിമർശിച്ചത്. ‘ഭാരതത്തിനെതിരെ പാകിസ്ഥാൻ നേതൃത്വത്തിൽ നിന്ന് വീണ്ടുവിചാരമില്ലാത്ത, യുദ്ധക്കൊതി പ്രകടിപ്പിക്കുന്ന, വിദ്വേഷം നിറഞ്ഞ പ്രസ്താവനകൾ ആവർത്തിക്കുന്നതായി റിപ്പോർട്ടുകൾ ശ്രദ്ധയിൽ പെട്ടുവെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ‘സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാൻ ഭാരതവിരുദ്ധ വാചകമടികൾ വീണ്ടും നടത്തുന്നത് പാകിസ്ഥാൻ നേതൃത്വത്തിന്റെ കുപ്രസിദ്ധമായ ഒരു രീതിയാണ്. ഏതൊരു ദുഷ്‌കൃത്യത്തിനും വേദനാജനകമായ ആഘാതങ്ങൾ ഉണ്ടാകുമെന്നത് അടുത്തിടെയും തിരിച്ചറിഞ്ഞതാണ്. അതിനാൽ, പാകിസ്ഥാൻ അതിന്റെ വാചാകമടികൾ നിയന്ത്രിക്കുന്നത് നല്ലതാണ്,’ ജയ്‌സ്വാൾ പറഞ്ഞു. ‘പകുതി ലോകവും വീഴ്‌ത്തിക്കൊണ്ടേ പാക്കിസ്ഥാൻ പതിക്കൂ’ എന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ഭാരത വിരുദ്ധ പ്രസ്താവനകൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പ്രതികരണമെന്നതും ഏറെ ശ്രദ്ധേയമാണ്.











