രാമാവതാരങ്ങളും രാമകഥാവിഷ്‌കാരങ്ങളും എണ്ണിത്തീര്‍ക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന ഒരു ഉപകഥ രാമായണത്തില്‍ തന്നെയുണ്ട്. ഒരിക്കല്‍ അയോദ്ധ്യയിലെ രാജധാനിയില്‍ സിംഹാസനത്തിലിരിക്കുകയായിരുന്ന രാമന്റെ കൈയില്‍ നിന്നും മോതിരം താഴേക്ക് ഊര്‍ന്നു വീണു. മോതിരം ഭൂമിയില്‍ പതിച്ചതോടെ അവിടെ ഒരു ദ്വാരം രൂപപ്പെടുകയും മോതിരം അതുവഴി താഴേക്ക് പോയി മറയുകയും ചെയ്തു. അടുത്ത് നിന്നിരുന്ന ഹനുമാനോട് രാമന്‍ അത് കണ്ടെത്താന്‍ പറയുന്നു. ശരീരം ചെറുതാക്കാനും വലുതാക്കാനും സിദ്ധിയുള്ള ഹനുമാന്‍ തന്റെ ശരീരം തീരെ ചെറുതാക്കി ആ ദ്വാരത്തിലൂടെ താഴേക്കിറങ്ങി. മോതിരം തേടി ഏറെ ദൂരം താണ്ടിയ ഹനുമാന്‍ എത്തിച്ചേര്‍ന്നത് പാതാളലോകത്തിലാണ്. അവിടുത്തെ ഭടന്മാര്‍ ഈ വാനരനെ പിടിച്ച് പാതാളരാജാവിന്റെ മുന്നില്‍ ഹാജരാക്കി.
താന്‍ രാമഭക്തനായ ഹനുമാനാണെന്നും അദ്ദേഹത്തിന്റെ മോതിരം താഴേക്ക് ഊര്‍ന്നുവീണ് പാതാളത്തിലെത്തിയിട്ടുണ്ടെന്നും അത് കൊണ്ടുപോകാനാണ് വന്നതെന്നും ഹനുമാന്‍ അറിയിച്ചു. അപ്പോള്‍ പാതാള രാജാവ് ഒരു വലിയ തളികയെടുത്ത് ഹനുമാന്റെ മുന്നില്‍ വച്ചു. അതില്‍ നിറയെ മോതിരങ്ങളായിരുന്നു. ഇതില്‍ ഏതാണ് നിന്റെ രാമന്റെ മോതിരമെന്ന് കണ്ടെത്താന്‍ പറഞ്ഞു.
എന്നാല്‍ ഹനുമാന്‍ നോക്കിയപ്പോള്‍ തളികയിലെ മോതിരങ്ങളെല്ലാം ഒരുപോലെയായിരുന്നു. ആയിരക്കണക്കിന് രാമാംഗുലീയങ്ങള്‍! എന്തുചെയ്യണമെന്നറിയാതെ ഹനുമാന്‍ കുഴങ്ങി. അപ്പോള്‍ പാതാളരാജാവ് പറഞ്ഞു: ‘എല്ലാം രാമന്റെ മോതിരങ്ങള്‍ തന്നെ. വിവിധ കാലങ്ങളിലെ വിവിധ രാമന്മാര്‍ ധരിച്ച മോതിരങ്ങള്‍. ഓരോ തവണയും അവതാരദൗത്യം പൂര്‍ത്തിയാക്കി രാമന്‍ ഭൂമിയില്‍ നിന്ന് നിഷ്‌ക്രമിക്കുമ്പോള്‍ മോതിരം വിരലില്‍ നിന്ന് ഊര്‍ന്നുവീഴുകയും അത് പാതാളത്തിലെത്തിച്ചേരുകയും ചെയ്യും. ആ മോതിരങ്ങളാണിവ. നീ തിരിച്ച് ഭൂമിയിലെത്തുമ്പോഴേക്കും രാമന്‍ തന്റെ ശരീരം ഉപേക്ഷിച്ചുകഴിഞ്ഞിട്ടുണ്ടാകും.’ ഹനുമാന്‍ ഭൂമിയില്‍ തിരിച്ചെത്തിയ പ്പോഴേക്കും രാമന്‍ അദ്ദേഹത്തിന്റെ അവതാരദൗത്യം പൂര്‍ത്തിയാക്കി മഹാവിഷ്ണുവില്‍ വിലയം പ്രാപിച്ചുകഴിഞ്ഞിരുന്നു.
മാപ്പിള രാമായണം
നാടായ നാട്ടിലെല്ലാം രാമായണത്തിന് പുതിയ ആവിഷ്‌കാരങ്ങളുണ്ടായപ്പോള്‍ കേരളത്തിലുമുണ്ടായി പുതിയൊരു രാമായണം. കേരളത്തിലെ മുസ്‌ളീം ജനതയുടെ സാഹിത്യരൂപമായ മാപ്പിളപ്പാട്ട് രീതിയിലുള്ള മാപ്പിളരാമായണം. വാമൊഴിയായി പ്രചരിച്ചിരുന്ന അജ്ഞാതകര്‍തൃകമായ മാപ്പിളരാമായണം ശേഖരിച്ചത് വടകരയിലെ ടി.എച്ച്. കുഞ്ഞിരാമന്‍ നമ്പ്യാരാണ്. 1976-ല്‍ ഈ കൃതി ജനശ്രദ്ധയില്‍ കൊണ്ടുവന്നതാകട്ടെ സാഹിത്യകാരനായ ഡോ. എം.എന്‍. കാരശ്ശേരിയും.
ശൂര്‍പ്പണഖാ തിരുപ്പുറപ്പാട്, ഹനുമാന്‍ ലങ്കയില്‍, സംഭാഷണം എന്നീ തലക്കെട്ടുകളിലായാണ് കുഞ്ഞിരാമന്‍ നമ്പ്യാര്‍ മാപ്പിളരാമായണം ശേഖരിച്ചത്. കേരളത്തിലെ മുസ്‌ളീം ജീവിതവുമായി രാമായണകഥാപാത്രങ്ങളെ ഇതില്‍ ബന്ധിപ്പിക്കുന്നത് രസകരമാണ്. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതിലൂടെ മാപ്പിളരാമായമത്തിന് വിദേശത്തും പ്രശസ്തി ലഭിച്ചു. ഡോ. കാരശ്ശേരിയുടെ സഹായത്തോടെ ജോണ്‍ റിച്ചാഡ്‌സണ്‍ ഫ്രീമാന്‍ എന്ന ഇംഗ്‌ളീഷുകാരനാണ് പരിഭാഷ നിര്‍വ്വഹിച്ചത്.
(അവസാനിച്ചു).
















