ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപിന്റെ ചുങ്കം ഭാരതവും യുഎസും തമ്മിലുള്ള ദീര്‍ഘകാല ബന്ധം തകര്‍ക്കുമെന്ന് മുന്‍ യുഎസ് വാണിജ്യ സെക്രട്ടറി ക്രിസ്റ്റഫര്‍ പാഡില. ഹ്രസ്വകാല നേട്ടങ്ങളുടെ പേരില്‍ ദീര്‍ഘകാല ബന്ധമാണ് ട്രംപ് അപകടത്തിലാക്കുന്നത്. യുഎസ് നടപടി എന്നും ഭാരതത്തിന്റെ മനസിലുണ്ടാകും. യുഎസ് വിശ്വസ്തനായ പങ്കാളിയാണോ എന്ന് അവര്‍ സ്വാഭാവികമായും സംശയിക്കും.
ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നിനെ ചത്ത സമ്പദ് വ്യവസ്ഥ എന്നു പരിഹസിച്ചതും ഇത്തരം തീരുവകളും അവര്‍ അതിവേഗം മറക്കില്ല. ഭാരതം കാര്‍ഷിക, ക്ഷീര മേഖലകള്‍ തുറന്നുനല്‍കാനും, അവരുടെ സ്വതന്ത്ര വിദേശകാര്യനയത്തില്‍ ഇടപെടാനുമുളള സമ്മര്‍ദമാണ് ട്രംപിന്റെ നടപടിക്കു പിന്നിലെന്നാണ് ഞാന്‍ മനസിലാക്കുന്നത്, ബുഷ് ഭരണകൂടത്തില്‍ അംഗമായിരുന്ന പാഡില പറഞ്ഞു.
അമിത തീരുവ ഭാരതത്തിന് പ്രയാസകരമാകും, പക്ഷെ അവരുടെ കയറ്റുമതിക്കാര്‍ക്ക് ബദല്‍ വിപണികള്‍ കണ്ടെത്താന്‍ സാധിക്കും. രത്‌നങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയ്‌ക്ക് എല്ലാം ബദല്‍ വിപണിയുണ്ട്. ഭാരതത്തിലുണ്ടാക്കുന്ന ഐഫോണിനെപറ്റിയാണ് ജനങ്ങള്‍ പറയുന്നത്. അവ യുഎസില്‍ വില്ക്കാന്‍ പറ്റിയില്ലെങ്കില്‍ മറ്റിടങ്ങളില്‍ വില്ക്കാന്‍ ഭാരതത്തിന് കഴിയും. റഷ്യന്‍ ബന്ധം എന്നും യുഎസ് ഭാരത ബന്ധത്തില്‍ കല്ലുകടിയായിരുന്നു. എങ്കിലും അമേരിക്ക അതുമായി പൊരുത്തപ്പെട്ട് പോകുകയായിരുന്നു. പക്ഷെ ഇപ്പോള്‍ തന്ത്രത്തില്‍ വലിയ മാറ്റം വന്നിരിക്കുന്നു. യുഎസ് ഭാരതത്തേക്കാള്‍ നല്ല രീതിയില്‍ ചൈനയെ കൈകാര്യം ചെയ്യുന്നതില്‍ എനിക്ക് അമ്പരപ്പുണ്ട്.
ഭാരതം തുടിക്കുന്ന ജനാധിപത്യമാണ്. മുന്‍പ് ഭാരതവുമായുള്ള ഇടപാടുകളില്‍ ഞാന്‍ അത് അനുഭവിച്ചിട്ടുമുണ്ട്. ലാറ്റിനമേരിക്കയിലേയോ തെക്ക് കിഴക്കന്‍ ഏഷ്യയിലേയോ, വളരെ ചെറിയ ഒരു രാജ്യവുമായല്ല യുഎസ് ഇടപെടുന്നത്. മേല്‍പ്പറഞ്ഞ ചെറിയ രാജ്യങ്ങള്‍ ആണെങ്കില്‍ അവര്‍ സുപ്രധാന വിഷയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുമായിരിക്കാം, അദ്ദേഹം പറഞ്ഞു.
















