സന: യെമന്‍ തീരത്ത് 154 കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 68 ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ മരിച്ചു. 74 പേരെ കാണാതായി. അപകടത്തില്‍പ്പെട്ട 12 പേരെ രക്ഷപെടുത്താന്‍ കഴിഞ്ഞുവെന്നും കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സി അറിയിച്ചു. 154 എത്യോപ്യന്‍ കുടിയേറ്റക്കാരുമായി പോയ കപ്പല്‍ ഞായറാഴ്ച പുലര്‍ച്ചെ തെക്കന്‍ യെമന്‍ പ്രവിശ്യയായ അബ്യാനിലെ ഏദന്‍ ഉള്‍ക്കടലില്‍ വച്ച് മുങ്ങുകയായിരുന്നു.
ദുരന്തത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സി സ്ഥിരീകരിച്ചു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് യെമനിലേക്കും തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും അനധികൃതമായി കുടിയേറുന്ന ആളുകള്‍ ഈ കടല്‍മാര്‍ഗം പ്രധാനമായും ഉപയോഗിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ യാത്രകള്‍ക്ക് അപകടസാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ കുറച്ചുകാലമായി യെമന്‍ തീരത്ത് ഇത്തരം കപ്പല്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. അപകടങ്ങളെക്കുറിച്ച് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.











