ലണ്ടന്‍: ലണ്ടനില്‍ പലസ്തീന്‍ ആക്ഷന്റെ നിരോധനത്തിനെതിരേ പ്രതിഷേധിച്ച 466 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ ലണ്ടനില്‍ പ്രതിഷേധിച്ചവരെയാണ് മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തത്.
മറ്റ് കുറ്റകൃത്യങ്ങളുടെ പേരില്‍ എട്ടുപേരെയും അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകരില്‍ ചിലര്‍ റോയല്‍ എയര്‍ഫോഴ്സ് ബേസില്‍ അതിക്രമിച്ച് കയറി വിമാനങ്ങള്‍ക്ക് കേടുപാടുണ്ടാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ഭീകരവാദ വിരുദ്ധ നിയമപ്രകാരം പലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റ് ഗ്രൂപ്പായ പലസ്തീന്‍ ആക്ഷന് ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ഇതിനെതിരേയാണ് ശനിയാഴ്ച വലിയ പ്രതിഷേധം നടന്നത്. കറുത്തവസ്ത്രവും കഫിയയും ധരിച്ച് പലസ്തീന്‍ പതാകകളുമായാണ് പ്രതിഷേധക്കാര്‍ ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറിലെത്തിയത്. പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയതോടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും പ്രതിഷേധമുണ്ടായി. പലസ്തീന്‍ ആക്ഷന്‍ നിരോധിച്ചതോടെ സംഘടനയില്‍ അംഗമാകുന്നത് ക്രിമിനല്‍ക്കുറ്റമായി മാറി. അതേസമയം, സംഘടനയെ നിരോധിച്ച സര്‍ക്കാര്‍ നടപടിക്കെതിരേയുള്ള നിയമപരമായ പോരാട്ടത്തിന് പലസ്തീന്‍ ആക്ഷന്‍ സഹസ്ഥാപക ഹുദ അമ്മോരിക്ക് കഴിഞ്ഞയാഴ്ച അനുമതി ലഭിച്ചിരുന്നു.











