മറ്റുള്ളവരെ യുദ്ധത്തിനയക്കുന്നതിന്റെ നിഷ്ഫലത മനസ്സിലാക്കി രാവണൻ സ്വയം യുദ്ധം നയിക്കാൻ തീരുമാനിച്ചു. ആയിരം കുതിരകൾ വലിക്കുന്ന ഒരു മനോഹരമായ സ്വർണ്ണരഥത്തിൽ കയറിയ രാവണൻ, പത്തു തലകളിലും കിരീടമണിഞ്ഞ്, ഇരുപത് കൈകളിലും ആയുധങ്ങളും പിടിച്ച്, നടന്നു നീങ്ങുന്ന ഒരു പർവ്വതത്തെപ്പോലെ യുദ്ധക്കളത്തിൽ കാണപ്പെട്ടു. നിരവധി രാക്ഷസയോദ്ധാക്കളും രാവണനെ പിന്തുടർന്ന് യുദ്ധത്തിനിറങ്ങി.
ദൂരേനിന്ന് രാവണന്റെ വരവ് നിരീക്ഷിച്ച രാമൻ, വിഭീഷണനോട് കൂടെയുള്ള യോദ്ധാക്കൾ ആരൊക്കെയെന്ന് വേർതിരിച്ചു പറയാൻ ആവശ്യപ്പെട്ടു. വിഭീഷണൻ ഓരോരുത്തരെയും ചൂണ്ടി പേര് പറഞ്ഞ് കൊടുത്തു. ആനപ്പുറത്ത് വരുന്നവൻ കമ്പനൻ, സിംഹചിഹ്നം ധരിച്ചവൻ ഇന്ദ്രജിത്, പിന്നെ അതികായൻ, മഹോദരൻ, വിശാലൻ, ത്രിശിരസ്സ്, ദേവാന്തകൻ, ആവരെക്കൂടാതെ കുംഭകർണ്ണന്റെ മക്കൾ—കുംഭനും നികുംഭനും. പോരിൽ രാവണനെ കൊല്ലുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുമെന്ന് രാമൻ പ്രതിജ്ഞ പുതുക്കി.
യുദ്ധം ആരംഭിച്ചപ്പോൾ, രാവണൻ വാനരന്മാരിൽ ഭീതി വിതച്ചു. രാമൻ യുദ്ധത്തിന് തയ്യാറായി, ലക്ഷ്മണനോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചു, രാവണന്റെ കയ്യിൽ ദിവ്യായുധമായ ചന്ദ്രഹാസവും മായാവിദ്യ കൈവശമുള്ള സൈന്യവും ഉണ്ടെന്ന് മുന്നറിയിപ്പ് നൽകി. ലക്ഷ്മണൻ രാമനിൽ നിന്നും ആശീർവാദം തേടി, തന്റെ ഏറ്റവും ദുഷ്കരമായ പോരിനായി തയ്യാറെടുത്തു. ഹനുമാൻ ഭയമേതുമില്ലാതെ രാവണന്റെ രഥത്തിലേയ്‌ക്ക് ചാടിക്കയറി, വാനരന്മാരുടെ കൈകൾകൊണ്ടാവും രാവണന്റെ അവസാനമെന്ന് പ്രഖ്യാപിച്ചുകൊണ്ട് രാവണന്റെ മേൽ കൈകൊണ്ട് ആഞ്ഞടിച്ചു. പിന്നീട് രാവണൻ തിരിച്ചടിച്ച് ഹനുമാനെ അബോധാവസ്ഥയിലാക്കി. അക്രമാസക്തനായ നീലൻ രാവണന്റെ ശിരോമകുടങ്ങൾക്ക് മുകളിൽക്കയറി നൃത്തം ചെയ്തു. പക്ഷേ ഒരു തീയമ്പു ദേഹത്ത്കൊണ്ട് നളൻ താഴെ വീണു. അപ്പോൾ ലക്ഷ്മണനും രാവണനും ശക്തമായി പോരിട്ടു. പെട്ടെന്ന് രാവണൻ ഒരു ദിവ്യമായ ശൂലം, ശക്തി, ലക്ഷ്മണനുനേർക്കെറിഞ്ഞപ്പോൾ ലക്ഷ്മണൻ ബോധം കെട്ടുവീണു. കൈലാസം കൈകൊണ്ടുയർത്താൻ പോന്ന ബലശാലിയായ രാവണന് ലക്ഷ്മണന്റെ ശരീരം ഉയർത്താൻ കഴിഞ്ഞില്ല. എന്നാൽ ഹനുമാൻ ലക്ഷ്മണനെ എളുപ്പത്തിൽ എടുത്ത് രാമന്റെയടുത്തേയ്‌ക്ക് കൊണ്ടുപോയി.
പിന്നെ രാമനും രാവണനും തമ്മിൽ യുദ്ധം ആരംഭിച്ചു. രാമൻ ഹനുമാന്റെ തോളിൽ കയറി രാവണനെ നേരിട്ടു. രാമരാവണ യുദ്ധം സമുദ്രങ്ങളെ നടുക്കിയിളക്കി. രാവണൻ ഹനുമാനെ അടിച്ചുവീഴ്‌ത്തിയെങ്കിലും രാമന്റെ അമ്പ് രാവണനെ അബോധാവസ്ഥയിലാക്കി. രാമൻ രാവണരഥം നശിപ്പിച്ചശേഷം രാവണനോട് അന്ന് പോയി വിശ്രമിച്ചശേഷം അടുത്ത ദിവസം തിരികെ വന്ന് പോരിന്നിറങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. അപമാനിക്കപ്പെട്ട രാവണൻ തന്റെ കൊട്ടാരത്തിലേക്ക് ഓടിപ്പോയി. പച്ചിലക്കൂട്ടുകൾ കൊണ്ടുള്ള ഔഷധങ്ങൾ ഉപയോഗിച്ച് രാമൻ ലക്ഷ്മണനെയും സുഗ്രീവനെയും നീലനേയും സുഖപ്പെടുത്തി.
കുംഭകർണ്ണന്റെ ഉപദേശം
രാമനുമായുള്ള യുദ്ധത്തിൽ തന്റെ ശക്തിക്കും ഭാഗ്യത്തിനും ഏറെ കോട്ടമുണ്ടായിയെന്ന് രാവണൻ തന്റെ സുഹൃത്തുക്കൾക്ക് മുന്നിൽ സമ്മതിച്ചു, ദേവന്മാരും ഋഷികളും തനിക്ക് പലപ്പോഴായിത്തന്ന ശാപങ്ങളെപ്പറ്റി ഓർമ്മിച്ചു. ഒടുവിൽ തന്റെ അവസാനത്തെ പ്രതീക്ഷയായ അനുജൻ കുംഭകർണ്ണനെ യുദ്ധസഹായത്തിനായി വിളിക്കുവാൻ തീരുമാനിച്ചു. പതിവുള്ള ആറ് മാസം നീണ്ടുനിൽക്കുന്ന ഉറക്കം തുടങ്ങിവച്ചിരുന്ന കുംഭകർണ്ണനെ, എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഉണർത്താമെന്നുതന്നെ രാവണൻ തീരുമാനിച്ചു. ആയിരക്കണക്കിന് യോദ്ധാക്കൾ ചെണ്ടകളും പെരുമ്പറകളും അറഞ്ഞുകൊട്ടി തലയിൽ വെള്ളം ഒഴിച്ച്, മൂക്കിലെ രോമങ്ങൾ വലിച്ച്പറിച്ച് കുംഭകർണ്ണനെ ഉണർത്താൻ ശ്രമിച്ചു. അവസാനം കുംഭകർണ്ണൻ ഉണർന്നപ്പോൾ വലിയ അളവിൽ ഭക്ഷണവും രക്തവും കഴിച്ചശേഷം അയാൾ യുദ്ധക്കളത്തിനിറങ്ങാനുള്ള രാവണന്റെ അപേക്ഷ ശ്രദ്ധയോടെ കേട്ടു.
സീതയെ തട്ടിക്കൊണ്ടുവന്നതിനെത്തുടർന്ന് രാമൻ സമുദ്രം കടന്നു ലങ്കയിൽ വന്ന് യുദ്ധം തുടങ്ങിയതായി രാവണൻ വിശദീകരിച്ചു. രാമന്റെ സേനയെ നശിപ്പിക്കാൻ ജ്യേഷ്ഠൻ അനുജന്റെ സഹായം തേടിയപ്പോൾ കുംഭകർണ്ണൻ വളരെ ആഴത്തിലുള്ള തത്ത്വചിന്തയോടെ ജ്ഞാനികൾക്കു ചേർന്ന ഒരു മറുപടി നൽകി. ബുദ്ധിമാനായ അനുജന്റെ ഉപദേശം, പ്രത്യേകിച്ച് സീതയെ തിരികെ നൽകാനുള്ള വിഭീഷണന്റെ നിർദ്ദേശം അവഗണിച്ചത് അനുചിതമായിപ്പോയി എന്നു രാവണനോട് തുറന്നു പറഞ്ഞു. മാത്രമല്ല, ലൗകികവിഷയങ്ങളിൽ മാത്രം പരിചയസമ്പന്നരായ മന്ത്രിമാരെക്കുറിച്ച് രാവണന് മുന്നറിയിപ്പ് നൽകി. അവരുടെ ഉപദേശം നന്മയെ ലക്കാക്കി ഉള്ളതല്ല. സീതയോടുള്ള രാവണന്റെ ആഗ്രഹം പോലുള്ള സുഖലോലുപത്വം നാശത്തിലേക്ക് നയിക്കുമെന്നും കുംഭകർണ്ണൻ പറഞ്ഞു. ഋഷി നാരദനിൽ നിന്ന് പഠിച്ചതായ രഹസ്യം, രാമൻ ഭഗവാൻ നാരായണന്റെ അവതാരമാണെന്ന കാര്യം കുംഭകർണ്ണൻ രാവണനോട് വെളിപ്പെടുത്തി. രാമന്റെ നാമം ജപിക്കാനും ഭക്തിമാത്രമാണ് മോക്ഷത്തിലേയ്‌ക്കുള്ള ഏക പാതയെന്നും അസന്നിഗ്‌ദ്ധമായി പറഞ്ഞുകൊടുത്തു. പക്ഷേ, കുംഭകർണ്ണന്റെ ഈ ധർമ്മപ്രഭാഷണത്താൽ ക്രുദ്ധനായ രാവണൻ ‘വൃഥാവാക്കുകൾ പറയുന്നതിന്നു പകരം പ്രവർത്തിച്ചു കാണിക്കാൻ’ അനുജനെ വെല്ലുവിളിച്ചു. രാമന്റെ കൈകളാൽ മരിക്കുന്നത് ജനനമരണചക്രത്തിൽ നിന്ന് മോചനം കിട്ടാനുള്ള മാർഗ്ഗമാകുമെന്നറിയുന്ന കുംഭകർണ്ണൻ രാവണന് വേണ്ടി യുദ്ധത്തിനിറങ്ങാമെന്ന് ഒടുവിൽ സമ്മതിച്ചു.
കുംഭകർണ്ണ യുദ്ധം
കുംഭകർണ്ണൻ യുദ്ധക്കളത്തിൽ ചാടിവന്ന് ചലിക്കുന്നൊരു പർവ്വതം പോലെ ഭീമാകാരനായി നിറഞ്ഞുനിന്നു. വാനരന്മാർ ഭയന്നുവിറച്ച് നിൽക്കവേ വിഭീഷണൻ രാമനോട് പറഞ്ഞു: “എന്റെ ജ്യേഷ്ഠൻ ഉന്നതമായ ശക്തിയും ജ്ഞാനവും ഉണ്ടായിട്ടും അവനെ ഭക്ഷണവും ഉറക്കവും പോലുള്ള ദൗർബല്യങ്ങൾ ബന്ധിച്ചിരിക്കുന്നു.”
വിഭീഷണൻ കുംഭകർണ്ണന്റെ മുന്നിൽ പ്രണമിച്ചപ്പോൾ ജ്യേഷ്ഠൻ അനുജനെ ആശീർവദിച്ച് തുടർന്നും രാമനെ സേവിക്കാൻ അനുഗ്രഹിച്ചു. കുംഭകർണ്ണൻ യുദ്ധക്കളത്തിൽ ഭീകരമായ നാശം വിതച്ചു. തൊഴിച്ചകറ്റി അവൻ സുഗ്രീവനെ പരാജയപ്പെടുത്തി. തന്റെ മൂക്കിനുള്ളിലൂടെയും ചെവികളിലൂടെയും ഓടി രക്ഷപ്പെട്ട യോദ്ധാക്കളെ നിഷ്പ്രയാസം പിടികൂടി വിഴുങ്ങി. ലക്ഷ്മണന്റെ അമ്പുകൾക്കു പോലും കുംഭകർണ്ണനെ തടയാൻ കഴിഞ്ഞില്ല. അവസാനം രാമൻ നേരിട്ട് ഇടപെട്ട്, കുംഭകർണ്ണന്റെ വലത് കൈയും ആയുധവും വെട്ടിക്കളഞ്ഞു. പക്ഷേ ആ വീരരാക്ഷസൻ ഇടത് കൈകൊണ്ട് ശക്തിയായി പൊരുതിനിന്നു. അവൻ ഒരു പർവ്വതം എടുത്തെറിയാൻ തുടങ്ങവേ രാമൻ ഇന്ദ്രാസ്ത്രംകൊണ്ട് അതിനെ പ്രതിരോധിച്ചു. അപ്പോൾ രാമൻ അവന്റെ കാലുകൾ വെട്ടി, വായിൽ നിരവധി അമ്പുകൾ ഒരേസമയം എയ്ത് അവസാനം തലയും മുറിച്ചുവീഴ്‌ത്തി. കുംഭകർണ്ണന്റെ തല ലങ്കയുടെ വാതിൽക്കൽ ചെന്നു വീണു. ഭീമാകാരമായ ദേഹം സമുദ്രത്തിലും ചെന്നു പതിച്ചു.















