ആലുവ : പെരുമ്പാവൂരിൽ 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ആസാം നൗഗാവ് സ്വദേശി അബ്ദു റൗഫ് (35) നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വഷണ സംഘം പോഞ്ഞാശേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പോഞ്ഞാശേരിയിൽ വെച്ച് 150 ഗ്രാം ഹെറോയിനുമായി രണ്ടുപേർ പിടിയിലായിരുന്നു. ഇതിൽ ഹിബ്ജുൻ നഹാർ എന്ന യുവതിയുടെ ഭർത്താവാണ് പിടിയിലായ അബ്ദു റൗഫ്. നാഗാലാൻഡിൽ നിന്ന് മയക്കുമരുന്ന് ട്രെയിനിൽ കൊണ്ടുവന്ന് അബ്ദു റൗഫിനെ ഏൽപ്പിക്കും. അബ്ദു റൗഫ് ആണ് ഇവിടെ വിൽപ്പന നടത്തിവന്നിരുന്നത്.
ഇയാളെ കഴിഞ്ഞ മാർച്ചിൽ 30ഗ്രാം ഹെറോയിനുമായി പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു. ഒന്നരമാസം ജയിലിൽ കഴിഞ്ഞു. ജാമ്യത്തിൽ ഇറങ്ങിയശേഷം ഇയാൾ വീണ്ടും മയക്കുമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു.
ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേൽനോട്ടത്തിൽ പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐ പി. എം റാസിക്, എ.എസ്.ഐമാരായ പി.എ അബ്ദുൽ മനാഫ്, ശ്രീജ, സീനിയർ സി പി ഒ മാരായ വർഗീസ് ടി വേണാട്ട്, ടി.എ അഫ്സൽ, ബെന്നി ഐസക്, സിബിൻ സണ്ണി, ജിഷ്ണു, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
















