കായികരംഗത്തോട് ഒമ്പതാം വയസ്സില്‍ കയറിക്കൂടിയ ഇഷ്മാണ് അശോകന്‍ കുന്നുങ്ങലിന്. 94-ാം വയസ്സിലും അതിന് മങ്ങലേറ്റിട്ടില്ല. കായികരംഗത്തെത്തി എട്ടര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും പതിനഞ്ചുകാരന്റെ അതേ ആവേശത്തോടെ ഓട്ടവും ചാട്ടവും ഷോട്പുട്ടും ഡിസ്‌കസ് ത്രോയുമെല്ലാം പരിശീലിക്കുകയും മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്യുന്ന അത്ഭുത മനുഷ്യനാണ് അശോകന്‍.
സര്‍ക്കാര്‍ ജോലിക്ക് വേണ്ടി മാത്രം കായികയിനങ്ങള്‍ അഭ്യസിക്കുകയും ജോലി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ കായികരംഗത്തോട് വിടപറയുകയും ചെയ്യുന്ന മനുഷ്യരുള്ള നാട്ടിലാണ് അശോകന്‍ ഈ രംഗത്ത് പ്രായത്തെ തോല്‍പ്പിച്ച് നിലയുറപ്പിക്കുന്നത്. എറണാകുളം ജില്ലയിലെ വൈപ്പിന്‍കരയില്‍ ചെറായിയിലാണ് കെ.എ. അശോകന്‍ എന്ന അശോകന്‍ കുന്നുങ്കല്‍ ജനിച്ചത്. 1946 ല്‍ പതിനഞ്ചാമത്തെ വയസില്‍ റോയല്‍ ഇന്ത്യന്‍ നേവിയില്‍ ബോയി കേഡറ്റായി. നാല് വര്‍ഷം ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിച്ച ശേഷം തിരിച്ചെത്തി. 1950ല്‍ ഇന്ത്യന്‍ നേവി രൂപികരിച്ചപ്പോള്‍ അതില്‍ ചേര്‍ന്നു. 15 വര്‍ഷം സേവനമനുഷ്ഠിച്ചു. നേവിയില്‍ ജോലി ചെയ്യുമ്പോള്‍ വോളിബോളില്‍ മികവ് തെളിയിച്ചു. വോളിബോള്‍ ടീം ക്യാപ്റ്റനായി. ഒപ്പം പോള്‍വാള്‍ട്ടും ട്രിപ്പിള്‍ ജംപും ലോങ് ജംപും അഭ്യസിച്ചു. വോളിബോളിലെ അശോകന്റെ മികവ് മനസ്സിലാക്കിയ നേവിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പട്യാല നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ (നിസ്) കൂടുതല്‍ മികച്ച പരിശീലനത്തിനായി നിയോഗിച്ചു. ഇന്ത്യയിലെ ആദ്യത്തെ പരിശീലക ഇന്‍സ്റ്റിറ്റ്യൂട്ടായ പട്യാല നിസില്‍ നിന്ന് പരിശീലക പട്ടം നേടി തിരിച്ചെത്തിയ അശോകന്‍ തുടര്‍ന്ന് നേവി ടീം പരിശീലകനായി. നാഷണല്‍ വോളിബോള്‍ ഫെഡറേഷന്റെ റഫറി ടെസ്റ്റും പാസായ അദ്ദേഹം പാനല്‍ റഫറിയുമായി.
1965ല്‍ നേവിയില്‍നിന്ന് വിരമിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്ത് ഏജീസ് ഓഫീസില്‍ ജോലി ലഭിച്ചു. ജോലിത്തിരക്കുകള്‍ക്കിടയിലും കായികമേഖലയില്‍ സജീവമായി. നിരവധി ദേശീയതല മത്സരങ്ങളില്‍ റഫറിയായി. 1977ല്‍ തിരുവനന്തപുരത്ത് നടന്ന ഭാരത-ഫ്രാന്‍സ് വോളിബോള്‍ മത്സരത്തിലൂടെ അന്താരാഷ്‌ട്ര റഫറിയിങ് രംഗത്തേക്കും ചുവടുവച്ചു. മൂന്ന് ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ റഫറിയായി. 1989ല്‍ അമ്പത്തിയെട്ടാം വയസില്‍ ജോലിയില്‍ നിന്ന് വിരമിച്ചതോടെ മത്സര നിയന്ത്രണരംഗത്തുനിന്ന് പിന്‍വാങ്ങി. വെറ്ററന്‍സ് അത്‌ലറ്റിക്‌സ് രംഗത്ത് സജീവമായി. അശോകന്‍ വിരമിച്ചതിന് ശേഷം അന്താരാഷ്‌ട്ര മത്സരങ്ങള്‍ നിയന്ത്രിക്കുന്ന രംഗത്ത് ഒരു മലയാളി സാന്നിധ്യം ഇന്നും ഉണ്ടായിട്ടില്ല.
കായിക ജീവിതത്തിന്റെ രണ്ടാംഘട്ടം
വെറ്ററന്‍സ് അത്‌ലറ്റിക്‌സ് രംഗത്ത് സജീവമായതോടെ അശോകന്റെ കായിക ജീവിതത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ഏജീസ് ഓഫീസില്‍ ജോലി ചെയ്യുമ്പോഴാണ് വെറ്ററന്‍സ് അത്‌ലറ്റിക്‌സിലേക്ക് തിരിഞ്ഞത്. 1983ല്‍ വെറ്ററന്‍സ് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഏഷ്യന്‍ വെറ്ററന്‍സ് മീറ്റിലാണ് അശോകന്‍ ആദ്യമായി മത്സരിച്ചത്. മില്‍ക്കാ സിങ് ആയിരുന്നു അന്ന് ഫെഡറേഷന്‍ സെക്രട്ടറിയായിരുന്നത്. വെറ്ററന്‍ അത്‌ലറ്റിക്‌സ് കാലഘട്ടമാണ് അശോകന്റെ കായിക രംഗത്തെ സുവര്‍ണ്ണ കാലം. സര്‍വീസിലിരിക്കുമ്പോള്‍ വോളിബോളായിരുന്നു ഇഷ്ട ഇനമെങ്കില്‍ വെറ്ററന്‍സ് അത്‌ലറ്റിക്‌സില്‍ എത്തിയപ്പോള്‍ അത് പോള്‍ വോള്‍ട്ട് ആയി. കൂടാതെ ട്രിപ്പിള്‍ ജംപ്, ലോങ് ജംപ്, ഷോട്പുട്, ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ എന്നിവയും വഴങ്ങി. 65 വയസിന് മുകളിലുള്ളവര്‍ അന്താരാഷ്‌ട്ര തലത്തില്‍ പോള്‍ വോള്‍ട്ടില്‍ മത്സരിക്കാന്‍ പാടില്ലെന്ന നിയമം മൂലം അന്താരാഷ്‌ട്ര മത്സരങ്ങളില്‍ പോള്‍ വോള്‍ട്ടില്‍ മത്സരിച്ചില്ല. അമേരിക്ക, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ സംഘടിപ്പിച്ച മത്സരങ്ങളിലും ലോക ചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുത്തു.
1983 മുതല്‍ 2015 വരെ നടന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത് ഷോട്പുട്, ജാവലിന്‍ ത്രോ, ഡിസ്‌കസ് ത്രോ, ലോങ് ജംപ് തുടങ്ങിയ ഇനങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണം, വെള്ളിമെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനമായി. 1987ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം മാനേജരായിരുന്നു. 1989ല്‍ അമേരിക്കയിലെ യൂജിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മാനേജരായി പ്രവര്‍ത്തിച്ചു. ഒപ്പം ട്രിപ്പിള്‍ ജംപില്‍ പങ്കെടുത്ത് മെഡലും നേടി.
2016ല്‍ കൊലാലംപൂരില്‍ നടന്ന ഏഷ്യന്‍ വെറ്ററന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഷോട്പുട്ടിലും ജാവലിന്‍ ത്രോയിലും സ്വര്‍ണം കരസ്ഥമാക്കി. തമിഴ്‌നാട്ടിലെ കടലൂര്‍ വേദിയായ ദേശീയ അത്‌ലറ്റിക് മീറ്റില്‍ ഷോട്പുട്, ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ, ലോങ് ജംപ് എന്നിവയില്‍ സ്വര്‍ണ്ണം നേടി. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, ബ്രൂണെ, തായ്‌വാന്‍, ശ്രീലങ്ക, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളിലെ വെറ്ററന്‍സ് മീറ്റിലും പങ്കെടുത്തിട്ടുണ്ട്.
2020 ല്‍ നാക്കിന് ഓപ്പറേഷന്‍ വേണ്ടി വന്നതിനാല്‍ തുടര്‍ച്ചയായി സംസാരിക്കാന്‍ പ്രയാസമുണ്ടെങ്കിലും ശരീരം ഇപ്പോഴും ഡബിള്‍ സ്‌ട്രോങ്ങ് ആണ്. 2024 മെയ് മാസത്തില്‍ തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ നടന്ന 41-ാമത് നാഷണല്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഷോട്പുട്, ജാവലിന്‍ ത്രോ, ഡിസ്‌കസ് ത്രോ, ലോങ് ജംപ് എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി അശോകന്‍ ചാമ്പ്യന്‍ഷിപ്പിലെ താരമായി. 2019 ല്‍ കൊലാലംപൂരില്‍ നടന്ന ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു. വയോജന വിഭാഗത്തില്‍ അശോകന്റെ കായിക നേട്ടങ്ങളെ മുന്‍നിര്‍ത്തി ദല്‍ഹി കേന്ദ്രമായുള്ള ദേശീയ വെറ്ററന്‍സ് അത്‌ലറ്റിക് ഫെഡറേഷന്‍ 2023ല്‍ ഭീഷ്മ അവാര്‍ഡ് നല്‍കി ആദരിച്ചു. ഈ ബഹുമതിക്കര്‍ഹനാകുന്ന ആദ്യ വ്യക്തിയാണദ്ദേഹം. ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഷോട്ട്പുട്ടിലും ഡിസികസ് ത്രോയിലും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. പല മീറ്റുകളിലും സ്വന്തം റെക്കോര്‍ഡുകള്‍ തന്നെ തിരുത്തിക്കുറിച്ചു.
അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍
ദേശീയ വെറ്ററന്‍സ് അത്‌ലറ്റിക് ഫെഡറേഷന്റെ ഭീഷ്മ അവാര്‍ഡ് നേടിയ ആദ്യ മലയാളി, കൂടാതെ നിരവധി ദേശീയ അന്തര്‍ ദേശീയ മെഡലുകള്‍ തുടങ്ങി കേരളത്തിന് അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ യാതൊരു പരിഗണനയും നല്‍കിയിട്ടില്ല. ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാക്കൂലിയും മറ്റു ചെലവുകളും സ്വന്തം കൈയ്യില്‍ നിന്നാണ് വഹിക്കുന്നത്. കേരളത്തില്‍ സ്‌പോര്‍ട്‌സ് വളരണമെങ്കില്‍ യുവ കായിക താരങ്ങള്‍ക്ക് പരിശീലനത്തിനും മത്സരങ്ങളില്‍ പങ്കെടുക്കാനുമുള്ള ചിലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാണ് അശോകന്റെ അഭിപ്രായം. സ്‌പോര്‍ട്‌സിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌റ്റേഡിയങ്ങള്‍ വാണിജ്യ കലാപരിപാടികളുടെ വേദിയാക്കി മാറ്റാതെ കായിക ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കണമെന്നാണ് അശോകന്റെ അഭിപ്രായം.
ഇന്ത്യന്‍ വെറ്ററന്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും കേരള അസോസിയേഷന്‍ സെക്രട്ടറിയുമാണ് അദ്ദേഹം. ആര്‍എസ്എസിന്റെ കായിക രംഗത്തെ സംഘടനയായ ക്രീഡാ ഭാരതിയുടെ രക്ഷാധികാരിയുമാണ്. ജില്ലാ വോളിബോള്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന പണ്ഡിറ്റ് കെ. കറുപ്പന്റെ അടുത്ത ബന്ധുകൂടിയാണ് അശോകന്‍ കുന്നുങ്ങല്‍. പണ്ഡിറ്റ് കറുപ്പന്‍ സാംസ്‌കാരിക സമിതി വൈസ് പ്രസിഡന്റായിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റായും വിശ്വഹിന്ദു പരിഷത്ത് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2005ല്‍ തിരുവനന്തപുരം നഗരസഭയില്‍ പാപ്പനംകോട് വാര്‍ഡില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
തിരുവനന്തപുരം കരമനയ്‌ക്ക് സമീപം നിറമണ്‍കര ‘മകയിര’ത്തില്‍ ഭാര്യ കെ.ബി. വിജയലക്ഷ്മിയുമൊത്താണ് താമസം. മക്കള്‍: നോവല്‍, െ്രെബറ്റ്, ഷൈന്‍. മൂത്തമകനായ നോവലിന്റെ മകന്‍ വിറ്റോ ഫെന്‍സിങ് പരിശീലകനാണ്.
എന്നും രാവിലെ വീട്ടുമുറ്റത്ത് രണ്ടു മണിക്കൂറോളം നടക്കുന്നതാണ് അശോകന്റെ ദിനചര്യകളില്‍ പ്രധാനം. ഈ പ്രായത്തിലും അദ്ദേഹത്തിന്റെ ചുറുചറുക്കും ഊര്‍ജ്ജസ്വലതയും പുതുതലമുറയ്‌ക്ക് നല്‍കുന്ന പ്രചോദനം വലുതാണ്. പ്രായം വെറുമൊരു നമ്പരാണെന്ന് ഓര്‍മപ്പെടുത്തുകയാണ് അശോകന്‍ കുന്നുങ്ങല്‍.











