കൊച്ചി:കുടുംബ സുഹൃത്ത് തടവിലാക്കിയ ഭാര്യയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. ഗ്വാളിയര്‍ സ്വദേശിനി ശ്രദ്ധ ലെനിനെ (44) മണ്ണുത്തി സ്വദേശി ജോസഫ് സ്റ്റീവന്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും എം.ബി. സ്‌നേഹലതയും ഉള്‍പ്പെട്ട ബഞ്ച് വിഷയം ഗൗരവമേറിയതെന്ന് വിലയിരുത്തി അടിയന്തരമായി യുവതിയെ കണ്ടെത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
ഭാര്യ ഇടക്കിടെ കേരളത്തില്‍ വരാറുണ്ട്. അപ്പോള്‍ കുടുംബസുഹൃത്തായ ജോസഫിനൊപ്പമാണ് താമസിക്കാറെന്നും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയില്‍വച്ചാണ് ഭാര്യയെ അവസാനം കണ്ടത്. മേയ് 17ന് വാട്‌സ്ആപ് ചാറ്റും നിലച്ചു. ജൂണ്‍ ആദ്യം അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയ ജി.എം. റാവു, കന്യാസ്ത്രീയെന്ന് പറയുന്ന സോഫിയ എന്നിവര്‍ ഫോണില്‍ വിളിച്ച് ഭാര്യ മരിച്ചെന്ന് അറിയിച്ചു. ഏതോ സംസ്‌കാരച്ചടങ്ങിന്റെ ദൃശ്യങ്ങളും അയച്ചു.
ശ്രദ്ധ ലെനിന്റെ പേരിലുള്ള രണ്ടരക്കോടിയുടെ സ്വത്ത് വില്‍ക്കുന്നതിന് തന്നെ ചുമതലപ്പെടുത്തിയെന്നും പറഞ്ഞു. എന്നാല്‍, ഭാര്യ അന്യായ തടങ്കലിലാണെന്നാണ് സംശയിക്കുന്നതെന്നും ജോസഫും കൂട്ടരും തന്റെ പക്കല്‍നിന്ന് പല കാരണങ്ങള്‍ കാട്ടി മുമ്പും പണം കൈപ്പറ്റിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. കൊച്ചി കമ്മീഷണര്‍ക്കും സെന്‍ട്രല്‍ പൊലീസിനും പരാതി നല്‍കിയിട്ടും നടപടിയില്ല.
ഹര്‍ജി പരിഗണിച്ച കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ നിലപാട് തേടിയിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിലവിലുള്ള സംഘത്തിന് അവസരം നല്‍കണമെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
















