മലപ്പുറം : കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബസ് ഉടമ. ബസിന് തീയിടുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയുണ്ടായിരുന്നതായി ബസ് ഉടമ മണ്ണാര്‍ക്കാട് സ്വദേശി യൂനുസ് അലി വെളിപ്പെടുത്തി.
അപകടമല്ല ഉണ്ടായതെന്നും ബസ് കത്തിച്ചതാണെന്നും ബസ് ഉടമ ആരോപിച്ചു.പ്രാഥമിക പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസും അഗ്‌നിരക്ഷാസേനയും പറഞ്ഞത്. എന്നാലും ബസ് ഉടമയുടെ ആരോപണത്തെ തുടര്‍ന്ന് പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാവിലെയാണ് ‘സന’ എന്ന സ്വകാര്യ ബസിന് സര്‍വീസ് നടത്തവെ തീപിടിച്ചത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യൂനുസ് അലി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടി. സാങ്കേതിക തകരാറാണോ അതോ അട്ടിമറിയാണോ എന്ന് കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരുന്നു.
















