ബെംഗളൂരു: ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിലൂടെയുള്ള ദേശീയ പാതയില്‍ കാട്ടാനയോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ചവിട്ടി വീഴ്‌ത്തിയ യുവാവിന് 25,000 രൂപ പിഴ. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പിഴ ചുമത്തിയത്. ഇയാള്‍ ക്ഷമാപണം നടത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
നീലഗിരി ജില്ലയിലെ മുതുമല കടുവ സംരക്ഷണ കേന്ദ്രത്തോട് ചേര്‍ന്നുള്ള കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനമേഖലയിലാണ് സംഭവം. പ്രദേശത്തുകൂടി കടന്നുപോകുകയായിരുന്ന ഒരാള്‍ റോഡില്‍ നില്‍ക്കുന്ന കാട്ടാനയുടെ കൂടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അത് അയാളെ ഓടിച്ചിട്ട് ചവിട്ടി. ആനയുടെ ആക്രമണത്തില്‍ നിന്ന് അയാള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കര്‍ണാടക വനം വകുപ്പ് ബന്ധപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞ് അന്വേഷണത്തിനായി ബന്ദിപ്പൂര്‍ വനം വകുപ്പ് ഓഫീസിലേക്ക് കൊണ്ടുവന്നു. മൈസൂരിനടുത്തുള്ള നഞ്ചന്‍ഗുഡു സ്വദേശി ബസവരാജ് ആണ് ഇയാള്‍.
















