ന്യൂദല്‍ഹി: ഓപ്പറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട മൂന്ന് പഹല്‍ഗാം ഭീകരരും പാക് പൗരന്മാരെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. മൂന്ന് പേരും പാക് ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ പ്രവര്‍ത്തകരാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായി സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. സുലൈമാന്‍ ഷാ എന്ന ഫൈസല്‍ ജാട്ട്, അബു ഹംസ എന്ന അഫ്ഗാന്‍, യാസിര്‍ എന്ന ജിബ്രാന്‍ എന്നീ മൂന്ന് ഭീകരരെയാണ് ജൂലൈ 28-ന് ഓപ്പറേഷന്‍ മഹാദേവിലൂടെ സൈന്യം വധിച്ചത്.
ഭീകരരുടെ മൃതദേഹങ്ങളില്‍ നിന്ന് വോട്ടര്‍ ഐഡി കാര്‍ഡുകളും സ്മാര്‍ട്ട് ഐഡി ചിപ്പുകളും ഉള്‍പ്പെടെയുള്ള പാകിസ്ഥാന്‍ സര്‍ക്കാര്‍ രേഖകളും കണ്ടെടുത്തു. എസ്ഡി കാര്‍ഡില്‍ നിന്ന് വിരലടയാളം, ഫേഷ്യല്‍ സ്‌കാന്‍, കുടുംബവിവരങ്ങള്‍, മേല്‍വിലാസം തുടങ്ങി പ്രാധാന്യമേറിയ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇത് പാകിസ്ഥാനുമായുള്ള ഇവരുടെ ബന്ധം ഉറപ്പിക്കുന്നതാണെന്ന് സൈന്യം അറിയിച്ചു.
പാകിസ്ഥാന്റെ നാഷണല്‍ ഡേറ്റാബേസ് ആന്‍ഡ് രജിസ്ട്രേഷന്‍ അതോറിറ്റി (എന്‍എഡിആര്‍എ) യില്‍ നിന്ന് ലഭിച്ച ബയോമെട്രിക് രേഖകള്‍, ലാമിനേറ്റ് ചെയ്ത വോട്ടര്‍ സ്ലിപ്പുകള്‍, ഡിജിറ്റല്‍ സാറ്റലൈറ്റ് ഫോണ്‍ ഡേറ്റ, ജിപിഎസ് വിവരങ്ങള്‍ എന്നിവയില്‍ നിന്നാണ് മൂന്ന് ഭീകരരുടെയും പാക് ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചത്.
പഹല്‍ഗാം ഭീകരാക്രമണം നടന്ന ദിവസം മുതല്‍ ഇവര്‍ മൂവരും ദച്ചിഗാം-ഹര്‍വാന്‍ വനമേഖലയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും കണ്ടെത്തി. ഭീകരരെ വധിച്ച സ്ഥലത്തുനിന്ന് പാകിസ്ഥാനിലെ കറാച്ചിയില്‍ നിര്‍മിച്ച കാന്‍ഡിലാന്‍ഡ്, ചോക്കോമാക്സ് തുടങ്ങിയ ചോക്കലേറ്റുകളുടെ കൂടുകളും കണ്ടെടുത്തിട്ടുണ്ട്. 2024 മേയ് മാസത്തില്‍ പാക് അധീന കശ്മീരിലെ മുസാഫറാബാദിലേക്ക് അയച്ച ചരക്കുകളില്‍ ഉള്‍പ്പെട്ടവയാണിത്.
അതേസമയം, ഭീകരാക്രമണം നടത്തിയവരുടെ സംഘത്തില്‍ കശ്മീരില്‍ നിന്നുള്ള ആരും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലഷ്‌കര്‍ കമാന്‍ഡറായ സുലൈമാന്‍ ഷാ ആണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍. ഹംസയും യാസിറും ലഷ്‌കര്‍ കമാന്‍ഡര്‍മാരായിരുന്നു.
















