ന്യൂദല്‍ഹി: യുഎസ് ഭരണകൂടം ഭാരതത്തിനു മേല്‍ ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവ മറികടക്കാനുള്ള ബദല്‍ നടപടികള്‍ മോദി സര്‍ക്കാര്‍ ഉൗര്‍ജിതമാക്കി. യുഎസിനു പകരം ഇതര വിപണികള്‍ കണ്ടെത്താനാണ് തീവ്ര ശ്രമം. ഭാരതം ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ഇനമാണ് സമുദ്രോപന്നങ്ങള്‍. ഇവ കൂടുതലായി ഇതര രാജ്യങ്ങളിലേക്ക് കയറ്റി അയയ്‌ക്കാനാണ് നീക്കം.
യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍, ന്യൂസീലന്‍ഡ്, ഗള്‍ഫ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് മത്സ്യവിഭവക്കയറ്റുമതി വര്‍ധിപ്പിക്കാനാണ് ആലോചന. ആകെ കയറ്റുമതിയില്‍ 40 ശതമാനം യുഎസിലേക്കായിരുന്നു. 50 ശതമാനം പകരച്ചുങ്കത്തിനു പുറമേ മറ്റു തീരുവകളും ചേരുമ്പോള്‍ ഭാരത മത്സ്യവിഭവങ്ങള്‍ക്കു യുഎസില്‍ 59 ശതമാനത്തിലേറെയാണ് തീരുവ നല്‌കേണ്ടത്.
മത്സ്യസമ്പത്തിന്റെ കയറ്റുമതി കൂടുതല്‍ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജന്‍ സിങ് പറഞ്ഞു. വിദേശത്തു നമ്മുടെ മത്സ്യവിഭവങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണന സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ യൂറോപ്പിലേക്കടക്കം കയറ്റുമതി വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കും, അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ മത്സ്യവിഭവ കയറ്റുമതിക്കാരുടെ യോഗമുണ്ടായിരുന്നു. അപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സഹ മന്ത്രിമാരായ ജോര്‍ജ്ജ് കുര്യന്‍, എസ്.പി. സിങ് ബഗേല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
















