കൊട്ടാരക്കര: കൊട്ടാരക്കരയില്‍ 12 മണിക്കൂറോളം പൊട്ടക്കിണറ്റില്‍ വീണുകിടന്ന വീട്ടമ്മയെ രക്ഷിച്ചു. പടിഞ്ഞാറ്റിന്‍കര റെയില്‍വെ ഓവര്‍ ബ്രിഡ്ജിന് സമീപം ശിവവിലാസത്തില്‍ യമുന (53)യാണ് ഉഗ്രന്‍കുന്നില്‍ സ്വകാര്യവ്യക്തിയുടെ വസ്തുവില്‍ കാട് മൂടി കിടന്ന സ്ഥലത്തെ പൊട്ടക്കിണറ്റില്‍ വീണത്. ഭര്‍ത്താവ് ദിലീപും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി.
ചൊവ്വാഴ്ച രാവിലെ 11ന് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോട്ടറിക്കട തുറന്നശേഷം സ്‌കൂട്ടറില്‍ മുന്‍പ് താമസിച്ചിരുന്ന ഉഗ്രന്‍കുന്നില്‍ മരുന്നിനായി നെയ്‌വള്ളി എന്ന ചെടി ശേഖരിക്കാനായി പോയതായിരുന്നു യമുന. സ്‌കൂട്ടറില്‍ പോകുന്നതും സ്വകാര്യവ്യക്തിയുടെ വീടിനു മുന്നില്‍ സ്‌കൂട്ടര്‍ ഇരിക്കുന്നതും ചിലര്‍ കണ്ടിരുന്നു. ഹെല്‍മെറ്റ് ധരിച്ചു തന്നെയാണ് യമുന സ്വകാര്യവ്യക്തിയുടെ പറമ്പില്‍ എത്തിയത്. ഇതിനിടെ കാട് മൂടി കിടന്ന ഭാഗത്ത് നടന്നുപോയി കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറ്റില്‍ ചെളിയിലേക്കാണ് യമുന വീണത്. നിലവിളിച്ചെങ്കിലും കുഴിയില്‍നിന്നും ശബ്ദം പുറത്തേക്ക് വരാത്തതും വിജനമായ സ്ഥലമായതുകൊണ്ടും ഫലമുണ്ടായില്ല. വിജനമായ സ്ഥലത്ത് കാടുമൂടിയ പൊട്ടക്കിണറ്റിലെ ചെളിയില്‍ നിലവിളിച്ചും തളര്‍ന്നുറങ്ങിയും അവശനിലയില്‍ കഴിഞ്ഞത് 12 മണിക്കൂറാണ്.
ടൈല്‍ പണിക്ക് പോയി വൈകിട്ട് ആറോടെ ഭര്‍ത്താവ് ലോട്ടറി കടയില്‍ എത്തിയപ്പോള്‍ കട തുറന്നിട്ടിരിക്കുന്നു. ഭാര്യയെ കാണാനില്ല. ഫോണും കടയില്‍ ഇരിപ്പുണ്ട്. പിന്നീട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന വീട്ടില്‍ എത്തിയെങ്കിലും അവിടെയും കണ്ടെത്തിയില്ല. തുടര്‍ന്ന് കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി. പിന്നീടാണ് മുന്‍പ് താമസിച്ചിരുന്ന ഉഗ്രന്‍കുന്ന് ഭാഗത്തേക്ക് പോകുന്നതും ചിലര്‍ ഉച്ചയ്‌ക്ക് മുന്നേ അവിടെ കണ്ടതായും പറയുന്നത്. ഒടുവില്‍ സ്വകാര്യവ്യക്തിയുടെ വീടിനു മുന്നില്‍ സ്‌കൂട്ടര്‍ കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ വ്യാപക പരിശോധനയിന്‍ രാത്രി 11ന് കാട് മൂടി കിടന്ന പൊട്ടക്കിണറില്‍ നിന്നും രക്ഷിക്കണേയെന്ന നിലവിളി ഭര്‍ത്താവും ബന്ധുക്കളും തിരിച്ചറിയുകയായിരുന്നു. കൊട്ടാരക്കര ഫയര്‍ഫോഴ്സ് യമുനയെ പുറത്തെത്തിച്ചു. പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















