രാജാക്കാട്: ശാന്തന്‍പാറ പേത്തൊട്ടിയിലെ സിഎച്ച്ആറില്‍പ്പെട്ട ഏലമലക്കാടുകളില്‍ നിന്നും മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് ട്രൈബ്യൂണലിന്റെ ഇടപെടല്‍. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ട്രൈബൂണല്‍ സ്വമേധയ കേസെടുത്തത്.
പിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഉള്‍പ്പെടെ അഞ്ച് കക്ഷികള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ നോട്ടീസയച്ചു.
വനംവകുപ്പിന്റെ അനുമതിയില്ലാതെ നടന്ന മരംമുറി വനം സംരക്ഷണ നിയമത്തിനും പരിസ്ഥിതി സംരക്ഷണ നിയമത്തിനും എതിരാണെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കുന്നു. കേസിന്റെ തുടര്‍ നടപടികള്‍ ട്രൈബ്യൂണലിന്റെ സൗത്ത് സോണ്‍ ബഞ്ചില്‍ നടക്കുമെന്നും പ്രിന്‍സിപ്പല്‍ ബഞ്ച് വ്യക്തമാക്കി. പേത്തൊട്ടിയിലെ 40 ഏക്കര്‍ സിഎച്ച്ആര്‍ ഭൂമിയിലെ മരങ്ങള്‍ മുറിച്ചത് വിവാദമായിരുന്നു. അടിമാലി സ്വദേശി ഏലം കൃഷിക്കായി പാട്ടത്തിനെടുത്ത ഭൂമിയാണിത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് മരങ്ങള്‍ മുറിച്ചതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബഞ്ചിലെ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, അംഗങ്ങളായ ഡോ. എ. സെന്തില്‍വേല്‍, ഡോ. അഫ്രോസ് അഹമ്മദ് എന്നിവരടങ്ങുന്ന ബഞ്ചാണ് സ്വമേധയ കേസെടുത്തത്. ഈ കേസില്‍ സംസ്ഥാന വനംവകുപ്പിലെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, ഇടുക്കി ജില്ലാ കളക്ടര്‍, സംസ്ഥാന മലിനീകരണ ബോര്‍ഡ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, കേന്ദ്ര മലിനീകരണ ബോര്‍ഡ് തുടങ്ങിയവയ്‌ക്കും ദേശീയ ഹരിത ട്രൈബൂണല്‍ നോട്ടീസ് അയച്ചു.
സപ്തംബര്‍ 24ന് ഈ കേസ് ട്രൈബ്യൂണലിന്റെ സൗത്ത് സോണ്‍ ബഞ്ച് പരിഗണിക്കും. അതിനൊരാഴ്ച മുന്‍പ് സൗത്ത് സോണ്‍ ബഞ്ചിനു മുന്‍പാകെ നോട്ടീസിനുള്ള മറുപടി ഫയല്‍ ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.















