കാലടി : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. മലപ്പുറം എടവണ്ണ മുണ്ടൻ പറമ്പത്ത് വീട്ടിൽ സുധീഷ് (25) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 4 ന് കാലടി ആശ്രമം ജംഗ്ഷൻ ഭാഗത്തുള്ള മൊബൈൽ സർവ്വീസ് സെൻ്ററിന് സമീപം വച്ചിരുന്ന 125000 രൂപ വിലവരുന്ന സ്കൂട്ടറാണ് മോഷണം പോയത്.
കടയുടമയും മുടിക്കൽ സ്വദേശിയുമായ യുവാവിന്റെ പരിചയക്കാരനാണെന്ന് വിശ്വസിപ്പിച്ച് കടയിലെ ജോലിക്കാരനിൽ നിന്നും വാഹനത്തിന്റെ താക്കോൽ കൈക്കലാക്കിയാണ് മോഷണം നടത്തിയത്. അന്വേഷണത്തിൽ തൃശൂർ ഭാഗത്തുള്ള ഫ്യുവൽ പമ്പിൽ സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് വാഹന പരിശോധനയ്‌ക്കിടെയാണ് മോഷ്ടാവ് പിടിയിലാകുന്നത്. വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണ്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ് ഐ മാരായ ജോസി എം ജോൺസൻ, ജയിംസ് മാത്യു, എ എസ് ഐ കെ.എം. ലത, സിപിഒ കെ.ആർ.ധനേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
















