തലശേരി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ പരസ്യ മദ്യപാനത്തില്‍ അകമ്പടി സേവിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരവീഴ്ച. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും പോലീസിനെ കാവല്‍ നിര്‍ത്തി മദ്യപിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.
കോടതിയില്‍ ഹാജരാക്കാനെത്തിച്ച തലശ്ശേരിയിലെ ഒരു ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയില്‍ നിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികള്‍ക്ക് മദ്യവുമായി സുഹൃത്തുക്കളെത്തിയത്. സംഘത്തില്‍ ടി.പി. കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജുമുണ്ടായിരുന്നു. പ്രതികള്‍ക്ക് അകമ്പടി പോയ എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ മദ്യപാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം സംഭവത്തില്‍ ഇതുവരെ കേസെടുക്കാന്‍ തയ്യാറാവാത്ത പോലീസ് നടപടി ചര്‍ച്ചയായിട്ടുണ്ട്. കേസെടുക്കാന്‍ നിയമോപദേശം തേടിയതായാണ് വിവരം. അതിനിടെ ടിപി വധക്കേസ് പ്രതി ടി.കെ. രജീഷിനും പരോള്‍ അനുവദിച്ചു. ടി.കെ. രജീഷിനാണ് രണ്ട് ദിവസം മുമ്പ് പരോള്‍ അനുവദിച്ചത്. ഏറണാകുളം വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് പരോള്‍. കൊടി സുനിയുടെയും സംഘത്തിന്റെയും പരസ്യമദ്യപാനം വിവാദമായതിനിടെയാണ് രജീഷിന് പരോള്‍ അനുവദിച്ചത്. കുടുംബപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് പാട്യം പത്തായകുന്ന് കാരായിന്റവിട രജീഷ് (35) പരോളിനായി അപേക്ഷിച്ചത്.















