പത്തനംതിട്ട: കേരള സര്‍ക്കാരിന്റെ ആശ്വാസകിരണം പദ്ധതിയിലൂടെ നല്കിയിരുന്ന ക്ഷേമപെന്‍ഷന്‍ നിലച്ചിട്ട് എട്ട് മാസം. 28,411 ഗുണഭോക്താക്കളാണ് ഓണക്കാലം പടിവാതില്‍ എത്തിനില്‍െക്ക എന്ത് ചെയ്യണമെന്ന് അറിയാതെ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്.
തീവ്ര- മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെയും കിടപ്പ് രോഗികളെയും രാവും പകലും പരിചരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സാമ്പത്തിക സഹായമാണ് ആശ്വാസകിരണം പദ്ധതി. 2010ലാണ് സാമൂഹിക സുരക്ഷാ മിഷന്‍ വഴി ഇത് നടപ്പിലാക്കിയത്. 600 രൂപയാണ് പ്രതിമാസ പെന്‍ഷന്‍.
എന്നാലിപ്പോള്‍ പദ്ധതി ആശങ്കയായി മാറിയിരിക്കുന്നു. എട്ടുമാസത്തെ പെന്‍ഷന്‍ കുടിശികയായി. രോഗികള്‍ക്ക് മുഴുവന്‍ സമയം പരിചരണം ആവശ്യമായതിനാല്‍ മറ്റ് ജോലികള്‍ക്ക് പോകാന്‍ കഴിയാത്തവരുടെ ഏക ആശ്രയം ആയിരുന്നു ആശ്വാസകിരണം പദ്ധതി. കുടിശിക തീര്‍ത്ത് പെന്‍ഷന്‍ നല്കാന്‍ ഏകദേശം 6.55 കോടി രൂപ വേണ്ടിവരും. ഫണ്ടില്ലാത്തതു മൂലമാണ് പെന്‍ഷന്‍ വൈകുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. സ്വന്തം ആരോഗ്യം പോലും നോക്കാതെ രോഗികളെ പരിചരിക്കുന്ന ഒരു വലിയ വിഭാഗത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം. സഹായധനം ഉയര്‍ത്തണമെന്ന് എല്ലാ ഭാഗത്തുനിന്നും മുറവിളി ഉയര്‍ന്നിട്ടും തുക കൂട്ടി നല്കാനോ നിലവിലുള്ള തുച്ഛമായ തുക യഥാസമയം വിതരണം ചെയ്യാനോ സര്‍ക്കാര്‍ തയാറാകുന്നില്ല.
സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഫയലും ധനമന്ത്രി കെ.എന്‍. ബാലഗോപാലന്റെ ഓഫീസില്‍ ഉത്തരവിനായി കാത്ത് കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ പലതായി. ജൂലൈ 25നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ശതമാനം ക്ഷാമബത്ത അനുവദിക്കുന്ന ഫയല്‍ ധന അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ മന്ത്രിക്ക് കൈമാറിയത്.
ക്ഷാമബത്ത അനുവദിക്കുന്നത് പരമാവധി നീട്ടിക്കൊണ്ട് പോകുക എന്ന തന്ത്രമാണ് മന്ത്രി സ്വീകരിക്കുന്നത്. സ്വന്തം ഓഫീസില്‍ എത്തിയിട്ടും തീരുമാനമെടുക്കാതെ ഫയല്‍ മാറ്റിവച്ചതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധവും ശക്തമാണ്.
നിലവില്‍ ആറ് ഗഡുക്കളിലായി 18 ശതമാനം ക്ഷാമബത്ത ജീവനക്കാര്‍ക്ക് ലഭിക്കാനുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അടുത്ത ഗഡു ഓണത്തിന് മുമ്പ് നല്കും.
ഓണക്കാലത്തിനു മുമ്പ് ക്ഷാമബത്ത ലഭിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് ഭരണകക്ഷി യൂണിയനുകള്‍ ഉള്‍പ്പെടെ തയാറെടുക്കുന്നത്.ംബങ്ങള്‍
















