തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ വ്യാപക മതം മാറ്റം നടക്കുന്നതായി വിഎസ്ഡിപി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍. ലത്തീന്‍ സമുദായത്തിന് അനുവദിച്ചിട്ടുള്ള സംവരണം ദുരുപയോഗം ചെയ്താണ് മതപരിവര്‍ത്തനവും ജാതിമാറ്റവും നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ലത്തീന്‍ കത്താലിക്ക രൂപതാ ബിഷപ്പ് വിന്‍സന്റ് സാമുവല്‍, മോണ്‍സിഞ്ഞോര്‍ ക്രിസ്തുദാസ്, വില്ലേജ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ലത്തീന്‍ കാത്തലിക്ക സമുദായത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബിഷപ്പിന്റെ സര്‍ട്ടിഫിക്കറ്റ് സഹായക രേഖയായി പരിഗണിക്കാമെന്ന നിര്‍ദേശം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതില്‍ ലത്തീന്‍ കത്തോലിക്ക മുക്കുവ, നാടാര്‍, ഈഴവ എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ എന്ത് രേഖപ്പെടുത്തിയിരുന്നാലും ബിഷപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ ലത്തീന്‍ കാത്തലിക് എന്നു മാത്രമേ ജാതി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുകയുള്ളു. ഈ സര്‍ട്ടിഫിക്കറ്റുകളാണ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. സംവരണം വാഗ്ദാനം ചെയ്ത് പ്രലോഭനങ്ങളിലൂടെ നിരവധി ഹിന്ദു കുടുംബങ്ങളെ മതപരിവര്‍ത്തനത്തിന് വിധേയമാക്കിയും ജാതി മാറ്റവും നടത്തി.
ഇത്തരത്തില്‍ ലത്തീന്‍ കാത്തലിക്ക് സമുദായ സംവരണ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയവര്‍ നിരവധിയാണ്. ലത്തീന്‍ കാത്തലിക് സമുദായ സംവരണത്തെ തെറ്റായി വ്യാഖ്യാനിച്ച് വിശ്വാസ സമൂഹത്തിനാണ് സംവരണം എന്ന തെറ്റിദ്ധാരണ നടത്തി വ്യാപകമായ ജാതി തട്ടിപ്പ് നടത്തിയിരിക്കുന്നു. മറ്റ് സംവരണ സമുദായത്തിലെ വിദ്യാസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുമ്പോള്‍ അവരുടെ അവകാശം കാര്‍ന്നെടുത്ത് റവന്യൂ അധികാരികളുടെ ഒത്താശയോടെ ബിഷപ്പുമാര്‍ മറ്റിതര സമുദായങ്ങള്‍ക്ക് നല്‍കി ജാതി തട്ടിപ്പ് നടത്തുന്നു. ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സഹായക രേഖയായി പരിഗണിക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ ഉടനടി പിന്‍വലിച്ച് ഈ നിര്‍ദേശം ഒഴിവാക്കണം. പൗരന്റെ മൗലിക അവകാശമായ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് സര്‍ക്കാരാണ്. അതിന് മത പുരോഹിതര്‍ക്കോ മതസ്ഥാപനങ്ങള്‍ക്കോ യാതൊരു പങ്കുമില്ല. ലത്തീന്‍ സമുദായ സംവരണത്തിന് അര്‍ഹരായ ഉപവിഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തത വരുത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണം.
ലത്തീന്‍ കത്താലിക്കസഭയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര, കാട്ടക്കട, നെടുമങ്ങാട്, തിരുവനന്തപുരം, കൊല്ലം ജില്ലയിലെ പുനലൂര്‍ ഉള്‍പ്പെടെ കേരളത്തിലുടനീളം നടത്തിയിട്ടുള്ള മതപരിവര്‍ത്തനത്തിലും ജാതിതട്ടിപ്പിലും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ലത്തീന്‍ സമുദായത്തിന് അവകാശപ്പെട്ട സംവരണം ലഭിക്കുന്നതിന് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി 2010 മുതല്‍ 2025 വരെ സര്‍ക്കാര്‍ ഉദ്യോഗവും ആനുകൂല്യങ്ങളും നേടിയവരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ കേരള ലത്തീന്‍ കത്തലിക് അസോസിയേഷന്‍ രൂപതാ പ്രസിഡന്റ് അഡ്വ. ആന്റോ മാര്‍സിലിന്‍, ലത്തിന്‍ കത്തോലിക്ക ഐക്യവേദി പ്രസിഡന്റ് ഫ്രാന്‍സിസ് ആല്‍ബര്‍ട്ട്, എമര്‍ജിങ് കോസ്റ്റ് ജനറല്‍ സെക്രട്ടറി ജോണ്‍ ബോസ്‌കോ, ഡോ, ജെ. ലോറന്‍സ്, നാടാര്‍ സര്‍വ്വീസ് ഫോറം ജനറല്‍ സെക്രട്ടറി ചോവൗര സുനില്‍ നാടാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.















