സത്യത്തില്‍
നമ്മള്‍ രണ്ട് ഫയലുകളായിരുന്നു.
മേശകളില്‍ നിന്ന് മേശകളിലേക്ക് ഓടിക്കളിച്ച
ചുവപ്പ് നാടകളുടെ കുരുക്കുകളഴിച്ച്
എത്രയെത്ര ഹൃദയങ്ങള്‍ക്ക്
സ്വാതന്ത്ര്യം തുറന്ന് കൊടുത്തൂ.
കൈവശാവകാശത്തിന്റെയും
ജന്മ രേഖകളുടെയും
മരണപത്രത്തിന്റെയും
തെളിവുകള്‍ക്ക്
ഒപ്പു ചാര്‍ത്തിയെങ്കിലും
നമ്മുടെ കെട്ടുകള്‍ക്കിടയില്‍
ഓര്‍മകള്‍ പിന്നീട്
എട്ടുകാലിയുടെ
വിരുതില്‍ വല നെയ്യുകയായിരുന്നല്ലോ.
ഇപ്പോള്‍ അതേ
മാറാലകള്‍ തൊങ്ങല്‍ ചാര്‍ത്തിയ
വീട്ടിറമ്പിനു താഴെ
ഓര്‍മകള്‍
ഊര്‍ദ്ധശ്വാസം വലിക്കുമ്പോള്‍
എന്നോ വിരമിച്ചു പോയ
ഒരു സ്വപ്‌നമാണ്
ഞാന്‍ നിനക്ക്…
















