ആലപ്പുഴ : ആദിക്കാട്ടുകുളങ്ങരയില്‍ നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പിതാവും രണ്ടാനമ്മയും പിടിയില്‍. രണ്ടാനമ്മ ഷെബീനയെ കൊല്ലത്ത് നിന്നും പിടികൂടി.പിതാവ് അന്‍സറിനെ പത്തനംതിട്ടയില്‍ നിന്നുമാണ് പിടികൂടിയത്.
നാലാം ക്ലാസുകാരി നേരിട്ട ക്രൂരത മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. നേരത്തെ ശിശുക്ഷേമ സമിതിയും കേസില്‍ ഇടപെട്ടിരുന്നു.
സംഭവത്തില്‍ വിശദ അന്വേഷണം നടത്തി ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ശിശുക്ഷേമ സമിതി ജില്ലാ ഓഫീസറോടും നൂറനാട് പൊലീസിനോടും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്. കുട്ടിക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് ബാലാവകാശകമ്മീഷന്‍ അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കും.
സംഭവത്തിനുശേഷം ആദിക്കാട്ടുകുളങ്ങരയിലെ ബന്ധുവീട്ടിലെത്തിച്ച കുട്ടിയെ പ്രതിയായ പിതാവ് വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. കുഞ്ഞ് ഇപ്പോള്‍ മുത്തശിയുടെ സംരക്ഷണയിലാണ്.
















