ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ സുരക്ഷ, പരിപാലന മാനദണ്ഡങ്ങള്‍ സ്വതന്ത്രമായി പരിശോധിക്കാന്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി.
അഹമ്മദാബാദ് വിമാനദുരന്തത്തിനു പിന്നാലെയാണ് വിമാനങ്ങളിലെ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) അംഗീകാരമുള്ള അന്താരാഷ്‌ട്ര വ്യോമയാന സുരക്ഷാ ഏജന്‍സിയെക്കൊണ്ട് സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
വാദം കേള്‍ക്കുന്നതിനിടെ, എന്തുകൊണ്ട് എയര്‍ ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നു എന്ന് സുപ്രീംകോടതി ചോദിച്ചു. ”മറ്റു വിമാനക്കമ്പനികളിലും എന്തുകൊണ്ട് അത്തരം സുരക്ഷാ ഓഡിറ്റ് ആയിക്കൂടാ?” എന്നും ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് കോടതി ചോദിച്ചു. ഒരു വിമാനക്കമ്പനിയെ മാത്രം ലക്ഷ്യം വച്ചുള്ള ഹര്‍ജിക്കാരന്റെ ഉദ്ദേശ്യത്തെയും കോടതി വിമര്‍ശിച്ചു. നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമായിരുന്നു. പക്ഷേ, ഒരു ദുരന്തം സംഭവിച്ചു എന്നതുകൊണ്ട്, നിങ്ങള്‍ ഒരു വിമാനക്കമ്പനിയെ മാത്രം ലക്ഷ്യം വയ്‌ക്കുകയാണോ? മറ്റു വിമാനക്കമ്പനികള്‍ക്ക് സുരക്ഷാ പ്രശ്നങ്ങളില്ലേ? ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
സുരക്ഷാ ആശങ്കകള്‍ ഉണ്ടെങ്കില്‍ ആദ്യം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോടോ (ഡിജിസിഎ) കേന്ദ്ര സര്‍ക്കാരിനോടോ ഉന്നയിക്കണമെന്നും കോടതി ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചു.
















