കരുനാഗപ്പള്ളി: വരും ഭാവിയില്‍ എല്ലാ സാങ്കേതികവിദ്യയിലും പ്രാവീണ്യം നേടുന്നവരായി നമ്മള്‍ മാറണമെന്നും ആഴത്തിലുള്ള നിരീക്ഷണ പാടവം എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം നല്‍കുമെന്നും ഡോ. ശ്രീധര്‍ വേമ്പു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ നടന്ന 28-ാമത് ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകനായ ഡോ. ശ്രീധര്‍ വേമ്പു.
അമൃത വിശ്വവിദ്യാപീഠം ചാന്‍സലര്‍ കൂടിയായ മാതാ അമൃതാനന്ദമയി ദേവി ചടങ്ങില്‍ വീഡിയോ സന്ദേശം നല്‍കി. അമൃത സ്‌കൂള്‍ ഫോര്‍ ലൈഫ് സയന്‍സസ് ഡീന്‍ ഡോ. ബിപിന്‍ നായര്‍ സ്വാഗതമാശംസിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ ചടങ്ങില്‍ അതിഥിയായി. അമൃത വിശ്വവിദ്യാപീഠം വൈസ് ചാന്‍സലര്‍ ഡോ. വെങ്കട്ട് രംഗന്‍, രജിസ്ട്രാര്‍ ഡോ. പി. അജിത് കുമാര്‍, പ്രൊവോസ്റ്റ് ഡോ. മനീഷ വി. രമേഷ്, സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ഡീന്‍ ഡോ. ബാലകൃഷ്ണന്‍ ശങ്കര്‍, പിജി പ്രോഗ്രാംസ് ഡീന്‍ ഡോ. കൃഷ്ണശ്രീ അച്യുതന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് ബിരുദങ്ങള്‍ സമ്മാനിച്ചു.
ഓരോ വിഭാഗത്തിലും ഉന്നതവിജയം നേടിയവര്‍ക്കുള്ള മെഡലുകളും ചടങ്ങില്‍ സമ്മാനിച്ചു. എഹെഡ് ഓണ്‍ലൈന്‍ വിഭാഗത്തില്‍ നിന്നുള്‍പ്പെടെയുള്ള 2452 വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങിയത്.
ഇ ഫോര്‍ ലൈഫ് (എഡ്യൂക്കേഷന്‍ ഫോര്‍ ലൈഫ്) പിഎച്ച്ഡി സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ 23 പേരുള്‍പ്പെടെ 60 പേര്‍ക്ക് ചടങ്ങില്‍ വച്ച് ഡോക്ടറല്‍ ബിരുദവും സമ്മാനിച്ചു. പ്രഗത്ഭരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കായി അമൃത വിശ്വവിദ്യാപീഠം ഏര്‍പ്പെടുത്തിയ ആദരം ചാന്ദ്രയാന്‍ 3 മിഷന്റെ ഓപ്പറേഷന്‍സ് ഡയറക്ടറും ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനുമായ ശബരി ശ്രീകുമാര്‍, റെവിന്‍ കൃഷി ആപ്പിന്റെ സ്ഥാപകനായ വി. ശ്രീഹരി എന്നിവര്‍ സ്വീകരിച്ചു.












