കൊച്ചി: കൊച്ചിയിലെ പെണ്‍കെണി കേസില്‍ വഴിത്തിരിവ്. പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു.
കൊച്ചിയിലെ ഐടി സ്ഥാപന സിഇഒ വേണു ഗോപാലകൃഷ്ണനെതിരെയാണ് കേസെടുത്തത്.ഇന്‍ഫോ പാര്‍ക്ക് പൊലീസിന്റേതാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഐ ടി വ്യവസായിക്കെതിരെയും സ്ഥാപനത്തിലെ മൂന്ന് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.
യുവതി തന്നെ പെണ്‍കെണിയില്‍ കുടുക്കിയെന്ന വേണു ഗോപാലകൃഷ്ണന്റെ പരാതിയില്‍ ആദ്യം യുവതിക്കും ഭര്‍ത്താവിനുമെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഇരുവരെയും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ഇല്ലാതെ തന്നെ ജാമ്യം നല്‍കി. ഇതിനു പിന്നാലെയാണ് യുവതി പരാതി നല്‍കിയത്.
തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും വാട്‌സ് ആപ്പിലൂടെ ഇത്തരത്തില്‍ ചാറ്റ് ചെയ്തതും വേണു ഗോപാലകൃഷ്ണനാണെന്ന് യുവതി പറയുന്നു.ജോലി നഷ്ടപ്പെടാതിരിക്കാനാണ് ആദ്യം പരാതി നല്‍കാതിരുന്നത്. പിന്നീട് താന്‍ ഐസിസി മുന്‍പാകെ പരാതി നല്‍കുമെന്ന് അറിയിച്ചതോടെയാണ് വ്യവസായി തന്നെ കുടുക്കിയതെന്ന് യുവതി മാധ്യമങ്ങളോടു പറഞ്ഞു.
















