മോസ്‌കോ: ആണവ അന്തര്‍വാഹിനികള്‍ വിന്യസിച്ചതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ചുട്ടമറുപടിയുമായി റഷ്യ. ഇപ്പോള്‍ ആണവ മിസൈലുകളുടെ ആക്രമണപരിധിക്ക് പരിമിതികളില്ലെന്ന് ഓര്‍ക്കണമെന്ന് റഷ്യ തിരിച്ചടിച്ചു. ആണവ മിസൈലുകള്‍ ഉപയോഗിക്കുന്നതിനുള്ള മൊറട്ടോറിയമായ ഐഎന്‍എഫില്‍ നിന്നും റഷ്യ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവിന്റെ പ്രതികരണം.
ആണവ ആയുധങ്ങളുടെ കാര്യത്തില്‍ ഇനി റഷ്യക്ക് പരിമിതിയില്ല. ആവശ്യമെങ്കില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കും. മുമ്പ് നിരോധനമുണ്ടായിരുന്ന പരമ്പരാഗത, ആണവ മിസൈലുകള്‍ വിന്യസിക്കുന്നതിന് റഷ്യയ്‌ക്കുമേല്‍ യാതൊരു നിയന്ത്രണങ്ങളും അവശേഷിക്കുന്നില്ലെന്നും പെസ്‌കോവ് പറഞ്ഞു. ഐഎന്‍എഫ് ഉടമ്പടിയില്‍ നിന്നും പിന്മാറിയതിനു പിന്നാലെ 500 മുതല്‍ 5,500 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള മിസൈലുകള്‍ക്കുള്ള മുന്‍ നിയന്ത്രണങ്ങള്‍ ഇനി ബാധകമല്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചിരുന്നു.
ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് റഷ്യക്ക് സമയപരിധി നിശ്ചയിച്ചിരുന്നു. ഇത് പാലിക്കാതിരുന്നതോടെയാണ് ട്രംപ് അടുത്ത ഭീഷണിയായി അന്തര്‍വാഹിനികളെ വിന്യസിച്ചത്.
















