വിശ്വാസങ്ങളാല്‍ സമ്പന്നമാണ് ഭാരതം. ഭാരതീയരുടെ ജീവിത പദ്ധതികളില്‍ ആചാരാനുഷ്ഠാനങ്ങള്‍ ഇഴ ചേര്‍ന്നുനില്‍ക്കുന്നു. ഈശ്വരാരാധനയില്‍ പോലും വൈവിധ്യങ്ങള്‍ പ്രകടം. പന്നഗവും പശുവും തുടങ്ങി എന്തിനേയും പവിത്രതയോടെ കാണുന്നതാണ് ഭാരതീയ പൈതൃകം. അതില്‍ പ്രധാനമാണ് നാഗാരാധന. ഭാരതത്തില്‍ എല്ലായിടങ്ങളിലും അത് പ്രസിദ്ധമാണ്.
ആ നാഗദൈവങ്ങള്‍ക്ക് മാതൃഭാവത്തില്‍ പൂജ അര്‍പ്പിക്കുന്ന പ്രസിദ്ധ ക്ഷേത്രമുണ്ട് കേരളത്തില്‍. ആലപ്പുഴ ജില്ലയിലെ മണ്ണാറശാല നാഗരാജ ക്ഷേത്രം. ഇവിടെയെത്തുന്ന ആയിരങ്ങള്‍ക്ക് അനുഗ്രഹം വര്‍ഷിച്ച്, അവരുടെ സങ്കടങ്ങള്‍ കേട്ട് നാഗത്താന്മാരോട് പ്രാര്‍ത്ഥിച്ച് ദുഃഖ നിവൃത്തി വരുത്തുന്ന മണ്ണാറശാല വലിയമ്മ സാവിത്രി അന്തര്‍ജ്ജനം ഭക്തരുടെയുള്ളില്‍ ദിവ്യതേജസ്സോടെ നിറഞ്ഞുനില്‍ക്കുന്നത് നാഗദൈവങ്ങളുടെ പ്രതിരൂപമായിട്ടാണ്. ഭക്ത ഹൃദയങ്ങളില്‍ ഈശ്വര സ്ഥാനത്താണ് വലിയമ്മ. ആ സ്ഥാനം ഒരു നിയോഗമാണ്. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യ പൂജാരിണിയാണ് ‘മണ്ണാറശാല വലിയമ്മ’.
നാഗോപാസന ജീവിത വ്രതമാക്കിയ സാവിത്രി അന്തര്‍ജ്ജനമാണ് ഇപ്പോഴത്തെ വലിയമ്മ. ഒരായുസ്സിന്റെ ജീവിത പുണ്യം ഭക്തരിലേക്കും ചൊരിഞ്ഞ് നിറപുഞ്ചിരിയോടെ അവര്‍ക്ക് സാന്ത്വനമേകുന്ന വലിയമ്മ ശതാഭിഷേക നിറവിലാണ്. കര്‍ക്കടകത്തിലെ മൂലം നക്ഷത്ര ജാതയാണ് സാവിത്രി അന്തര്‍ജനം. വലിയമ്മയായിരുന്ന ഉമാദേവി അന്തര്‍ജ്ജനം 2023 ആഗസ്ത് 9ന് 93-ാമത്തെ വയസില്‍ സമാധിയായപ്പോള്‍, ചെറിയമ്മയായിരുന്ന സാവിത്രി അന്തര്‍ജ്ജനത്തിനായി ആ സ്ഥാനമേല്‍ക്കാന്‍ നിയോഗം. ഇല്ലത്തെ മൂപ്പുമുറയനുസരിച്ചുള്ള കാരണവന്മാര്‍ വേളി കഴിച്ചുകൊണ്ടുവരുന്ന സ്ത്രീകളാണ് അമ്മയായി വാഴിക്കപ്പെടുന്നത്.
കോട്ടയം നട്ടാശ്ശേരി കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരന്‍ നമ്പൂതിരിയുടെയും ആര്യാ ദേവി അന്തര്‍ജ്ജനത്തിന്റെയും മകളായി ജനനം. 13-ാമത്തെ വയസില്‍ എം.വി. സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ വേളിയായി മണ്ണാറശാല ഇല്ലത്തെത്തി. അന്ന് മറ്റൊരു സാവിത്രി അന്തര്‍ജ്ജനമായിരുന്നു മുഖ്യ പൂജാരിണി. പേരിലെ സാമ്യത ഇരുവരേയും കൂടുതല്‍ അടുപ്പിച്ചു. ഉത്തമ ഭാര്യയും അമ്മയുമായി കഴിയുമ്പോഴും വലിയമ്മയേയും ചെറിയമ്മയേയും പരിചരിക്കാനും സമയം കണ്ടെത്തി. ജപവും മന്ത്രവുമെല്ലാം ജീവിതത്തിലെ നിത്യസാധനകളായി.
1993 ഒക്ടോബര്‍ 24ന് വലിയമ്മ സാവിത്രി അന്തര്‍ജ്ജനം സമാധിയായപ്പോള്‍ അന്നത്തെ ചെറിയമ്മയായിരുന്ന ഉമാദേവി അന്തര്‍ജ്ജനം വലിയമ്മയായി അവരോധിക്കപ്പെട്ടു. ചെറിയമ്മയായി ആ സ്ഥനത്തേക്ക് ഉയര്‍ന്നത് സാവിത്രി അന്തര്‍ജ്ജനമായിരുന്നു. മൂന്ന് പതിറ്റാണ്ട് ആയില്യം ഉത്സവത്തിന് വലിയമ്മ ഉമാദേവി അന്തര്‍ജ്ജനം നാഗരാജാവിന്റെ വിഗ്രഹം എഴുന്നള്ളിച്ചപ്പോള്‍, സര്‍പ്പയക്ഷിയമ്മയുടെ വിഗ്രഹമാണ് സാവിത്രി അന്തര്‍ജനം എഴുന്നള്ളിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പായിരുന്നു ഉമാദേവി അന്തര്‍ജ്ജനത്തിന്റെ വിയോഗം. തുടര്‍ന്ന് സാവിത്രി അന്തര്‍ജ്ജനം വലിയമ്മയായി സ്ഥാനമേറ്റു. 13 മാസത്തെ കഠിന വ്രതത്തിന് ശേഷമാണ് സാവിത്രി അന്തര്‍ജ്ജനം ശ്രീകോവിലില്‍ പ്രവേശിച്ച് നാഗപൂജ തുടങ്ങിയത്. ഇല്ലത്തെ കാരണവര്‍ പരമേശ്വരന്‍ നമ്പൂതിരിയില്‍ നിന്ന് വേദമന്ത്രങ്ങളെല്ലാം ഹൃദിസ്ഥമാക്കി.
2024ലെ കന്നിമാസ ആയില്യത്തിന് നാഗരാജ വിഗ്രഹവുമായി അമ്മ എഴുന്നള്ളി. തുടര്‍ന്ന് പ്രസിദ്ധമായ തുലാമാസത്തിലെ ആയില്യം എഴുന്നള്ളത്തിന് പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ സാക്ഷിയായി. നിലവറയിലെ നാഗദൈവങ്ങള്‍ക്ക് അമ്മ നൂറുംപാലും കഴിച്ചു. എല്ലാ ആയില്യം നാളിലും വലിയമ്മയാണ് നാഗരാജ വിഗ്രഹം എഴുന്നള്ളിക്കുന്നത്.
ഉമാദേവി അന്തര്‍ജനത്തിന്റെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഏറെ നാള്‍ എഴുന്നള്ളത്ത് നടന്നിരുന്നില്ല. ഇടവേളയ്‌ക്ക് ശേഷമുള്ള എഴുന്നള്ളത്തും പൂജയും സാവിത്രി അന്തര്‍ജ്ജനത്തിന്റെ കാര്‍മികത്വത്തിലാണ് നടന്നത്. ഇല്ലത്തെ നിലവറയ്‌ക്ക് സമീപം താമസിക്കുന്ന സാവിത്രി അന്തര്‍ജനം വെളുപ്പിന് എഴുന്നേറ്റ് ശുദ്ധിവരുത്തി പൂജയിലേക്ക് കടക്കും. ക്ഷേത്രത്തിലെത്തി അവിടെ അമ്മ നിര്‍വഹിക്കേണ്ട പൂജകളെല്ലാം ചെയ്ത് ഇല്ലത്തേയ്‌ക്ക് മടങ്ങുന്നു. ദിവസേന രാവിലെയും വൈകിട്ടും നിലവറയുടെ പടിഞ്ഞാറെ തളത്തില്‍ ഭക്തര്‍ക്ക് ദര്‍ശനവും നല്‍കും. ഞായറാഴ്ച ദര്‍ശനം കൂടുതല്‍ സമയം ഉണ്ടാകും. ഇതാണ് അമ്മയുടെ പതിവ്.

ആയില്യം പൂജ ചെയ്യുന്നു
മണ്ണാറശാല അമ്മയെ ദര്‍ശിക്കുമ്പോള്‍ ഭക്തരുടെ മനസ്സിലേക്ക് മണ്ണാറശാലയുടെ പുണ്യമാണ് നിറയുന്നത്. അത് ചെന്നെത്തുന്നതാവട്ടെ ചരിത്രവും ഐതിഹ്യവും ഇഴപിരിഞ്ഞു കിടക്കുന്ന വിസ്മയം നിറഞ്ഞ മറ്റൊരു തലത്തിലേക്കും.
കേരളോല്‍പ്പത്തിയില്‍ നിന്നാണ് മണ്ണാറശാലയുടെ ചരിത്രത്തിന്റെ ആരംഭം. ബ്രാഹ്‌മണര്‍ക്ക് ഭൂമി ദാനം ചെയ്യാന്‍ തീരുമാനിച്ച പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിക്കുന്നു. അങ്ങനെയുണ്ടായ ഭൂപ്രദേശം ഉപ്പുരസം നിറഞ്ഞതായിരുന്നു. സര്‍പ്പവിഷജ്വാല പ്രവഹിപ്പിച്ചാല്‍ ഉപ്പുരസം നീങ്ങി ഭൂമി വാസയോഗ്യമാകുമെന്ന് മനസ്സിലാക്കിയ പരശുരാമന്‍ നാഗരാജാവിനെ പ്രത്യക്ഷപ്പെടുത്താനായി മണ്ണാറശാലക്കാവിലാണ് തപസ്സ് ചെയ്തത്. നാഗരാജാവ് പ്രത്യക്ഷപ്പെട്ട് കാളകൂട വിഷജ്വാല പരത്തി ഭൂമിയിലെ ഉപ്പുരസം നീക്കി. ഇതേത്തുടര്‍ന്ന് പരശുരാമന്‍ നാഗരാജാവിനെയും ഉപദേവതകളെയും ഇവിടെ പ്രതിഷ്ഠിച്ചു.
തന്റെ ശിഷ്യരില്‍ പ്രധാനിയായിരുന്ന ബ്രാഹ്‌മണന് പൂജാധികാരം നല്‍കി പരശുരാമന്‍ മടങ്ങി. ബ്രാഹ്‌മണ കുടുംബത്തിലെ കാരണവര്‍ക്കായിരുന്നു ആദ്യകാലത്ത് പൂജാധികാരം. അന്നൊരിക്കല്‍ കാട്ടുതീയില്‍ അകപ്പെട്ട് പ്രാണഭയത്താല്‍ ഇഴഞ്ഞ നാഗങ്ങളെ ഇല്ലത്തെ ശ്രീദേവി അന്തര്‍ജ്ജനം രക്ഷിച്ച് പാലൂട്ടി അഭയം നല്‍കി. മക്കളില്ലാതെ വിഷമിച്ച വാസുദേവനും ഭാര്യ ശ്രീദേവിക്കും നാഗരാജാവിന്റെ അനുഗ്രഹമുണ്ടായി. അഞ്ച് ശിരസ്സുകളോട് കൂടിയ സര്‍പ്പ ശിശുവിനും ഒരു മനുഷ്യശിശുവിനും അന്തര്‍ജ്ജനം ജന്മം നല്‍കി. നാഗരാജാവാണ് സര്‍പ്പശിശുവായി പിറന്നതെന്നാണ് വിശ്വാസം.

മണ്ണാറശാല ഇല്ലത്ത് എത്തി അമ്മയ്‌ക്ക് ഉപഹാരം സമര്‍പ്പിക്കുന്നു
മനുഷ്യശിശു വളര്‍ന്ന് ഗൃഹസ്ഥാശ്രമിയായി. സര്‍പ്പശിശു ഇല്ലത്തും കാവിലും ഇഴഞ്ഞു നടന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ ഭയം കാരണം അമ്മയുടെ അനുവാദത്തോടെ സര്‍പ്പശിശു നിലവറയിലേക്ക് പോയി. മുത്തച്ഛനെന്ന് ഭക്തിപൂര്‍വ്വം വിളിക്കുന്ന സര്‍പ്പം നിലവറയില്‍ ചിരഞ്ജീവിയായി വാഴുന്നുവെന്നാണ് വിശ്വാസം. സര്‍പ്പശിശു നിലവറയിലേക്ക് പോകുന്നതിന് മുമ്പ് അമ്മ തന്നെ പൂജിക്കണമെന്നുള്ള നിര്‍ദ്ദേശവുമുണ്ടായി. അന്നുതൊട്ടാണ് മണ്ണാറശാലയില്‍ അമ്മ മുഖ്യപൂജാരിണിയായി സ്ഥനമേല്‍ക്കുന്നത്.
നാഗരാജാവ് വാഴുന്ന നിലവറയില്‍ വര്‍ഷത്തിലൊരിക്കലാണ് പൂജ. ശിവരാത്രിയുടെ അടുത്ത ദിവസമാണ് അമ്മ പൂജ നടത്തുന്നത്. പൂജാദികര്‍മങ്ങളുടെ സര്‍വ്വാധികാരി വലിയമ്മയാണ്. ആചാരങ്ങളില്‍ അധിഷ്ഠിതമായ പൂജകളുടെ അവസാന വാക്കും അമ്മ തന്നെ. പൂജയും എഴുന്നള്ളത്തുമെല്ലാം വലിയമ്മയുടെ അവകാശമാണ്. അതുകൊണ്ടുതന്നെ മണ്ണാറശാല ക്ഷേത്രം വ്യത്യസ്തവും വിസ്മയവുമാകുന്നു.
ഇല്ലത്തെ ഏറ്റവും മുതിര്‍ന്ന കാരണവരുടെ വേളിയാണ് വലിയമ്മ സ്ഥാനത്തെത്തുന്നത്. നാഗദൈവങ്ങളുടെ നിത്യോപാസകയാണ് അവര്‍. അമ്മയായി അവരോധിക്കപ്പെടുന്ന നാള്‍ മുതല്‍ ദേവതുല്യമായ ജീവിതമാണ് വലിയമ്മ നയിക്കുന്നത്. വലിയമ്മ തന്നെ നിര്‍ബന്ധമായും ശ്രീകോവിലില്‍ പൂജ നടത്തേണ്ട ദിവസങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എല്ലാ മലയാള മാസവും ഒന്നാം തീയതി, പൂയം നാള്‍, കുംഭമാസം ആരംഭം മുതല്‍ ശിവരാത്രിയുടെ തലേദിവസം വരെ. ചിങ്ങമാസത്തിലെ തിരുവോണം, കര്‍ക്കടകം ഒന്ന് മുതല്‍ 12 വരെ, കന്നി, തുലാം മാസങ്ങളില്‍ ആയില്യത്തിന് മുമ്പ് 12 ദിവസം. എല്ലാ മാസവും ആയില്യത്തിന് ഇല്ലത്തെ നിലവറയ്‌ക്ക് മുന്നില്‍ പ്രത്യേകമായി നടത്തുന്ന നൂറുംപാല്‍, ശിവരാത്രി ദിവസം ക്ഷേത്രത്തില്‍ സര്‍പ്പബലി, ശിവരാത്രിയുടെ അടുത്ത ദിവസം നിലവറയിലും അപ്പൂപ്പന്‍കാവിലും നൂറുംപാല്‍ എന്നിവ. ഈ പൂജകള്‍ നടത്താന്‍ വലിയമ്മയ്‌ക്ക് അസൗകര്യം നേരിട്ടാല്‍ ആരും നടത്തേണ്ടതില്ല.
വര്‍ഷത്തില്‍ മൂന്ന് ആയില്യം എഴുന്നള്ളത്താണ് നടക്കുന്നത്. തുലാം, കന്നി, കുംഭം മാസങ്ങളില്‍. തുലാത്തിലെ ആയില്യമാണ് പ്രധാനം. കന്നി, തുലാം മാസ ആയില്യങ്ങള്‍ക്ക് ചടങ്ങുകള്‍ സമാനമാണ്. എന്നാല്‍ കുംഭത്തിലെ ആയില്യത്തിന് നാഗരാജാവിനെയും സര്‍പ്പയക്ഷിയേയും മാത്രമാണ് എഴുന്നള്ളിക്കുന്നത്. നാഗരാജാവിനെയും സര്‍പ്പയക്ഷിയേയും നാഗയക്ഷിയേയും നാഗചാമുണ്ഡിയേയും മറ്റ് രണ്ട് ആയില്യത്തിനും എഴുന്നള്ളിക്കും എന്നതാണ് സവിശേഷത. നാഗരാജാവിനെ വലിയമ്മയും സര്‍പ്പയക്ഷിയമ്മയെ ഇളയമ്മയും നാഗയക്ഷി, നാഗചാമുണ്ഡി എന്നിവരെ കാരണവന്മാരും എഴുന്നള്ളിക്കുന്നു.
മണ്ണാറശാല ഇല്ലത്ത് ജനിച്ച് ദൂരെ ദിക്കുകളില്‍ പോയി വസിക്കുന്നവര്‍ക്ക് പൂയം, ആയില്യം ഉത്സവ ദിവസങ്ങള്‍ ആഘോഷത്തിന്റെയും നിര്‍വൃതിയുടെയും നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. വലിയമ്മയെ കണ്ട് സ്നേഹാന്വേഷണം കൈമാറി കുശലം പറയാനുള്ള അപൂര്‍വ്വ അവസരം. നാഗദൈവങ്ങളുടെ പൂജാരിണിയായ സാവിത്രി അന്തര്‍ജ്ജനം ബന്ധുക്കളുടെ ഇടയില്‍ വീട്ടുകാരിയാണ്. വീട്ടുവിശേഷങ്ങളും സാമൂഹ്യ വിഷയവുമെല്ലാം സംസാരത്തില്‍ നിറയും. വലിയമ്മ എല്ലാവരേയും പേരെടുത്ത് വിളിച്ചാണ് ക്ഷേമാന്വേഷണം നടത്തുന്നത്. ബന്ധുക്കള്‍ ഒത്തുകൂടുന്ന സന്ദര്‍ഭത്തില്‍ സംസാരവും അങ്ങനെ നീണ്ടുപോകും. ആ വലിയമ്മയുടെ 84-ാം പിറന്നാള്‍ ഭക്തര്‍ക്കൊപ്പം സമുചിതമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.
ഭര്‍ത്താവ് എം.വി. സുബ്രഹ്‌മണ്യന്‍ നമ്പൂതിരി 2016ല്‍ അന്തരിച്ചു. എട്ടു മക്കളാണുള്ളത്.
ശതാഭിഷേക ആഘോഷം
ആഗസ്ത് 5, 6 തീയതികളിലാണ് ആഘോഷം. താന്ത്രിക വേദ പണ്ഡിതന്മാരുടെ മുഖ്യകാര്‍മികത്വത്തിലാണ് ശതാഭിഷേക ചടങ്ങുകള്‍. ക്ഷേത്രത്തില്‍ പ്രത്യേക പൂജയും ഉണ്ടാവും. 5ന് വൈകിട്ട് 4.30ന് മൂവാറ്റുപുഴ ആര്‍ദ്രം തിരുവാതിര കളി സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളിയോടെ കലാപരിപാടികള്‍ക്ക് തുടക്കമാകും. 6 മണി മുതല്‍ സന്താനഗോപാലം കഥകളി. തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളി യോഗത്തിന്റേതാണ് ചമയങ്ങള്‍. 6ന് രാവിലെ 9.30 മുതല്‍ പ്രണവം ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി നടക്കും. 10.30 മുതല്‍ പിറന്നാള്‍ സദ്യ.
ശതാഭിഷേകത്തിന് മണ്ണാറശാല ഒരുങ്ങിക്കഴിഞ്ഞു. കലാപരിപാടികള്‍ക്കായി വിശാലമായ പന്തല്‍ സജ്ജീകരിച്ചിട്ടുണ്ട്. ക്ഷേത്രവളപ്പിലും ഇല്ലത്തിന് വടക്കുഭാഗത്തുള്ള ഭക്ഷണശാലയിലും സദ്യയ്‌ക്കുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു. ഭക്തജനങ്ങള്‍ക്ക് സുഗമമായി ക്ഷേത്രദര്‍ശനം നടത്തി അമ്മയെ കാണാനുള്ള സൗകര്യവും രണ്ട് ദിവസങ്ങളിലും ഉണ്ടാകും. ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.
















