ജറുസലേം: ഗാസ പിടിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നീക്കത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിന് പിന്നാലെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കി. ആക്രമണങ്ങളില്‍ 42 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.
തെക്കന്‍ഗാസയിലെ ജിഎച്ച്എഫിന്റെ രണ്ടു വിതരണകേന്ദ്രങ്ങള്‍ക്കു സമീപം പ്രവര്‍ത്തിക്കുന്ന എംഎസ്എഫിന്റെ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ മാത്രമായി 12 പേര്‍ കൊല്ലപ്പെട്ടു. ജൂണിനും ജൂലൈക്കുമിടയിലുണ്ടായ വെടിവെപ്പുകളില്‍ പരിക്കേറ്റ 41 കുട്ടികള്‍ അടക്കം 1300 പേരെ ചികിത്സിച്ചതായി ഫ്രഞ്ച് സന്നദ്ധസംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി.
അതേസമയം ഗാസ നഗരം പൂര്‍ണമായും കീഴ്‌പ്പെടുത്താനുള്ള പദ്ധതിക്ക് ഇസ്രയേല്‍ സുരക്ഷാ കാബിനറ്റും അനുമതി നല്‍കി. ബന്ദികളെ മുഴുവന്‍ തിരികെ എത്തിക്കുക, ഹമാസിനെ നിരായുധീകരിക്കുക, ഗാസ മുനമ്പില്‍ ഇസ്രയേലിന്റെ നിയന്ത്രണം, ബദല്‍ സിവിലിയന്‍ സര്‍ക്കാര്‍ രൂപീകരണം, സൈനികവത്കരണം തുടങ്ങി നെതന്യാഹുവിന്റെ അഞ്ച് നിര്‍ദേശങ്ങളും അംഗീകരിച്ച് ഗാസ നഗരം പൂര്‍ണമായി പിടിച്ചെടുക്കാനാണ് സുരക്ഷാ കാബിനറ്റിന്റെ അംഗീകാരം.
ഇതിന്റെ ഭാഗമായി കാല്‍ ലക്ഷം റിസര്‍വ് സൈനികരെ കൂടി രംഗത്തിറക്കി ഗാസയില്‍ ആക്രമണം വിപുലപ്പെടുത്താനൊരുങ്ങുകയാണ് ഇസ്രയേല്‍. എന്നാല്‍ ഇത് അത്യന്തം അപകടകരമായ സൈനിക പദ്ധതിയാണെന്ന് യുഎന്‍ അഭിപ്രായപ്പെട്ടു. പദ്ധതി ഗാസയിലെ മാനുഷിക ദുരന്തം കൂടുതല്‍ തീവ്രമാക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. ചൈന, കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലിന്റെ പദ്ധതിയെ വിമര്‍ശിച്ചു.
















