രാമായണം എന്ന പാലാഴി കടഞ്ഞ് സ്വാതിതിരുനാള്‍ എന്ന സംഗീത പ്രതിഭ കണ്ടെടുത്ത നവനീതം തന്നെയാണ് രാമായണ രാഗമാലിക. പുരാണങ്ങളിലുള്ള സൂക്ഷ്മ പരിചയം കൊണ്ട് പത്മം നാഭിയെ അലങ്കരിക്കുന്നവന്‍ ആരോ അവന്‍ തന്നെയാണ് രാമായണ കഥാനായകനായ ശ്രീരാമചന്ദ്രനെന്ന് ചിത്രീകരിക്കാന്‍ അദ്ദേഹത്തിന് സംശയമേതുമുണ്ടായില്ല. രാഗമാലികയുടെ അവസാന ചരണത്തില്‍ അതീവ ചാരുതയോടെ ഭഗവദ്യേകസ്വരൂപത്തിന്റെ ചൈതന്യം ആവാഹിയ്‌ക്കാനും
അവസാനപദം ഇഷ്ട്ടദേവതയായ ശ്രീ പത്മനാഭന്റേതാക്കാനും സ്വാതിതിരുനാള്‍ കാണിച്ച ഭാഷാപരമായ സിദ്ധി ദൈവീകം തന്നെയെന്നേ പറയാനാവൂ.
സുന്ദരം എന്ന് എല്ലാവരാലും പുകഴ്‌ത്തപ്പെട്ട, കളകാഞ്ചി വൃത്തത്തിന്റെ ഉന്മേഷം ഉടലെടുത്തതെന്നു തോന്നിക്കുന്ന സുന്ദരകാണ്ഡം ശെമ്മാങ്കുടി സ്വാമി ചിട്ടപ്പെടുത്തിയത് പൂര്‍വ്വികല്യാണിയിലാണ്.
വാനരോത്തമ സഹിത വായുസൂനു കരാര്‍പ്പിത
ഭാനുശതഭാസ്വര ഭവ്യരത്‌നാംഗുലീയം
തേന പുനരാനീതാന്യൂന ചൂഡാമണിദര്‍ശനം
ശ്രീനിധീം ഉദധിതീരേ ശ്രിതവിഭീഷണമിളിതം.
ഉത്തമനായ വാനരരാജാവ് സുഗ്രീവനൊത്തിരിക്കുന്ന(വേളയില്‍) വായുപുത്രന്റെ കരത്തില്‍ ഏല്‍പ്പിക്കപ്പെട്ട ആയിരം സൂര്യന്‍മാരുടെ തിളക്കമുള്ളതും ഭദ്രവുമായ രത്‌നാംഗുലീയത്തിന്റെയും അദ്ദേഹം തന്നെ തിരിച്ചു വന്ന് (ശ്രീരാമന് സമര്‍പ്പിച്ച) ചൂഡാമണിയുടെയും ദര്‍ശനസൗഭാഗ്യം ഉണ്ടായവനും ശ്രീത്വത്തിന്റെ ഇരിപ്പിടം അലങ്കരിക്കുന്നവനും സമുദ്രതീരത്തില്‍ വച്ച് ആശ്രിതനായി വന്ന വിഭീഷണനെ കണ്ടവനുമായ (ശ്രീരാമചന്ദ്രനെ ഞാന്‍ വിഭാവനം ചെയ്യുന്നു എന്ന് പല്ലവിയോട് അന്വയം ചെയ്യണം).
ആറാമത്തേതും അവസാനത്തേതുമായ ചരണം ചിട്ടപ്പെടുത്തപ്പെട്ടത് മധ്യമാവതിയിലാണ്. കര്‍ണാടക സംഗീതക്കച്ചേരികളില്‍ സമാപനസൂചകമായി പാടാറുള്ള, ധാരാളം വിസ്താര സാദ്ധ്യതയും കൃതിധാരാളിത്തവുമുള്ള രാഗമാണ് മധ്യമാവതി.
(ഈ രാഗത്തിന് മധ്യാഹ്നവുമായി യാതൊരു ബന്ധവുമില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സ്‌ക്കൂള്‍ യൂത്ത് ഫെസ്റ്റിവലില്‍ ഒരു കുട്ടിക്ക് പാടാന്‍ അവസരം ലഭിച്ചത് ഉച്ചയ്‌ക്കായി പോയി; ആ കുട്ടി പഠിച്ചു വന്നത് മധ്യമാവതിയിലുള്ള ഒരു കൃതിയായിരുന്നു. ഈ യാദൃച്ഛികത മനസ്സിലാക്കാതെ അന്ന് പത്രങ്ങളിലെ ഫീച്ചര്‍ എഴുത്തുകാര്‍ ആ കുട്ടിയുടെ പ്രതിഭയേയും അവസരോചിത ബുദ്ധിയേയും കുറിച്ച് ദീര്‍ഘദീര്‍ഘം എഴുതി സ്വന്തം അജ്ഞത വെളിപ്പെടുത്തിയ സംഭവം പെട്ടെന്ന് ഓര്‍ത്തു പോയി!)
കലിത വരസേതുബന്ധം ഖല നിസ്സീമം അപി ശിതാശന
ദലനമുരു ദശകണ്ഠ വിദരണമതിധീരം
ജ്വലനപൂത ജനകസുതാ സഹിതം യാത സാകേതം
വിലസിതപട്ടാഭിഷേകം വിശ്വപാലം പത്മനാഭം
പുണ്യകരമായ സമുദ്രത്തിന് കുറുകേ പാലം നിര്‍മ്മിച്ചവനും കണക്കില്ലാത്തത്ര ശിതാശനന്‍മാരെ (രാക്ഷസന്‍മാരെ) സംഹരിച്ചവനും പത്തു തലയുള്ള രാവണനെ അതിധീരമായി കാലപുരിയിലേയ്‌ക്ക് അയച്ചവനും അഗ്‌നിയില്‍ പരിശുദ്ധി തെളിയിച്ച ജനകപുത്രിയോടു കൂടി സാകേതത്തിലേയ്‌ക്ക് തിരിച്ചു വന്നവനും വിശ്വപാലകനായി, പത്മനാഭനായി പട്ടാഭിഷേകം ചെയ്ത് വിലസിതനായ(ശ്രീരാമചന്ദ്രനെ ഞാന്‍ വിഭാവനം ചെയ്യുന്നു എന്ന് പല്ലവിയോട് അന്വയിക്കണം).
(അവസാനിച്ചു)











