തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ അനാസ്ഥകള്‍ തുറന്നുപറഞ്ഞ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനെ വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെ മറയാക്കി കുടുക്കാനുള്ള സര്‍ക്കാര്‍ നീക്കവും പൊളിഞ്ഞു. ശസ്ത്രകിയ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഹാരിസ് ഉന്നയിച്ച ആക്ഷേപങ്ങള്‍ ശരിവച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്ത്. ഹാരിസ് ഉന്നയിച്ചതുപോലെ ശസ്ത്രക്രിയ ഉപകരണമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നു പേരുടെ ശസ്ത്രക്രിയകള്‍ മുടങ്ങി. ഉപകരണങ്ങള്‍ പിരിവിട്ട് വാങ്ങിയെന്ന് രോഗികള്‍ സമിതിയോട് വെളിപ്പെടുത്തി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഹാരിസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത് ഉപകരണഭാഗം കാണാതായെന്ന റിപ്പോര്‍ട്ടിലെ ഒരുവരി പരാമര്‍ശം മാത്രം എടുത്ത്.
ഡോ.ഹാരിസ് ഫെയ്‌സ്ബുക്കില്‍ ഉന്നയിച്ചത് പോലെ ലിത്തോക്‌ളാസ്റ്റ് പ്രോബ് പൊട്ടിപ്പോയതിനാല്‍ ശസ്ത്രക്രിയ മുടങ്ങിയെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ശസ്ത്രക്രിയ മാറ്റിവച്ചു. രണ്ടെണ്ണം മുടങ്ങി. ഒരാളില്‍ നിന്ന് നാലായിരം രൂപ വീതം പിരിവിട്ട് ഉപകരണം വാങ്ങിയെന്നും രോഗികള്‍ മൊഴി നല്‍കി. ഹാരിസിന്റെ വെളിപ്പെടുത്തല്‍ ശരിയല്ലെന്നും ആരോപണം ഉന്നയിച്ച അന്ന് ശസ്ത്രക്രിയ നടന്നുവെന്നുമുള്ള ആരോഗ്യമന്ത്രിയുടെ വാദവും പൊളിഞ്ഞു. അന്നും അതിനു ശേഷവും തന്റെ സ്വന്തം ഉപകരണം കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് രണ്ടാം യൂണിറ്റ് ചീഫ് ഡോ. സാജു വ്യക്തമാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഫീസില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ വലിയ കാലതാമസമുണ്ടെന്ന് വിദഗ്‌ദ്ധസമിതി വിലയിരുത്തി. ഉപകരണങ്ങളുടെ ആവശ്യം ഉന്നയിച്ചുള്ള വകുപ്പ് മേധാവിയുടെ കത്തും സ
പ്‌ളൈ ഓര്‍ഡറും തമ്മില്‍ മൂന്നുമാസത്തെ ഇടവേള വരെ ഉണ്ടാകുന്നുണ്ട്. ഈ കാലതാമസം മുന്‍കൂട്ടിക്കണ്ട് ഉപകരണങ്ങള്‍ വാങ്ങാന്‍ ഡോ. ഹാരിസ് നേരത്തെ തന്നെ അപേക്ഷ നല്‍കി. അപേക്ഷ കലക്ടറുടെ ഓഫീസില്‍ കെട്ടിക്കിടക്കുകയാണെന്നും വിദഗ്‌ദ്ധ സമിതി കണ്ടെത്തി.
അതേസമയം മോസിലേറ്റര്‍ എന്ന ഉപകരണത്തിന്റെ മോസിലോ സ്‌കോപ് എന്ന ഭാഗം കാണാതായെന്നും അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ ഹാരിസ് വകുപ്പ് മേധാവി ആയതിന് ശേഷമാണോ ഉപകരണ ഭാഗം കാണാതായതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശവുമില്ല. ഇത് മാത്രം എടുത്താണ് ഹാരിസിനെ മന്ത്രി പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്.
കൂടാതെ ആരോഗ്യവകുപ്പിന്റെ സിസ്റ്റം ശരിയാക്കാനുള്ള ശിപാര്‍ശകളും ആരോഗ്യമന്ത്രി വിഴുങ്ങി. ഉപകരണങ്ങള്‍ വാങ്ങുന്നതിലെ കാലതാമസം അടിയന്തരമായി ഒഴിവാക്കണം, രോഗികളില്‍ നിന്ന് പണം പിരിച്ച് ഉപകരണങ്ങള്‍ വാങ്ങുന്ന രീതി അവസാനിപ്പിക്കണം, പ്രധാനപ്പെട്ട വിഭാഗങ്ങളില്‍ പിഎസ്‌സി ജീവനക്കാരെ നിയമിക്കണം, സൂപ്രണ്ടിന്റെ സാമ്പത്തിക അധികാരം വര്‍ധിപ്പിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളെപ്പറ്റി ആരോഗ്യമന്ത്രി പരാമര്‍ശിച്ചതുമില്ല. അതേസമയം ആരോഗ്യവകുപ്പ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കാന്‍ ഇന്ന് ഡിഎംഇക്ക് മുന്നില്‍ ഡോ. ഹാരിസ് ഹാജരാകും.












